മലയാളത്തിലെ ക്ളാസിക് പ്രണയചിത്രങ്ങളായ ചാമരത്തിന്റെയും യാത്രയുടെയും സൃഷ്ടിക്ക് പിന്നിലെ
കഥകൾ തിരക്കഥാകൃത്ത് ജോൺപോൾ പങ്കുവയ്ക്കുന്നു....
പക്വതയെത്താത്ത ഒരു പ്രണയകാലത്ത് നിങ്ങൾ ഒരുപാട് കാര്യങ്ങൾ ഒാർമ്മിക്കും. കാമുകിയുടെ ഗന്ധം നിങ്ങളുടെ ഒാർമ്മയിലുണ്ടാവും. അവളുടെ രുചി കൃത്യമായി നിങ്ങൾക്ക് അളന്ന് പറയാൻ പറ്റും. പച്ചക്കുരുമുളക് ചവയ്ക്കുമ്പോഴുള്ള നാവിന്റെ രുചിയാണവൾക്ക്, നീറ്റലുണ്ട്... കാമുകിയുടെ ഉമിനീരിന്റെ രുചിയും നാവിന്റെ ചൂടും ഒക്കെ നിങ്ങൾക്ക് ഒരുഘട്ടം കഴിയുമ്പോൾ , പക്ഷേ തിരിച്ചറിയാനാവില്ല. നഷ്ടപ്പെടുന്നത് കൊണ്ടോ ഘ്രാണശേഷിയില്ലാതാവുന്നതുകൊണ്ടോ അല്ല. നിങ്ങളുടെയും അവളുടെയും ഗന്ധം ഒന്നായി മാറുന്നത് കൊണ്ടാണ്.
ഒാഷോയുടെ വാചകമാണ്.
പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഒാരോ പ്രായത്തിലും മനുഷ്യർക്ക് ഒാരോ കാലത്തും മാറിക്കൊണ്ടിരിക്കുമെന്ന് ഒാഷോയുടെ വാക്കുകളെ ഒാർത്തെടുത്ത് തിരക്കഥാകൃത്ത് ജോൺപോൾ പറയുന്നു.
അറുപതിൽപ്പരം സിനിമകൾക്ക് രചന നിർവഹിച്ച ജോൺപോളിന് പ്രണയം പ്രമേയമാക്കി എഴുതിയ തന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട രണ്ട് സിനിമകളുണ്ട്. ചാമരവും യാത്രയും.
സിനിമകളെ പെയിന്റിംഗുകൾ പോലെ മനോഹരമാക്കുന്ന, നിറങ്ങളെയും പ്രകൃതിയെയും പ്രണയിച്ച രണ്ട് മഹാസംവിധായകർ; ഭരതനും ബാലുമഹേന്ദ്രയും ഒരുക്കിയ ചിത്രങ്ങൾ.
യാത്രയിൽ മമ്മൂട്ടിയുടെ ഉണ്ണിക്കൃഷ്ണനും ശോഭനയുടെ തുളസിയും തമ്മിൽ പരിചയപ്പെട്ട ശേഷം തുളസിയോട് ഉണ്ണിക്കൃഷ്ണൻ ചോദിക്കുന്നുണ്ട്: 'പേരെന്താന്നാ പറഞ്ഞേ.."
'പേര് പറഞ്ഞില്ല."
'എന്നാലാദ്യമായിട്ട് ചോദിക്കുന്നു. പേരെന്താ"
അവൾ മുഖം കോട്ടുമ്പോൾ അയാൾ വീണ്ടും പറയും: 'വേറൊന്നിനുമല്ല. ഞാനിവിടെ പുതിയ ആളാ. എവിടെയെങ്കിലും വച്ച് വഴുതിവീഴുകയോ മറ്റോ ചെയ്താൽ എന്തെങ്കിലും ഒരത്യാവശ്യത്തിന് ഇയാള് ദൂരെകൂടി പോകുമ്പോൾ ഒന്ന് സഹായിക്കണേ... അതേയ്.. പിന്നേ... എന്നൊക്കെ വിളിച്ച് കൂവുന്നതിലും നല്ലത് പേരറിഞ്ഞാൽ വിളിക്കാല്ലോ!"
അപ്പോൾ അവളുടെ മുഖത്തൊരു മനോഹരമായ ചിരി വിടരും." തുളസീന്നാ." പേരു പറഞ്ഞ് അവൾ നടന്നുപോകുമ്പോൾ അടുത്തുള്ള കൃഷ്ണവിഗ്രഹത്തെ നോക്കി ഉണ്ണിക്കൃഷ്ണൻ ചോദിക്കുന്നുണ്ട്! 'കൊള്ളാലേ പാർട്ടി."
ഉണ്ണിക്കൃഷ്ണന്റെ മനസിൽ തുളസിയും തുളസിയുടെ മനസിൽ ഉണ്ണിക്കൃഷ്ണനും നിറയാൻ തുടങ്ങുന്ന നിമിഷമാണത്. അവർ അന്നോളം കാണാത്ത കണ്ണ് കൊണ്ട് അന്യോന്യം കാണാൻ തുടങ്ങിയത് അന്ന് മുതലാണ്.
ഉൗട്ടിയിൽ ഒരു വൈകിട്ട് ആറുമണി കഴിഞ്ഞാണ് ബാലുമഹേന്ദ്ര ആ സീനെടുക്കാൻ പ്ളാൻ ചെയ്തത്. അന്ന് ആ ഷെഡ്യൂൾ പായ്ക്കപ്പാണ് . അതേ ലൊക്കേഷനിൽ അടുത്തമാസം വീണ്ടും പത്ത് ദിവസത്തെ ഷൂട്ടിംഗുണ്ട്.
'എന്തിനാണിപ്പോ ധൃതിവച്ച് ഇൗ സീനെടുത്തിട്ട് ! ലൈറ്റ് പോകും. ഇത് ഉൗട്ടിയാണ്, ഒൗട്ട് ഡോറാണ് " മമ്മൂട്ടി ബാലുമഹേന്ദ്രയോട് പറഞ്ഞു.
'സാരമില്ല മമ്മൂട്ടി. നമുക്കെന്തായാലും ഒന്നെടുക്കാം. ലൈറ്റ് പോയാലെന്താ. അടുത്ത ഷെഡ്യൂളിൽ വീണ്ടുമെടുക്കാം. " ബാലുമഹേന്ദ്രയുടെ മറുപടി അതായിരുന്നു. അങ്ങനെ ആ രംഗം ചിത്രീകരിച്ചു.
'ഒരു ഷെഡ്യൂൾ കഴിഞ്ഞാൽ അടുത്ത ഷെഡ്യൂളിന് മുൻപ് അതുവരെ ഷൂട്ട് ചെയ്ത പോർഷനുകൾ എഡിറ്റ് ചെയ്ത് ഡബ് ചെയ്യുന്ന പതിവുണ്ട് ബാലുമഹേന്ദ്രയ്ക്ക്. ഇൗ സീൻ ഡബ് ചെയ്യുന്ന സമയത്ത് ബാലു എന്നെ വിളിപ്പിച്ചു. റഷ് കണ്ട് ഞാൻ ഞെട്ടിപ്പോയി. ലോ ലൈറ്റിൽ തുളസിയുടെ ചുണ്ടിന് മുകളിൽ നേർത്ത വിയർപ്പിന്റെ രാശി. അതിൽ കുതിർന്നപോലൊരു ചുണ്ട്. നെറ്റിയിലുള്ള പൊട്ട് വിയർപ്പ് തുള്ളികൾ വീണ് പടരാൻ തുടങ്ങിയിരുന്നു. പിൻകഴുത്തിലും വിയർപ്പുണ്ട്. അവിടെ ചില മുടിയിഴകൾ വന്ന് ഒട്ടിനിൽക്കുന്നു. അവളുടെ ആ ചിരിയും നോട്ടവും കണ്ണുമൊക്കെ അങ്ങേയറ്റം രതിജന്യമായിരുന്നു. പശ്ചാത്തലത്തിൽ കാണുന്നത് മരത്തിന്റെ ചില്ലകളാണ്. ചില്ലകളിലേക്ക് വന്നുകയറുന്ന പക്ഷികൾ. മരത്തിനപ്പുറത്ത് പറന്നകലുന്ന പക്ഷികൾ... അതിനുമപ്പുറം അസ്തമയ സൂര്യന്റെ ചായം വീണ നരച്ച ആകാശം. അതെല്ലാം കൂടി ചേർന്നുള്ള കോമ്പോസിഷനാണ്." ജോൺപോൾ ഒാർമ്മിച്ചു.
ആ സീൻ കാണിച്ചിട്ട് ബാലു മഹേന്ദ്ര മമ്മൂട്ടിയോട് ചോദിച്ചു.
'എന്താ മിസ്റ്റർ മമ്മൂട്ടീ... ലൈറ്റിന്റെ അപര്യാപ്തത തോന്നുണ്ടെങ്കിൽ വീ ക്യാൻ ഷൂട്ട് ഇറ്റ് ഇൻ ദ നെക്സ്റ്റ് ഷെഡ്യൂൾ."
'സമ്മതിച്ചേ കാലമാടാ... ഞാൻ പറഞ്ഞതങ്ങ് പിൻവലിച്ചു." മമ്മൂട്ടി ചിരിയോടെ ബാലുവിന് നേരെ കൈകൂപ്പി.
'ഹൺഡ്രണ്ട് പ്രസന്റ്" വീണ്ടും ബാലുവിന്റെ ചോദ്യം.
'ഹൻഡ്രഡ് ആൻഡ് ഫിഫ്റ്റി പ്രസന്റ് " മമ്മൂട്ടിയുടെ മറുപടി.
ബാലുമഹേന്ദ്ര മറ്റൊരു തിരക്കഥാകൃത്തിനെക്കൊണ്ട് എഴുതിച്ച ഒരേയൊരു സിനിമയേയുള്ളൂ യാത്ര. അതിന് മുൻപും അതിനുശേഷവും മറ്റൊരു എഴുത്തുകാരന്റെ സഹായം ബാലുമഹേന്ദ്ര തേടിയിട്ടില്ല. ചിലരുടെ കഥയെടുത്തിട്ടുണ്ടാവാം. പക്ഷേ തിരക്കഥ സ്വന്തമായി എഴുതുന്നതായിരുന്നു ബാലുമഹേന്ദ്രയുടെ പതിവ്.
രജനികാന്തിനെ നായകനാക്കി ഉൻ കണ്ണിൽ നീർ വിഴുന്താൽ എന്ന സിനിമ ഉൗട്ടിയിൽ ചിത്രീകരിക്കുന്ന സമയത്താണ് ബാലുമഹേന്ദ്ര ജോൺപോളിനെ വിളിക്കുന്നത്: 'എനിക്ക് വേണ്ടി ഒരു സ്ക്രിപ്ട് എഴുതിത്തരണം." തിരക്കുകൾക്കിടയിൽ നിന്ന് ജോൺപോൾ ഒരുദിവസം അവിടെ ചെന്നു.
'കുന്ദൻഷായുടെ ഒരു സിനിമയുടെ റീമേക്കാണ് . മമ്മൂട്ടിയും മോഹൻലാലും മാധവിയുമാണ് അഭിനേതാക്കൾ. "ബാലുമഹേന്ദ്ര ജോൺപോളിനോട് പറഞ്ഞു.
ജോൺപോൾ കുന്ദൻഷായുടെ ആ സിനിമ കണ്ടു. രസകരമായ സിനിമ. നന്നായി എഴുതിയിട്ടുള്ള എടുത്തിട്ടുള്ള സിനിമ.
'ആ സിനിമ ചെയ്യാനെന്തിനാണ് ബാലുവും ഞാനുമെന്ന ചിന്തയാണ് ജോൺപോളിന് തോന്നിയത്.
'അങ്ങനെ തോന്നിയത് അഹങ്കാരം കൊണ്ടല്ല. ആ വർഷംതന്നെ ഞാനെഴുതി തീർക്കേണ്ട നാലോ അഞ്ചോ തിരക്കഥകളുണ്ടായിരുന്നതിനാലാണ് " ഉൗട്ടിയിലെ നനുത്ത് തണുത്ത കാറ്റ് പോലെ ജോൺപോളിന്റെ മനസിലേക്ക് ഒാർമ്മകൾ വീശി.
'കെ.എസ്. സേതുമാധവൻ സാറിന്റെ അവിടത്തെപ്പോലെ ഇവിടെയും എന്ന സിനിമയുടെ തിരക്കഥാ രചനയ്ക്കിടയിൽ നിന്നാണ് ഞാൻ ഉൗട്ടിയിൽ ചെന്നത്. തിരിച്ച് എത്രയും പെട്ടെന്ന് ചെല്ലണം. സേതുമാധവൻ സാറിന് ഷൂട്ടിംഗ് തുടങ്ങാനുള്ളതാണ്. ഞാൻ ബാലുവിനോട് തന്നെ ചോദിച്ചു.ഇൗ സിനിമയെടുക്കാൻ ബാലു എന്തിന്, എഴുതാൻ ഞാനെന്തിന്?"
'എനിക്കും ജോണിനും നമുക്ക് ഇത് ചെയ്യണമെന്ന് തോന്നുന്ന സിനിമ ചെയ്താൽ മതി." ബാലു ഞാൻ പറഞ്ഞത് ആ സ്പിരിറ്റിലെടുത്തു.
ബാലു ഒരിക്കലും ഒറ്റയടിക്കിരുന്ന് ഡിസ്കസ് ചെയ്യുന്നയാളല്ല. ഒരാഴ്ച ഇരുന്ന് കഴിഞ്ഞാൽ അടുത്ത സിറ്റിംഗ് ചിലപ്പോൾ രണ്ടോ മൂന്നോ ആഴ്ചകൾ കഴിഞ്ഞിട്ടായിരിക്കും.
ഞങ്ങൾ പല കഥകളും ചർച്ച ചെയ്തു. ഞാനും നിർമ്മാതാവ് ജോസും കൂടി ഉൗട്ടിയിൽ നിന്ന് കുന്നിറങ്ങുമ്പോൾ വഴിക്ക് വച്ച് ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ ബ്രേക്ക് ഡൗണായി.
ഡ്രൈവർ കാർ നന്നാക്കുന്നതിനിടയിൽ ഞാനും ജോസുംകൂടി റോഡരികിലിരുന്ന് പലതും സംസാരിച്ച കൂട്ടത്തിൽ ഞാൻ അപ്പോൾ എന്റെ മനസിൽ തോന്നിയ ഒരു കഥ പറഞ്ഞു. വൈക്കം ചന്ദ്രശേഖരൻ നായരുടെ മരുമകൻ മോഹൻ (ബാലരമയുടെ പത്രാധിപരായിരിക്കുമ്പോൾ മരിച്ച് പോയി) റീഡേഴ്സ് ഡൈജസ്റ്റിൽ വന്ന ഒരു ഫിൻലാൻഡ് നാടോടിക്കഥ എന്നോട് പറഞ്ഞിരുന്നു. അതിന്റെ ചെറിയ ഒരു ഭാഗം ഞാൻ ജോസിനോട് പറഞ്ഞു. ക്ളൈമാക്സ് സീനിൽ ഒന്നിന് പകരം ഒന്നിലേറെ വിളക്കുകൾ. അതിലൊരു വിളക്കായി അവൾ...
'വീ ആർ ഡൂയിംഗ് ദിസ് " ജോസ് ആവേശത്തോടെ പറഞ്ഞു.
'ഡോണ്ട് ജംപ് ഇൻ എ കൺക്ളൂഷൻ. ബാലുവിന് ഇഷ്ടപ്പെടണ്ടേ" ഞാൻ ചോദിച്ചു.
'ബാലുവിന് ഇഷ്ടപ്പെടും." ജോസ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
'ബ്യൂട്ടിഫുൾ ത്രെഡാണ്. സെല്ലുലോയിഡിൽ നമുക്ക് ഒരുകവിത രചിക്കാം" കഥയുടെ ത്രെഡ് കേട്ട് ബാലു എന്നോട് പറഞ്ഞു.
നേരത്തെ മോഹൻ പറഞ്ഞ ഫിന്നിഷ് നാടോടി കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒാസ്കാർ വൈൽഡ് ഒരു ചെറുകഥയെഴുതിയിട്ടുണ്ടെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്.
കാമുകിക്ക് കാമുകനയയ്ക്കുന്ന കത്തിൽ പറയുന്നത് നീ എപ്പോഴും എനിക്ക് സമ്മാനിക്കുന്ന മഞ്ഞ തൂവാല നമ്മൾ എപ്പോഴും കണ്ടുമുട്ടാറുള്ള മരത്തിന്റെ ഒരു ശിഖരത്തിൽ തൂക്കിയിടണം. നീ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് അവിടെ എത്തുമ്പോൾ എനിക്കറിയാൻ വേണ്ടിമാത്രം. ഒന്നിന് പകരം അതിന്റെ എല്ലാ ശിഖരങ്ങളിലും ഇലകൾക്ക് പകരം മഞ്ഞത്തൂവാലകൾ തൂക്കിയിട്ട് മഞ്ഞ വസ്ത്രവും ധരിച്ച് അവൾ കാമുകന് വേണ്ടി കാത്തുനിൽക്കുന്നതാണ് ആ കഥയുടെ ക്ളൈമാക്സ്. കഥയിലെ മഞ്ഞത്തൂവാല യാത്രയിൽ ഞങ്ങൾ ചിരാതാക്കി മാറ്റി. പക്ഷേ കഥ അപ്പാടെ അതല്ല. നായകന്റെ വ്യക്തിജീവിതം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ചെടുത്തതാണ്.
പിന്നീട് മധു അമ്പാട്ട് പറഞ്ഞപ്പോഴാണ് അതേ കഥയിൽ ഒരു ജാപ്പനീസ് ബ്ളാക് ആൻഡ് വൈറ്റ് സിനിമ വന്നിട്ടുണ്ടെന്ന് ഞാനറിയുന്നത്.
സത്യത്തിൽ അത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒാസ്കാർ വൈൽഡിന്റെ കഥയാണിതെന്ന് പറഞ്ഞത് കൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാൻ പോകുന്നില്ല. അറിഞ്ഞിരുന്നില്ലെന്നതാണ് സത്യം. ആരോപിക്കപ്പെടുന്ന പോലെ യാത്ര ആ കഥ പകർത്തിയതുമല്ല.
ഒരിക്കൽ മദ്രാസിലെ ലയോള കോളേജിനു മുന്നിലൂടെ നടക്കുകയായിരുന്നു. ഭരതനും ജോൺപോളും. കാമ്പസിനുള്ളിൽനിന്ന് യുവത്വത്തിന്റെ പ്രസരിപ്പാർന്ന ആർപ്പ് വിളി കേട്ട് ഒരു മൈൽക്കുറ്റിയുടെ മുകളിൽ കയറി നിന്ന് ഭരതൻ കൊതിയോടെ മതിലിനപ്പുറത്തേക്ക് നോക്കി.
'ഞാൻ കോളേജിൽ പഠിച്ചിട്ടില്ല. എപ്പോഴും അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത ക്യാംപസ് ജീവിതം ഒരു നഷ്ടബോധമായി മനസിലുണ്ട്." ഒപ്പമുണ്ടായിരുന്ന ജോൺ പോളിനോട് ഭരതൻ പറഞ്ഞു. ഭരതന്റെ വാക്കുകൾ ജോൺ പോളിന്റെ മനസിൽ തൊട്ടു. പിന്നീട് കാലം കുറേ കടന്നുപോയി. ഭരതന് വേണ്ടി ഒരു സിനിമയെഴുതാൻ ജോൺ പോൾ ആലോചിച്ച് തുടങ്ങിയിരുന്ന സമയം. ഭരതൻ അന്ന് പോസ്റ്റർ ഡിസൈനിംഗും മറ്റുമായി ബന്ധപ്പെട്ട് എറണാകുളത്താണ് താമസം. ഭരതൻ വരയ്ക്കുന്നത് കാണാൻ ജോൺ പോളിന് വലിയ ഇഷ്ടമായിരുന്നു. ഭരതന്റെ സങ്കേതത്തിലേക്ക് മിക്ക ദിവസവും ജോൺ പോൾ പോകും. ഭരതന്റെ സഹസംവിധായകനായ ജോർജ് കിത്തുവും ഒപ്പമുണ്ടാകും. രാത്രി എട്ടര ഒൻപത് മണിയാകുമ്പോൾ മൂവരും ഒരുമിച്ച് നടക്കാനിറങ്ങും. ചിലപ്പോൾ ഷൺമുഖം റോഡിന്റെ വശത്തുള്ള പാരപ്പിറ്റിൽ പോയിരുന്ന് കഥകൾ പറയും. ചിലപ്പോൾ തോന്നിയയിടത്ത് കറങ്ങും. പതിവ് കറക്കത്തിനിടയിൽ ഒരു രാത്രി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ഒരു മുത്തശ്ശി മരത്തിന്റെ ചുവട്ടിൽ വന്നിരുന്നപ്പോൾ ഹോസ്റ്റലിൽ നിന്നുള്ള ആർപ്പുവിളി കേട്ടു. 'ഒരു കാമ്പസ് സിനിമ ചെയ്യണം." ഭരതന്റെ ഉള്ളിലുറങ്ങിക്കിടന്ന മോഹം വീണ്ടുമുണർന്നു. തൊട്ടു മുൻ വർഷം വരെ മഹാരാജാസിലെ വിദ്യാർത്ഥിയായിരുന്ന ജോൺ പോളിന്റെ മനസിൽ വീണ്ടും ഭരതന്റെ വാക്കുകൾ തൊട്ടു. മനസിൽ കതിർക്കനം കൊണ്ട് നിന്ന കലാലയ സ്മരണകളിൽ ചിലത് ജോൺപോൾ ഭരതനോട് പറഞ്ഞു. ക്യാംപസിലുണ്ടായിരുന്ന ചില കാരക്ടറുകളെപ്പറ്റിയും പറഞ്ഞു. ഭരതൻ എല്ലാം ആവേശത്തോടെ കേട്ടിരുന്നു. പുലർച്ചയോടെയാണ് മൂവരും പിരിഞ്ഞത്. ഒരു സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം പറഞ്ഞ് പറഞ്ഞ് രൂപപ്പെട്ടു ഇനി കഥയുടെ നാല് തൂണ് വേണം, ഒരു മേലാപ്പിന്.
'ഞാനന്ന് കാനറാബാങ്കിൽ ജോലി ചെയ്യുകയാണ്. ചില വാരികകൾക്ക് വേണ്ടി നോവലും കഥകളുമൊക്കെ എഡിറ്റ് ചെയ്തുകൊടുക്കുമായിരുന്നു. ഇല്ലസ്ട്രേഷൻ നോട്ട്സും നൽകും. അതിനുവേണ്ടി വന്ന ഒരു നോവലാണ് ബാലകൃഷ്ണൻ മാങ്ങാടിന്റെ ജാലകങ്ങളിലെ സൂര്യൻ. അതിൽ ഞങ്ങളുടെ കഥയുടെ പൂർവഭാഗത്തിന് വേണ്ട കഥയുണ്ടായിരുന്നു. അതുംകൂടി ചേർത്തപ്പോൾ നന്നായിയെന്ന് തോന്നി. ജഗൻ പിക്ച്ചേഴ്സ് അപ്പച്ചനായിരുന്നു ചാമരം എന്ന ആ ചിത്രത്തിന്റെ നിർമ്മാതാവ്. അന്ന് സിനിമയുടെ രീതികളൊന്നുമറിയാത്തതിനാൽ ഞങ്ങൾ അപ്പച്ചനോടും ബാലകൃഷ്ണൻ മങ്ങാടിന്റെ നോവലാണ് ബേസ് എന്ന് പറഞ്ഞു. അത് തീരുമാനിച്ച ശേഷമാണ് ബാലകൃഷ്ണൻ മാങ്ങാടിനെ പോയി കാണുന്നത്. അദ്ദേഹം വളരെ ആവേശത്തിലായിരുന്നു. 'സിനിമയ്ക്ക് വേണ്ട എലമെന്റുകളൊക്കെ ആ കഥയിലുണ്ടോ"യെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. അദ്ദേഹം വേറെ പല കഥകളും പറഞ്ഞു. അറുപത് അറുപത്തിയഞ്ച് ശതമാനമായ കഥയ്ക്ക് ബാക്കി വേണ്ട മുപ്പത്തിയഞ്ച് ശതമാനത്തിന് വേണ്ടിയാണ് ഞങ്ങൾ വന്നിരിക്കുന്നതെന്ന് ബാലകൃഷ്ണൻ മാങ്ങാടിന് മനസിലായില്ല.
തകര കത്തി നിൽക്കുന്ന കാലമാണ്. കോളേജ് വിദ്യാർത്ഥിയായി പ്രതാപ് പോത്തനെ ഫിക്സ് ചെയ്തു. അദ്ധ്യാപികയായി സറീനാവഹാബിനെയും തീരുമാനിച്ചു. പ്രതാപിന്റെ കൂടെ നിന്നാൽ ചേർച്ചയുണ്ട്. ഒരു അദ്ധ്യാപികയാകാനുള്ള മെച്യൂരിറ്റിയുമുണ്ട്. കെ.ജി. ജോർജിന്റെ ഉൾക്കടലിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത രതീഷിനെ മുറച്ചെറുക്കനായി കാസ്റ്റ് ചെയ്തു. ചാമരത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നെടുമുടിവേണു അല്പം ദുഃഖിതനായിരുന്നു. തകര കഴിഞ്ഞ് വരുന്ന ഭരതൻ നെടുമുടിവേണു പ്രതാപ് പോത്തൻ സിനിമയിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന തോന്നലായിരുന്നു വേണുവിന്റെ ദുഃഖത്തിന് കാരണം. അദ്ദേഹം കരയുക പോലും ചെയ്തു. 'എന്റെയൊരു സിക്സ്ത് സെൻസ് വർക്ക് ചെയ്യുന്നത് തന്റെ തകര ശ്രദ്ധിക്കപ്പെട്ടുവെന്നത് ശരിതന്നെ. ഒട്ടും കുറവിലല്ലാതെ ഇതും ശ്രദ്ധിക്കപ്പെടും. തകരയിൽ നിങ്ങൾക്ക് പത്മരാജനും ഭരതനും കൂടി വരച്ചു വച്ച വഴിയിലൂടെ നടന്നാൽ മതിയായിരുന്നു. ഇത് അതല്ല. പുതിയൊരു വഴിയുടെ സാദ്ധ്യതകളാണുള്ളത്. നിങ്ങൾ പെർഫോമൻസ് കൊണ്ട് ആ വഴിയുണ്ടാക്കണം." ഞാൻ വേണുവിനോട് പറഞ്ഞു.
അന്ന് എന്തുകൊണ്ടോ ഭരതന് താത്പര്യം പ്രതാപിന്റെ കാരക്ടർ മോൾഡ് ചെയ്യുന്നതിലായിരുന്നു. അതുകൊണ്ടുതന്നെ വേണുവിന്റെ മൂന്നോ നാലോ സീൻ എടുക്കാനുള്ളത് എടുത്തില്ല. അതില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലായിരുന്നു ഭരതൻ. ഷൂട്ടിംഗ് കഴിഞ്ഞ് റഫ് കട്ട് ചെയ്തപ്പോഴാണ് ചില ഭാഗങ്ങൾ ഡ്രൈയാണെന്ന് തോന്നിയത്. വേണുവിന്റെ ചില പോർഷൻസ് വേണം. നേരത്തെ വേണ്ടെന്ന് വച്ചത് കണ്ടിന്യൂറ്റി പ്രശ്നം കാരണം എടുക്കാൻ പറ്റില്ല. ഞാൻ നാലഞ്ച് പുതിയ സീനുകളെഴുതി. മദ്റാസിൽ വച്ച് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. ടീച്ചറാണെന്ന് കരുതി വേണുവിന്റെ കഥാപാത്രം മറ്റൊരാളോട് സംസാരിക്കുന്നതുൾപ്പെടെയുള്ള ചില രംഗങ്ങൾ. അതുകൂടിവന്ന് കഴിഞ്ഞപ്പോൾ കൃത്യമായ റിഥം വന്നു. ഡബിംഗ് സമയത്തായിരുന്നു അടുത്ത പ്രശ്നം. രതീഷിന്റെ സ്വന്തം ശബ്ദം പറ്റില്ല. വേറെയാരെയെങ്കിലും കൊണ്ട് ഡബ് ചെയ്യിച്ചേ പറ്റൂ. എന്നോട് ഒരു സഹോദര നിർവിശേഷമായ സ്നേഹമുണ്ടായിരുന്ന പത്മരാജൻ ചോദിച്ചു: 'ജോണിന്റെ ശബ്ദം നല്ലതാണല്ലോ. ജോണിന് തന്നെ ചെയ്തൂടേ?" ഡബ് ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല. ഒടുവിൽ നെടുമുടി വേണുതന്നെയാണ് ചാമരത്തിൽ രതീഷിന് വേണ്ടി ഡബ് ചെയ്തത്. ചാമരം റിലീസിനൊരുങ്ങിയപ്പോൾ അന്നത്തെ ഇൻഡസ്ട്രിയിലെ വാർപ്പ് രീതിയിലുള്ള സിനിമകളറിയാവുന്നയാളുകളുടെ മുഴുവൻ മനസിൽ ആശങ്കയായിരുന്നു. 'ടീച്ചറെ കയറി സ്റ്റുഡന്റ് പ്രേമിക്കുകയെന്ന് പറഞ്ഞാൽ!" പക്ഷേ പ്രേക്ഷകർക്ക് ഒരാശങ്കയും അനുഭവപ്പെട്ടില്ല.
ചാമരം സൂപ്പർ ഹിറ്റായി. പിന്നീട് പല കാമ്പസുകളിലും ചെല്ലുമ്പോൾ ടീച്ചറെ പ്രേമിച്ച് കല്യാണം കഴിച്ച സ്റ്റുഡന്റ്സ് 'ഞങ്ങൾ ചാമരത്തിലെ കഥാപാത്രങ്ങളാ" ണെന്ന് പറഞ്ഞ് വന്ന് പരിചയപ്പെട്ടിട്ടുണ്ട്. ചാമരത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ സി.എം.എസ്. കോളേജിലെ വിദ്യാർത്ഥികൾ അല്പം അക്രമാസക്തരായി നിസ്സഹകരിച്ചു. അവരെയങ്ങ് മാറ്റിനിറുത്തിയിട്ട് തങ്ങളുടെ കാമ്പസ് സിനിമാക്കാർ കയ്യടക്കുന്നതിനോട് അവർക്ക് യോജിക്കാനായില്ല. പിള്ളേരുടെ ഉഴപ്പൻ രീതിയും സറീന കൊള്ളാം അവളെ നമുക്ക് വളയ്ക്കാമെന്നുമുള്ള മട്ടുമൊക്കെ ആയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നി. നിർമ്മാതാവിന് ആകെ ടെൻഷനായി. ലൊക്കേഷൻ മാറ്റിയാലോയെന്ന് വരെ ആലോചിച്ചു. എറണാകുളത്ത് ഏതെങ്കിലും കാമ്പസ് പറ്റില്ല.
ഭരതന്റെ മനസിലെ ഭൂമികയോട് ചേരണം. കോട്ടയത്തിനടുത്ത് ഒരു മൊണാസ്ട്രിയുചണ്ട്. അവിടെ പറ്റും. ഞാനവിടെ ചെന്ന് ആശ്രമത്തിലെ റെക്ടറുടെയടുത്ത് കഥ പറഞ്ഞു. ശരിക്കുള്ള കഥ പറഞ്ഞാൽ അവർ തരില്ല. ഒരു വൈദിക വിദ്യാർത്ഥിയുടെ വ്യഥകളും ചാപല്യങ്ങളും കഥയാക്കി പറഞ്ഞു. പക്ഷേ അവർക്കെന്തോ സംശയം തോന്നി അവർ ഷൂട്ടിംഗിന് അനുമതി തന്നില്ല. അവസാനം നെടുമുടി വേണുവും പ്രതാപ് പോത്തനുംകൂടി നാല് കുപ്പി റമ്മും വാങ്ങിക്കൊണ്ട് കോളേജ് ഹോസ്റ്റലിലേക്ക് ചെന്നു. അവരുടെ കൂടെയങ്ങ് കൂടി. 'നിങ്ങൾ സഹകരിച്ചില്ലെങ്കിൽ ഇൗ സിനിമ ഉപേക്ഷിക്കേണ്ടിവരും. നിങ്ങളുടെയൊക്കെ പ്രായത്തിന്റെ ഫീൽ വരുന്നൊരു പടമാണ്. നിങ്ങൾ വേണം കൂടെനിന്ന് ഇൗ സിനിമ നടത്തിത്തരേണ്ടത്." വേണുവിന്റെയും പ്രതാപിന്റെയും അനുനയ ചർച്ച വിജയിച്ചു. കാവൽ ജോലി ക്യാംപസിലെ പ്രമാണികളെ തന്നെ ഏല്പിച്ചു. പിന്നീട് ഒരു പ്രശ്നവുമില്ലാതെ ഷൂട്ടിംഗ് നടന്നു.
സംവിധായകൻ കമലിന്റെ അമ്മാവൻ പടിയൻ മഹാരാജാസിലെ വിദ്യാർത്ഥിയായിരുന്നു. എന്റെ സമകാലീനൻ. അതിവിപ്ളവ പാർട്ടിയുടെ പ്രതിനിധി. പടിയനെ എതിർപക്ഷക്കാർ തല്ലാനോടിച്ചു. ക്ളാസ്റൂമിലെ ജനൽ വഴി ചാടി പടിയൻ ഒാടി. ഞങ്ങൾ റവറന്റ് പൈലിയെന്ന് വിളിച്ചിരുന്ന പ്രൊഫസർ പൈലി മാഷിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ മേശയ്ക്ക് കീഴിൽ ഒളിച്ചിരുന്നു. എതിർപക്ഷം തേടിയെത്തിയപ്പോൾ പൈലി മാഷ് അവരോട് പറഞ്ഞത് 'അവന്റെ ശരീരത്തിൽ തൊടരു"തെന്നായിരുന്നു.
മഹാരാജാസ് കോളേജിലെ സെൻട്രൽ സർക്കിളിലേക്ക് പടിയനെ അവർ കൊണ്ടുപോയി. ഷർട്ടും പാന്റ്സും ഉൗരിച്ചു. അണ്ടർ വെയറിൽ നിറുത്തി. നാലുചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്ന് ആൺകുട്ടികളും പെൺകുട്ടികളും നോക്കിനിൽക്കേ കമ്മ്യൂണിസ്റ്റുകാരനായ പടിയനെക്കൊണ്ട് അവർ ഇന്ദിരാഗാന്ധിക്ക് സിന്ദാബാദ് വിളിപ്പിച്ചു. ആ സംഭവം മറ്റൊരു വിധത്തിൽ ചാമരത്തിൽ അവതരിപ്പിച്ചു. അന്ന് എംപ്ളോയ്മെന്റ് എക്സേഞ്ചുവഴി താത്കാലിക ഒഴിവിൽ കോളേജുകളിൽ ലക്ച്ചറർമാരെ നിയമിക്കുമായിരുന്നു. ഇൗവർഷം എം.എ ഫൈനൽ ഇയറിന് പഠിക്കുന്ന ഒരു കുട്ടിക്ക് വേണമെങ്കിൽ അടുത്ത വർഷം മൂന്ന് മാസത്തെ ഒഴിവിൽ ഡിഗ്രി ക്ളാസുകളെടുക്കാം. ഏതാണ്ട് വലിയ പ്രായവ്യത്യാസമില്ലാത്ത ടീച്ചർ ക്ളാസിൽ ഗ്രാഫ് വരയ്ക്കുമ്പോൾ ടീച്ചറുടെ ഗ്രാഫ് വിദ്യാർത്ഥികൾ വരയ്ക്കും. അന്ന് ചുരിദാർ രംഗപ്രവേശം ചെയ്തിട്ടില്ല. സാരിയാണ് ടീച്ചർമാരുടെ വേഷം. പത്മരാജൻ തിരക്കഥയെഴുതി മോഹൻ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടുകാരി, കെ.ജി. ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്നീ കാമ്പസ് ചിത്രങ്ങൾ റിലീസ് ചെയ്ത അതേ വർഷമാണ് ചാമരവും റിലീസ് ചെയ്തത്. മറ്റു രണ്ട് ചിത്രങ്ങളും ക്യാംപസിൽ സംഭവിച്ചുവെന്നേയുള്ളൂ. കഥ വേറെയാണ്.
ചാമരം കാമ്പസിന്റെ കഥയാണ്. ഇന്നും ചർച്ച ചെയ്യപ്പെടുന്ന കഥ. ചാമരത്തിൽ ആദ്യം ഒരു പാട്ടേയുണ്ടായിരുന്നുള്ളൂ. പ്രതാപും സറീനയുമായുള്ള ആ ലവ് മേക്കിംഗ് സോംഗ് മാത്രം. കമ്പോസിംഗിന്റെ തലേദിവസം ഞാൻ ഭരതനോട് പറഞ്ഞു: നമു ക്കൊ രു ടൈറ്റിൽ സോംഗ്..."
'ടൈറ്റിൽ സോംഗൊന്നും വേണ്ട."
'ടൈറ്റിൽസ് കാണിക്കാനുള്ള സോംഗല്ല. ഇന്ദു അവളുടെ മനസ് നിറയെ മുറച്ചെറുക്കനാണ്. പ്രണയാർദ്രയായ നായിക. അവൾ വീട്ടിലെ കുളത്തിൽ കുളിക്കുന്നു. കുളി കഴിഞ്ഞ് വസ്ത്രം മാറിവരുന്നു. അപ്പോൾ മുറച്ചെറുക്കന്റെ കടന്ന് വരവ്. ഒരു റൊമാന്റിക് ടേക്കോഫ് കിട്ടുമല്ലോ. എന്നിട്ടത് നഷ്ടപ്പെട്ട് പോകുകയാണ്." ഞാൻ പറഞ്ഞപ്പോൾ ഭരതന് ബോദ്ധ്യമായി. 'അത് കൊള്ളാമല്ലോ. നമുക്ക് ഒരു പരിമിതികളുമില്ലാത്ത വിഷ്വൽസെടുക്കാം."
പച്ച നിറത്തിലുള്ള പോളകൾ നിറഞ്ഞ വയൽ. ആ പോളകൾക്ക് നടുവിലൂടെ പുറമേ നിന്ന് നോക്കിയാൽ കാണാത്ത വിധത്തിൽ ഇരുകൈകളും വീശിപ്പിടിച്ചാലുള്ള വീതിയിൽ ഒരു നടച്ചാല് പോലെ പലകയടിച്ചുണ്ടാക്കി. അതിലൂടെയാണ് സറീനാ വഹാബ് ഒാടി വരുന്നത്. താഴെ പച്ചയാണ്. സറീന ഉടുത്തിരിക്കുന്ന സാരിക്കും ബ്ളൗസിനും പച്ച നിറമാണ്. 'മെർജായിപ്പോകില്ലേ"യെന്ന സംശയം പലരും ചോദിച്ചു. പക്ഷേ ഭരതന്റെ ഫ്രെയിമിന്റെ കാൽഭാഗമേ വരമ്പും മറ്റുമുണ്ടായിരുന്നുള്ളു. മുക്കാൽ ഭാഗം ആകാശവും മേഘങ്ങളും ചേർന്നുള്ള ഒരു ഫ്രെയിമായിരുന്നു. എം.ജി. രാധാകൃഷ്ണൻ മനോഹരമായി ഇൗണമിട്ട പൂവച്ചൽ ഖാദറിന്റെ മനോഹരമായ വരികൾ ഭരതൻ പ്രകൃതിയുമായി സന്നിവേശിപ്പിച്ച് മനോഹരമായി ചിത്രീകരിച്ചു എസ്. ജാനകി ഹൃദയം തൊട്ട് പാടിയ പാട്ട്....
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ...