സിനിമയെ ഉഴുതുമറിച്ച മഹാപ്രതിഭ ഗൊദാർദിന് െെലഫ് െെടം അച്ചീവ്മെന്റ് അവാർഡ് നൽകി കേരളം
ആദരിക്കുന്നു. നവതി പിന്നിട്ട ഗൊദാർദിന് വേണ്ടി അടൂർ ഗോപാലകൃഷ്ണൻ അവാർഡ് സ്വീകരിക്കും
ലോക സിനിമയിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന വിസ്മയ പ്രതിഭയാണ് ജീൻ ലുക് ഗൊദാർദ്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒഫ് കേരളയിൽ( ഐ.എഫ്.എഫ്.കെ ) ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുന്നതിലൂടെ ചലച്ചിത്രോത്സവം കൂടി ആദരിക്കപ്പെടുകയാണ്. ഫ്രഞ്ച് നവതരംഗ (ന്യൂ വേവ് ) ചിത്രങ്ങളുടെ അമരക്കാരിൽ പ്രധാനിയായി നിലകൊള്ളുന്ന പ്രതിഭയാണ് ഗൊദാർദ് . രാഷ്ട്രിയവും പ്രത്യയശാസ്ത്രവും കൈകാര്യം ചെയ്ത സിനിമകളിലൂടെ തന്റെ നിലപാടുകൾ വിളിച്ചു പറഞ്ഞ കലാകാരൻ. സംവിധായകനായും തിരക്കഥകൃത്തായും അഭനേതാവായും സിനിമ നിരൂപനാകനായും എഡിറ്ററായും വേഷപ്പകർച്ച നടത്തി. നവ തരംഗ സിനിമകളുടെ ആചാര്യനായി ലോക സിനിമ വാഴ്ത്തപ്പെടുന്ന പ്രതിഭ.
1930 ഡിസംബർ മൂന്നിന് പാരിസിൽ ജനിച്ച ഗൊദാർദ് തിരക്കഥാരചനയിലൂടെ ലോക സിനിമയലേക്ക് വരവറിയിച്ചു. ലൈംഗികതയും കുറ്റകൃത്യവും മുഖ്യ വിഷയമാക്കി ആദ്യ സിനിമകൾ ഒരുക്കി. 'ബ്രെത്ത്ലസ് " ആദ്യ ചിത്രവും 'എ വുമൺ ഈസ് എ വുമൺ" വർണ്ണചിത്രവുമാണ്. തന്റെ ഇടത് രാഷ്ട്രീയം സിനിമകളിലൂടെ പ്രതിഫലിപ്പിച്ചു. ടൂ ഓർ ത്രീ തിംഗ്സ് ഐ നോ എബൗട്ട് ഹെർ ,കിംഗ് ലിയർ , ഹിസ്റ്ററി ഓഫ് സിനിമ ,മൈ ലൈഫ് ടൂലൈഫ് ,ബാൻഡ് ഓഫ് ഔട്സൈഡേഴ്സ് ,ഗുഡ് ബൈ റ്റു ലാംഗ്വേജ് തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങൾ. ഫ്രഞ്ച് വിദ്യാർത്ഥി കലാപത്തിനുശേഷം ഗൊദാർദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തലേക്കു മാറി.
''രാഷ്ട്രീയ സിനിമകൾ എടുക്കുകയല്ല രാഷ്ട്രീയമായി സിനികൾ നിർമ്മിക്കുകയാണ് വേണ്ടത് "" എന്ന് ഒരിക്കൽ ഗൊദാർദ് പറഞ്ഞതാണ്. സിനിമയിൽ ശബ്ദത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് ഗൊദാർദിന്റെ സിനിമകളിലൂടെ പ്രേക്ഷകന് മനസിലാക്കികൊടുത്തു. ''നിങ്ങൾ എല്ലായിടത്തും കാണുന്ന കാര്യങ്ങൾ അതേപോലെ കാണിക്കുന്നതല്ല മറിച്ച് ദിവസവും നിങ്ങൾ കാണാതെ പോകുന്ന കാര്യങ്ങളെ പ്രേക്ഷകനു കാണിച്ചുകൊടുക്കുന്നതായിരിക്കണം സിനിമ""യെന്ന് ഒരിക്കൽ ഗൊദാർദ് അഭിപ്രായപ്പെട്ടിരുന്നു. 2018 ൽ ദ ഇമേജ് ബുക്ക് ഏറ്റവുമൊടുവിൽ എത്തിയ സിനിമ.
ലോക സിനിമയുടെപാഠപുസ് തകം
ജീൻ ലുക് ഗൊദാർദിന് ഐ എഫ് എഫ് കെ ഒരു അവാർഡ് നൽകുക എന്നാൽ നമ്മുടെ ഫെസ്റ്റിവൽ ബഹുമാനിക്കപ്പെടുന്നതിന് തുല്യമാണ്. ഗൊദാർദിനെ പോലെ ഇത്രയധികം ഐതിഹാസിക മാനങ്ങളുള്ള ഒരു ചലച്ചിത്രകാരന് അവാർഡ് കൊടുക്കാൻ സാധിക്കുന്നത് വലിയ കാര്യമാണ്. ഇപ്പോഴും ചലച്ചിത്ര സപര്യ തുടന്നുകൊണ്ടിരിക്കുന്ന പ്രതിഭയാണ് അദ്ദേഹം. ചെറുപ്പത്തിലെന്ന പോലെ സിനിമയിൽ വ്യത്യസ്തമായ ആവിഷ്കാരങ്ങൾ ഇന്നും കാണിക്കുന്ന കലാകാരൻ. പലപ്പോഴും മുഖ്യധാരയിൽ സഹിക്കാൻ കഴിയാത്ത രീതിയിലുള്ള പരീക്ഷണങ്ങളും അദ്ദേഹം ചെയ്യതിട്ടുണ്ട്.
തുടക്കത്തിൽ ഫ്രഞ്ച് നവതരംഗത്തിന്റെ ആളായി വന്നു. ഫ്രഞ്ച് നവതരംഗത്തിന്റെ ശക്തി തന്നെ ഗൊദാർദ് ആയിരുന്നു എന്ന് പറയാം. ന്യൂ റിയലിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സത്യജിത് റേ ഒരിക്കൽ പറഞ്ഞിട്ടുണ്ട് അദ്ദേഹം പിന്നീട് ചെയ്ത സിനിമകളിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ ഗൊദാർദ് സ്വാധിനിച്ചിട്ടുണ്ടെന്ന്.
സിനിമ സമാന്തരമായി പറഞ്ഞു പോവാതെ ജംബ് കട്ടുകളും ഫ്രീ ഷോട്ടുകളുമെല്ലാം ഉപയോഗിക്കാൻ അദ്ദേഹത്തെ സഹായിച്ചത് ഗൊദാർദിന്റെ സിനിമകളാണെന്നും സത്യജിത് റേ പറഞ്ഞിട്ടുണ്ട്. ലോകത്തിലെ മുഴുവൻ ചലച്ചിത്രകാരന്മാർക്കുള്ള ഒരു പാഠപുസ്തകമാണ് ഗൊദാർദ്. ത്രിഡിയിലും അദ്ദേഹം പരീക്ഷണം നടത്തിയിട്ടുണ്ട് .സിനിമയെ എളുപ്പത്തിൽ തനിക്ക് കൈകാര്യം ചെയ്യുന്ന ഫോർമാറ്റിലേക്ക് മാറ്റിയെടുക്കുകയാണ് അദ്ദേഹം ചെയ്തത്. ലോക സിനിമയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭ.
ലോകത്തിലെ മിക്ക ചലച്ചിത്ര മേളകളിൽ നിന്നും അദ്ദേഹത്തിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കാൻ ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് ലഭിച്ചത് അവരുടെ പരമോന്നത ബഹുമതി യായിരുന്നു. എല്ലാം കൊണ്ട് ഐ എഫ് എഫ് കെ യിൽ ലൈഫ് ടൈം അച്ചീവ്മെന്റ് ഗൊദാർദിന് കൊടുക്കാനുള്ള തീരുമാനം ഉചിതമായി.
25 ാമത് IFFK : ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 30 മുതൽ
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെയുടെ ഓൺലൈൻ രജിസ്ട്രേഷൻ 2021 ജനുവരി 30ന് ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ ഫെബ്രുവരി 17 മുതൽ 21 വരെയും തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള നടക്കുന്നത്.