പാട്‌ന: അഭിപ്രായഭിന്നത കാരണം സഹികെട്ട മരുമകൾ അമ്മായിയമ്മയെ കുത്തി കൊലപ്പെടുത്തി. ബിഹാറിലെ പർസ ബസാർ ഗ്രാമത്തിലാണ് സംഭവം. 55 വയസുകാരിയായ ധർമ്മശിലാ ദേവിയാണ് മരുമകൾ ലളിതാദേവിയുടെ കുത്തേറ്റ് മരിച്ചത്. തലയിൽ നിരവധി കുത്തേറ്റ നിലയിലായിരുന്നു ധർമ്മശിലാ ദേവിയുടെ മൃതദേഹം. ഒപ്പം ഇവരുടെ ഒരു കണ്ണും ലളിതാ ദേവി ചൂഴ്‌ന്നെടുത്തു. സംഭവത്തിന് ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച ലളിതാദേവിയെ 40 ശതമാനം പൊളളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ധർമ്മശിലാദേവിയുടെ മകന്റെ ഭാര്യയാണ് ലളിത. ഇവർക്ക് കുട്ടികളില്ലാത്തതിന് നിരന്തരം ധർമ്മശിലാ ദേവി ലളിതാ ദേവിയെ അധിക്ഷേപിച്ചിരുന്നു. മകനും ഭർത്താവും വീട്ടിൽ ഇല്ലാത്ത സമയത്ത് കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി. പട്‌ന മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ലളിതയെ രക്ഷിച്ചത് നാട്ടുകാരായിരുന്നു. തുടർന്ന് പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചു. രക്തത്തിൽ കുളിച്ചുകിടന്ന ധർമ്മശിലാ ദേവിയെയും തീപൊളളലേറ്റ ലളിതാദേവിയെയും പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ലളിതാദേവിയെ നിരന്തരം ധർമ്മശിലാ ദേവി വഴക്കുപറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. ചികിത്സയിൽ കഴിയുന്ന ലളിതാദേവിക്കെതിരെ ധർമ്മശിലാദേവിയുടെ ഭർത്താവ് രാംകുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.