വാഷിംഗ്ടൺ: ലോകപ്രശസ്ത ഹോളിവുഡ് നടിയും ഓസ്കർ പുരസ്കാര ജേതാവുമായ ക്ലോറിസ് ലീച്ച്മാൻ (94) അന്തരിച്ചു. കാലിഫോർണിയയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായി അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ലീച്ച്മാൻ.
നാടകമായിരുന്നു ആദ്യ കാലത്ത് ലീച്ച്മാന്റെ തട്ടകം. 1946 ൽ മിസ് അമേരിക്ക സൗന്ദര്യമത്സരത്തിലും പങ്കെടുത്തിരുന്നു. ഏഴ് പതിറ്റാണ്ടിലധികമായി ഹോളിവുഡിലെ നിറസാന്നിദ്ധ്യമായിരുന്ന ലീച്ച്മാൻ 1947ൽ പുറത്തിറങ്ങിയ കാനജി ഹാൾ എന്ന ചിത്രത്തിലെ ചെറിയ കഥാപാത്രത്തിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്.
പിന്നീട്, ഏകദേശം ആറ് വർഷത്തിന് ശേഷമാണ് ലീച്ച്മാന് രണ്ടാമത്തെ സിനിമ ലഭിക്കുന്നത്. ഈ സമയം കൊണ്ട് ലീച്ച്മാൻ ടെലിവിഷൻ രംഗത്ത് പേരെടുത്തിരുന്നു. രണ്ടാമത്തെ ചിത്രമായ കിസ് മി ഡെഡ്ലിയിലൂടെ ലീച്ച്മാൻ ഹോളിവുഡിൽ ശ്രദ്ധേയായി. സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങിയ ലീച്ച്മാന് ദ ലാസ്റ്റ് പിക്ചർഷോയിലെ (1971) അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഓസ്കർ പുരസ്കാരവും ബാഫ്ത പുരസ്കാരവും ലഭിച്ചു. എട്ട് പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും ലീച്ച്മാൻ സ്വന്തമാക്കി.
സ്കൈ ഹൈ, ദ ലാസ്റ്റ് പിക്ചർ ഷോ, എ ട്രോൾ ഇൻ സെൻട്രൽ പാർക്ക്, നൗ ആൻഡ് ദെൻ, യെസ്റ്റർഡേ, സ്പാഗ്ലിഷ്, എക്സ്പെക്ടിംഗ് മേരി, യു എഗൈൻ, ദ വിമൺ, മ്യൂസിക് ഒഫ് ദ ഹാർട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഇനിയും പുറത്തിറങ്ങാനുള്ള ഹൈ ഹോളിഡേയാണ് അവസാന ചിത്രം.
1953ൽ ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോർജ് എംഗ്ലണ്ടിനെ വിവാഹം ചെയ്തെങ്കിലും ഇവർ പിന്നീട് പിരിഞ്ഞു. ഈ ബന്ധത്തിൽ അഞ്ചുമക്കളുണ്ട്.
.