bedroom

കോട്ടയം: പതിനഞ്ചുകാരിയുടെ വീട്ടിൽ ഒളിച്ച് താമസിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവന്ന 21 കാരൻ അറസ്റ്റിൽ. പാലാ പൂവരണി സ്വദേശി അഖിൽ റെജിയാണ് പാലാ പൊലീസിന്റെ പിടിയിലായത്. നാലു ദിവസം മുമ്പ് അഖിലിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പാലാ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാൾ എലിക്കുളം ഭാഗത്ത് രഹസ്യമായി താമസിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി സാജു വർഗീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് പാലാ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഇയാളെ പൊക്കുകയായിരുന്നു.

പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നുവത്രേ. വീട്ടുകാർക്കും അഖിലിനെകൊണ്ട് വിവാഹം കഴിപ്പിച്ച് അയയ്ക്കുവാൻ താത്പര്യമായിരുന്നു. പകൽ സമയത്ത് അഖിൽ പെൺകുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചിരിക്കും. കഴിഞ്ഞ കുറേദിവസങ്ങളായി മാതാപിതാക്കളോട് സംസാരിച്ചശേഷം റോഡിലിറങ്ങുന്ന യുവാവ് സന്ധ്യകഴിയുമ്പോൾ പെൺകുട്ടിയുടെ മുറിയിൽ കയറി ഒളിക്കും. ഇതായിരുന്നു പതിവ്.

പൊലീസിനെ കണ്ട അഖിൽ പെൺകുട്ടിയുടെ കട്ടിലിനടിയിൽ കയറി ഒളിച്ചെങ്കിലും പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലെത്തിച്ച് മെഡിക്കൽ ടെസ്റ്റ് നടത്തി. പെൺകുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടർ വ്യക്തമാക്കി.

പെൺകുട്ടിയുമായി വിവാഹം കഴിപ്പിക്കാൻ ഉറപ്പിച്ചിരിക്കയാണെന്നും അതിനാൽ കേസ് വേണ്ടെന്നും പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ കേസ് എടുക്കാതിരിക്കാൻ പൊലീസിന് കഴിയുമായിരുന്നില്ല. പോക്‌സോ വകുപ്പുപ്രകാരം കേസ് എടുത്തശേഷം ഇന്ന് അഖിലിനെ പൊൻകുന്നം കോടതിയിൽ ഹാജരാക്കും. കേസ് പൊൻകുന്നം പൊലീസിന് കൈമാറിയിട്ടുണ്ട്.