വാഷിംഗ്ടൺ: അമേരിക്കയിൽ ടെറർ അലർട്ട് പ്രഖ്യാപിച്ചു. ആഭ്യന്തര കലാപത്തിന് സാദ്ധ്യത മുന്നിൽകണ്ടാണ് ടെറർ അലർട്ട് പ്രഖ്യാപിച്ചതെന്ന് യു.എസ്.ഡിപ്പാർട്ട്മെന്റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റി 27ന് പുറത്തിറക്കിയ വാർത്താ ബുള്ളറ്റിനിലൂടെ അറിയിച്ചു. ജോ ബൈഡൻ പ്രസിഡന്റായതിനെ എതിർത്ത് ഗവൺമെന്റ് വിരുദ്ധ ശക്തികളിൽ നിന്ന് ഭീഷണിയുയർന്നിട്ടുണ്ടെന്നും 20 മുതൽ ഈ സാഹചര്യം രാജ്യത്തുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു.
അതേസമയം, കലാപത്തിന് ആരെങ്കിലും ശ്രമിച്ചതായി വ്യക്തമായ തെളിവുകൾ ഒന്നും ചൂണ്ടിക്കാണിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി അക്രമാസക്തമായ ലഹളകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർദ്ധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്നും ഡി.എച്ച്.എസ്. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150ൽ പരം ഭീകരസംഘടനയിൽപ്പെട്ടവരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ് പടരാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചപ്പോഴും അതിനെതിരെ ഭീകര സംഘത്തിൽപ്പെട്ടവർ പ്രതിഷേധവുമായി രംഗത്തെത്തിയതും അഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ബുള്ളറ്റിനിലുണ്ട്.
സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ ഉടനെ ബന്ധപ്പെട്ടവരെയോ പൊലീസിനെയോ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് ഡി.എച്ച്.എസ് അഭ്യർത്ഥിച്ചിട്ടുണ്ട്.