ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണൻ തനിക്ക് പ്രിയപ്പെട്ട10 പ്രണയഗാനങ്ങൾ ഫ്ളാഷ് മൂവീസ് വായനക്കാർക്ക് വേണ്ടി തിരഞ്ഞെടുക്കുന്നു....
1 ഗാത്താ രഹേ മേരാ ദിൽ
ഗൈഡ് (1965)
ഒരു കാലഘട്ടത്തിൽ ബോളിവുഡിലെ ഏറ്റവും വലിയ റൊമാന്റിക് ഹീറോയായിരുന്നു ദേവാനന്ദ്. ആ കാലഘട്ടത്തിലെ ഏറ്റവും സൗന്ദര്യവതിയായിട്ടുള്ള അഭിനേത്രി വഹീദാ റഹ്മാനായിരുന്നു. ആർ.കെ. നാരായണന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയെടുത്ത ഗൈഡ് സൂപ്പർ ഹിറ്റായതിന്റെ കാരണങ്ങളിലൊന്ന് ദേവാനന്ദിന്റെയും വഹീദാ റഹ്മാന്റെയും ജോടിപ്പൊരുത്തം തന്നെയാണ്. മനോഹരമായി ചിത്രീകരിച്ച ഗാനമാണ് ഗാതാ രഹേ മേരാ ദിൽ. കിഷോർ കുമാറും ലതാ മങ്കേഷ്കറും അതിമനോഹരമായി ആലപിച്ച ആ ഗാനത്തിന് എസ്.ഡി. ബർമ്മനാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. അദ്ദേഹത്തിന്റെ മകനും പിൽക്കാലത്ത് ഹിന്ദി സിനിമാ സംഗീത രംഗത്തെ മുടിചൂടാമന്നനുമായി മാറിയ ആർ.ഡി. ബർമ്മനാണ് ആ പാട്ടിന്റെ ഒാർക്കസ്ട്രേഷൻ ചെയ്തത്.
കിഷോർ കുമാറിന്റെയും ലതാമങ്കേഷ്കറിന്റെയും പ്രണയാർദ്ര സ്വരങ്ങളിലെ ഉൗർജ്ജ പ്രവാഹമായിരുന്ന ഗാത്താ രഹേ മേരാ ദിൽ.. എന്ന പാട്ട് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.
2 കഭീ... കഭീ... മേരേ ദിൽ മേ
കഭി കഭീ (1976)
കഭീ കഭീ എന്ന സിനിമയിലെ കഭീ കഭീ മേരേ ദിൽ മേ എന്ന പാട്ടിന് രണ്ടോ മൂന്നോ വേർഷനുണ്ട്. മുകേഷ് മാത്രം പാടിയ വേർഷനുണ്ട്. അമിതാഭ് ബച്ചന് വേണ്ടി മുകേഷ് പാടിയ ആ ഗാനം മനോഹരമായ ഒരു പ്രകൃതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബച്ചന്റെ കാമുകിയായിരുന്ന രാഖി ശശികപൂറിനെ കല്യാണം കഴിച്ച ശേഷം വിവാഹരാത്രിയിൽ പാടുന്ന ലതാ മങ്കേഷ്കർ വേർഷന് ഒരു വിഷാദഛായയുണ്ട്. മഹാഗായകനായ മുകേഷ് പാടിയ പാട്ടിൽ പ്രണയത്തിന്റെ തീവ്രതയുണ്ട്. മുകേഷ് ദീർഘ പ്രണയത്തിനൊടുവിലാണ് സർളയെ വിവാഹം കഴിച്ചത്. പൊതുവേ മുകേഷ് വിരഹ ഗാനങ്ങളാണ് പാടിയിട്ടുള്ളത്. അദ്ദേഹം ഏത് പാട്ട് പാടിയാലും അതിലൊരു ശോകഛായയുണ്ടാകും. പക്ഷേ കഭി കഭി എന്ന പാട്ടിൽ അതൊട്ടുമില്ല. പ്രണയം... പ്രണയം മാത്രം. ആകാശത്തിലെ നക്ഷത്രങ്ങൾക്കിടയിൽ നിന്ന് നിന്നെ ഭൂമിയിലേക്ക് കൊണ്ടുവന്നത് എനിക്ക് വേണ്ടിയാണെന്ന് അർത്ഥംവരുന്ന അതിമനോഹരമായ വരികളുണ്ട് ആ ഗാനത്തിൽ. സാഹീർലുദിയാൻവി എഴുതിയ വരികൾക്ക് ഖയ്യാമാണ് സംഗീതം നൽകിയത്.
3 ചൗദ് വീൻ കാ ചാന്ദ് ഹോ
ചൗദ് വീൻ കാ ചാന്ദ് (1960)
രവി (ബോംബെ രവി) ഇൗണമിട്ട ചൗദ് വീൻ കാ ചാന്ദ് ഹോ എന്ന ഗാനമാലപിച്ചത് മുഹമ്മദ് റാഫിയാണ്.
ഗുരുദത്തും വഹീദാ റഹ്മാനുമാണ് അതിമനോഹരമായ ഇൗ പ്രണയഗാനത്തിൽ അഭിനയിച്ചത്. അക്കാലത്തെ നായികമാരിൽ സൗന്ദര്യത്തിന്റെ മൂർത്തീകരണം വഹീദാ റഹ്മാനായിരുന്നു. വഹീദാ റഹ്മാന്റെ സൗന്ദര്യം ഏറ്റവുമധികം പ്രതിഫലിച്ച ഗാനരംഗങ്ങളിലൊന്നാണ് ചൗദ് വീൻ കാ ചാന്ദ്. രാത്രിയിൽ ജനലഴികളിലൂടെ അരിച്ചിറങ്ങി വരുന്ന നിലാവിന്റെ വെളിച്ചത്തിലാണ് ആ പാട്ടിൽ വഹീദാ റഹ്മാനെ ആദ്യം കാണിക്കുന്നത്.
സത്യജിത് റേയ്ക്ക് ഏറെ ഇഷ്ടമുള്ള നായികയായിരുന്നു വഹീദാ റഹ്മാൻ. ഒരേയൊരു ഹിന്ദി നടിയെ മാത്രമേ സത്യജിത് റേ തന്റെ സിനിമയിൽ നായികയാക്കിയിട്ടുള്ളൂ. അത് വഹീദാ റഹ്മാനാണ്. അദ്ദേഹത്തിന്റെ അഭിജാൻ എന്ന സിനിമയിലാണ് വഹീദാ റഹ്മാൻ നായികയായത്.
4 അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളം
റോസി (1965)
സൗമ്യമധുരമായൊരു ഗാനമാണ് റോസിക്ക് വേണ്ടി പി. ഭാസ്കരൻ മാഷ് എഴുതി ജോബ് ഇൗണമിട്ട് യേശുദാസ് പാടിയ അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളം. എപ്പോൾ കേൾക്കുമ്പോഴും മനസിൽ ഒരുപാട് അനുരണനങ്ങൾ സൃഷ്ടിക്കുന്ന ഒരു ഗാനം. എത്ര ലാളിത്യമുള്ള വരികളാണ്.ഇതിലും ലളിതമായി ഒരു പാട്ടെഴുതാൻ പറ്റുമോയെന്ന് തോന്നിപ്പിക്കുന്നത്ര ലളിത സുന്ദരമായ വരികൾ. 'ഇൗ മുഗ്ധവധുവിന്റെ കാമുകനാരെന്ന് ഭൂമിയും മാനവും നോക്കിനിന്നു " എന്ന പാട്ടിൽ മുഗ്ധവധുവെന്ന ഗഹനമായ പദപ്രയോഗം നടത്തിയ ഭാസ്കരൻ മാഷ് തന്നെയാണോ ഇൗ ലളിതമായ വരികളുമെഴുതിയതെന്ന് നാം അതിശയിച്ച് പോകും. കടുകട്ടി പദങ്ങളെഴുതുന്ന ഭാസ്കരൻ മാഷ് കൊച്ചുകൊച്ച് വാക്കുകളുമെഴുതും. അനുരാഗ കരിക്കിൻ വെള്ളം, തണ്ടൊടിഞ്ഞ താമര തുടങ്ങിയ എത്രയെത്ര ഇമേജറികളാണ് ആ പാട്ടിൽ ഭാസ്കരൻ മാഷ് വരച്ചിടുന്നത്. അനുരാഗകരിക്കിൻ വെള്ളമെന്ന പ്രയോഗം തന്നെ ഭാസ്ക്കരൻ മാഷിന്റെ സൃഷ്ടിയാണ് . ആ പേരിൽ പിന്നീട് ഒരു സിനിമ വരെ വന്നു. ലൗഡ് സ്പീക്കർ എന്ന തന്റെ സിനിമയിൽ ജയരാജ് അല്ലിയാമ്പൽക്കടവിൽ എന്ന ഗാനം പുനഃസൃഷ്ടിച്ചു. വിജയ് യേശുദാസാണ് പുതിയ അല്ലിയാമ്പൽ പാടിയത്.
5 താമസമെന്തേ വരുവാൻ...
ഭാർഗവീനിലയം (1964)
പി. ഭാസ്ക്കരൻ മാഷിന്റെ വരികളും ബാബുക്കയുടെ സംഗീതവും യേശുദാസിന്റെ ശബ്ദമാധുര്യവുമെല്ലാം കൊണ്ട് ക്ളാസിക്കായി മാറിയ പാട്ടുകളിലൊന്നാണ് ഭാർഗവിനിലയത്തിലെ താമസമെന്തേ വരുവാൻ. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഭാർഗവീനിലയം റിലീസാകുന്നത്. അക്കാലത്ത് ആകാശവാണിയിൽ ഇൗ പാട്ട് കേൾക്കുമ്പോഴൊക്കെ ഉള്ളിലൊരു കുളിര് തോന്നുമായിരുന്നു. ഭാർഗവി നിലയത്തിലെ പാട്ടുകളെല്ലാം ഭാസ്ക്കരൻ മാഷിന്റെ രചനാവൈഭവത്തിന്റെ ഉദാഹരണങ്ങളാണ്. ഭാസ്ക്കരൻ മാഷും ബാബുക്കയും ഒന്നിച്ച സിനിമകളിലെല്ലാം ഒന്നാന്തരം പാട്ടുകളുണ്ടായിരുന്നു.
6 ചന്ദ്രകിരണം ചാലിച്ചെടുത്തൊരു
ദേവി ( 1972)
കുട്ടിക്കാലം തൊട്ടേ പി. സുശീലയുടെ പാട്ടുകളോട് പ്രത്യേകമായൊരു ഇഷ്ടം എനിക്കുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനമാണ് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ദേവി എന്ന ചിത്രത്തിന് വേണ്ടി പി. സുശീല പാടിയ ചന്ദ്രകിരണം ചാലിച്ചെടുത്തൊരു എന്ന പാട്ട്.
കെ.എസ്. സേതുമാധവനുമായി ഞാൻ പണ്ടേ നല്ല അടുപ്പമായിരുന്നു.സേതുവേട്ടൻ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുന്നത്. ചെറുപ്പംതാെട്ടേ ഞാൻ അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. പിന്നീട് പല അവാർഡ് കമ്മിറ്റികളിലും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു.
സേതുവേട്ടന്റെ ദേവി എന്ന സിനിമ അത്ര വലിയ വിജയമായിരുന്നില്ല. കെ. സുരേന്ദ്രന്റെ നോവലായിരുന്നു ആ സിനിമയ്ക്ക് ആധാരം. ദേവിയിൽ റാണിചന്ദ്രയാണ് ചന്ദ്രകിരണം ചാലിച്ചെടുത്തൊരു എന്ന ഗാനം പാടി അഭിനയിച്ചത്. പ്രേംനസീറും മധുവും ഷീലയുമൊക്കെയുണ്ട് ആ ഗാനരംഗത്തിൽ. മധുവിന്റെ കഥാപാത്രത്തെ സ്വാധീനിക്കാനായാണ് റാണിചന്ദ്ര പാടുന്നത്. ഷീല നിർബന്ധിച്ചിട്ടാണ് റാണിചന്ദ്ര പാടുന്നത്. പക്ഷേ മധു ഇൗ പാട്ടിനോട് വിമുഖനാണ്. അദ്ദേഹം പാട്ട് ശ്രദ്ധിക്കുന്നതേയില്ല. അദ്ദേഹത്തിന്റെ മുഖത്ത് നീരസവും പുച്ഛവും അമർത്തിപ്പിടിച്ച അമർഷവുമൊക്കെയാണ്. അദ്ദേഹത്തെ പ്രസാദിപ്പിക്കാനായാണ് റാണിചന്ദ്ര ഇൗ പാട്ട് പാടുന്നത്. വയലാർ- ദേവരാജൻ ടീമാണ് പാട്ടിന്റെ സ്രഷ്ടാക്കൾ.
7 സ്വർണച്ചാമരം വീശിയെത്തുന്ന
യക്ഷി (1968)
വയലാർ- ദേവരാജൻ ടീമിന്റെ എണ്ണമറ്റ അപൂർവ്വ സുന്ദരഗാനങ്ങളിലൊന്നാണ് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത യക്ഷിക്ക് വേണ്ടി യേശുദാസ് പാടിയ സ്വർണച്ചാമരം വീശിയെത്തുന്ന... എന്ന ഗാനം.
യക്ഷിയിലെ എല്ലാ ഗാനങ്ങൾക്കും ഒരു മായികതയുണ്ട്. ഫാന്റസിയുടെ സ്പർശമുള്ള ഒരു പ്രമേയമാണ് യക്ഷിയുടേത്.
സ്വർണച്ചാമരം വീശിയെത്തുന്ന എന്ന ഗാനം പി. ലീലയും പാടിയിട്ടുണ്ട്. പി. ലീല പാടിയ വേർഷനാണ് സിനിമയിലാദ്യം. കാമുകനായ സത്യന് ഉഷാകുമാരി പാടിക്കൊടുക്കുന്ന പാട്ട്. പിന്നീട് ഒരപകടത്തിൽ മുഖത്തിന്റെ ഒരു ഭാഗം വികൃതമായിപ്പോയ കാമുകനെ കാമുകി നിരാകരിക്കുന്നുണ്ട്. പക്ഷേ അപ്പോഴും അയാളുടെയുള്ളിൽ അവളോടുള്ള പ്രണയം നിറഞ്ഞിരുന്നു. മലയാറ്റൂരിന്റെ അതേ പേരിലുള്ള നോവലാണ് യക്ഷി എന്ന സിനിമയ്ക്ക് ആധാരം. മുഖം എന്ന പേരാണ് നോവലിന് മലയാറ്റൂർ ആദ്യം നൽകിയിരുന്ന പേര്. വയലാർ രാമവർമ്മയ്ക്ക് നോവലിന്റെ കൈയെഴുത്ത് പ്രതി മലയാറ്റൂർ വായിക്കാനായി നൽകിയിരുന്നു. വയലാറാണ് മുഖം എന്ന പേരിന് പകരം യക്ഷിയെന്ന പേര് നിർദ്ദേശിച്ചത്.
8 അവിടുന്നെൻ ഗാനം കേൾക്കാൻ..
പരീക്ഷ (1967)
മലയാളിയല്ലെങ്കിലും മലയാളിത്തമുള്ള ശബ്ദമായിരുന്നു എസ്. ജാനകിയുടേത്. മഞ്ഞണിപ്പൂനിലാവ് , വാസന്തപഞ്ചമി നാളിൽ തുടങ്ങിയ പാട്ടുകൾക്കൊക്കെ പറഞ്ഞറിയിക്കാനാവാത്ത ഒരു മാധുര്യമുണ്ട്. എന്റെ കൗമാര യൗവനകാലങ്ങളിൽ പ്രണയ ഭാവമുള്ള ഒരു പെൺകുട്ടിയുടെ ശബ്ദമെന്നാൽ അത് എസ്. ജാനകിയുടേതായിരുന്നു.
ആർദ്രമധുരമായ ആ ശബ്ദത്തിൽ പിറന്ന അപൂർവ സുന്ദരമായ ഗാനങ്ങളിലൊന്നാണ് പരീക്ഷയിലെ അവിടുന്നെൻ ഗാനം കേൾക്കാൻ.. ദുഃഖപുത്രിയുടെ ഇമേജുള്ള ശാരദ ആഹ്ളാദഭരിതയായി നൃത്തം ചെയ്ത് അഭിനയിച്ച ഗാനമാണത്. പി. ഭാസ്കരൻ മാഷിന്റെ വരികളിലും അതിന് ബാബുക്ക നൽകിയ ഇൗണത്തിലുമൊക്കെ മനോഹരമായ ഒരു പ്രണയഭാവം സ്ഫുരിക്കുന്നുണ്ട്.
9 ആ ത്രിസന്ധ്യ തൻ അനഘമുദ്രകൾ
തിരുവോണം ( 1975)
ശ്രീകുമാരൻ തമ്പി ഒരുപാട് പ്രണയഗാനങ്ങളെഴുതിയിട്ടുണ്ട്. കസ്തൂരിമണക്കുന്നല്ലോ കാറ്റേ.. നിൻ മണിയറയിലെ .. പ്രണയഗാനങ്ങളിൽ ഒരിക്കലും ശൃംഗാരം കലർത്താത്ത കവിയാണ് ശ്രീകുമാരൻതമ്പി. ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്ന പോലെ, ഇളംകാറ്റ് വീശുന്ന പോലെ, മഞ്ഞല പൊഴിയുന്നപോലെയുള്ളഭാവം നിറഞ്ഞ പ്രണയഗാനങ്ങളാണ് തമ്പിച്ചേട്ടനെഴുതിയിട്ടുള്ളത്. ആ ത്രിസന്ധ്യതൻ എന്ന ഗാനരംഗത്ത് പ്രേംനസീറും ശാരദയുമാണ്. പാടല പശ്ചിമ വ്യോമ ഹൃദന്തമെന്നൊക്കെയുള്ള ഗഹനമായ വരികളാണെങ്കിലും വലിയൊരു സൗന്ദര്യസാരം തന്നെയുണ്ട്. ആ പാട്ടിൽ. തമ്പിച്ചേട്ടന്റെ ഒരു അപൂർവ്വ രചനയാണ് ആ ത്രിസന്ധ്യതൻ അനഘ മുദ്രകൾ.. എം.കെ. അർജുനൻ മാഷാണ് യേശുദാസ് പാടിയ ആ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
10. ഏതോ ജന്മ കല്പനയിൽ
പാളങ്ങൾ (1981)
പൂവച്ചൽ ഖാദർ എഴുതി ജോൺസൺ ഇൗണമിട്ട് വാണിജയറാം പാടിയ പാട്ട്. ഭരതേട്ടനാണ് പാളങ്ങളുടെ സംവിധായകൻ. തുടക്കം തൊട്ടേ പാട്ടുകൾക്ക് അത്രയും പരിഗണന കൊടുത്ത സംവിധായകനാണ് ഭരതേട്ടൻ. അദ്ദേഹത്തിന്റെ ഉള്ളിൽ സംഗീതമുണ്ട്. അദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്. ഇൗണമിട്ടിട്ടുണ്ട്.
അച്ചാണിയിലെ എന്റെ സ്വപ്നത്തിൻ താമര പൊയ്കയിൽ വന്നിറങ്ങിയ രൂപവതി എന്ന ഗാനത്തിൽ ഭരതേട്ടൻ അഭിനിച്ചിട്ടുമുണ്ട്. ഭരതേട്ടന്റെ സിനിമകളിലെ പാട്ടുകൾ കേൾക്കാനും കാണാനും ഒരുപോലെ മനോഹരങ്ങളാണ്.
നെടുമുടിവേണുവും സറീനാ വഹാബും ഭരത് ഗോപിയുമായിരുന്നു പാളങ്ങളിലെ പ്രധാന താരങ്ങൾ.