ജീവിതത്തിലെ പോലെ അമ്മയും മകളുമായി സിനിമയിൽ. സ് നേഹപൂർവം ആശ ശരത്തും മകൾ ഉത്തരയും
ഇുപതു വർഷം മുൻപ് നവംബർ 25.സന്ധ്യ മയങ്ങിയ നേരം.മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ലേബർ മുറിയുടെ വാതിൽ അടഞ്ഞപ്പോൾ പുറത്തുകാത്തുനിന്ന അച്ഛനും അമ്മയും മകനും ഉത് കണ്ഠയോടെ മുഖാമുഖം നോക്കി. മനസിൽ ദൈവത്തെ വിളിച്ചു. 'ഡോക്ടർ പറഞ്ഞ ദിവസം കഴിഞ്ഞ് ഇന്ന് ഇരുപതാകുന്നു." അമ്മ അപ്പോൾ അടക്കം പറഞ്ഞു.പത്തൊൻപതു ദിവസമായി തുടരുന്ന കാത്തിരിപ്പിന്റെ ഉത്കണ്ഠയാണ് മൂന്നുപേരുടെയും മുഖത്ത് .മാത്രമല്ല ആദ്യ പ്രസവം.അവധി ലഭിക്കാത്തതിനാൽ യുവതിയുടെ ഭർത്താവിന് ദുബായിൽനിന്ന് എത്തിച്ചേരാൻ കഴിഞ്ഞില്ല. ആറേകാൽ മണി കഴിഞ്ഞപ്പോൾ ലേബർ റൂമിന്റെ വാതിൽ തുറന്നു. നഴ്സിന്റെ കൈയിൽ കുഞ്ഞിനെ കണ്ടപ്പോൾ യുവതിയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ആഹ്ളാദത്തിര.പെൺകുഞ്ഞ്. നഴ്സ് പറഞ്ഞു.ഉത്കണ്ഠ ഒഴിഞ്ഞു. ദൈവത്തിന് നന്ദി. യുവതിയുടെ സഹോദരന്റെ മുഖത്ത് അമ്മാവൻ തിളക്കം. 'അച്ഛന്റെ കൂട്ടുത്തന്നെയാണല്ലോ." കുഞ്ഞിനെ നോക്കി മുത്തശ്ശി പറഞ്ഞു.മൂന്നു ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ അച്ഛൻ കാണുന്നത്. അന്നും ഇന്നും അച്ഛൻ രൂപത്തിൽത്തന്നെ മകൾ.ഇരുപതുവർഷത്തിനുശേഷം ദൈവനിശ്ചയം പോലെ 2020 നവംബർ 25. മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പിറന്ന ആ കുഞ്ഞും ജന്മം നൽകിയ അമ്മയും ജീവിതത്തിലെ പോലെ സിനിമയിലും അമ്മയും മകളുമായി കാമറയുടെ മുൻപിൽ. മകളുടെ ചലച്ചിത്ര പ്രവേശം അമ്മയോടൊപ്പമായതും ദൈവനിശ്ചയമാവാം.അതു കണ്ട് നിറഞ്ഞുചിരിച്ച അച്ഛൻ ശരത്.
മനോജ് കാന സംവിധാനം ചെയ്യുന്ന 'ഖെദ്ദ "എന്ന ചിത്രത്തിനാണ് ഈ തിളക്കം.വെള്ളിത്തിരയിൽ ഏറ്റവും സുന്ദരവും എന്നെന്നും ഒാർമിക്കുന്നതുമായ ചുവടുവയ്പ്പ് നടത്താൻ കഴിഞ്ഞതിന്റെ നിറ ആഹ്ളാദത്തിൽ ആശ ശരത്തും മകൾ ഉത്തരയും.വി.എസ്. കൃഷ്ണകുട്ടിയും കലാമണ്ഡലം സുമതിയുമാണ് ആ മുത്തച്ഛനും മുത്ത ശ്ശിയും. അകാലത്ത് വിടപറ ഞ്ഞ അമ്മാവൻ ബാല ഗോ പാൽ കൊച്ചിയിൽ
'ബാലഗോകുലം"എന്ന വീടാണ് ഇപ്പോൾ ലൊക്കേഷൻ.ഇവിടെ 'പങ്കു "എന്ന ചെല്ലപ്പേരുകാരിയാവുന്നു ഉത്തര.
ആശ: ഒന്നര വർഷം മുൻപ് ഞാൻ അഭിനയിക്കാൻ തീരുമാനിച്ച സിനിമയാണ് 'ഖെദ്ദ". വീണ്ടും കഥ പറയാൻ മനോജ് സാർ വന്നപ്പോഴാണ് ഉത്തരയെ കാണുന്നത്.
ഉത്തര: ബിറ്റ്സ് പിലാനി ദുബായ് കാമ്പസിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് പഠിക്കുമ്പോഴാണ് അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടാവുന്നത്. അമ്മയോടാണ് ആദ്യം പറയുന്നത്.
ആശ: പഠനം കഴിഞ്ഞശേഷം ഭാഗ്യവും അവസരവും ഒത്തുവരികയാണെങ്കിൽ അഭിനയിക്കട്ടെ എന്ന തീരുമാനമായിരുന്നു ശരത്തേട്ടനും എനിക്കും.മാത്രമല്ല, സിനിമയെപ്പറ്റി ഒന്നും പറയാൻ കഴിയില്ല. ആളുകളുടെ സ്നേഹം. ഇഷ്ടം എന്നിവ ലഭിക്കുമെന്ന് പറയാനും കഴിയില്ല.
ഉത്തര: അമ്മയുടെ ഒപ്പം അഭിനയിക്കുന്നത് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. തീരെ പ്രതീക്ഷിക്കാതെ എത്തിയ അവസരം.
ആശ: അഭിനയിക്കാൻ അറിയുമോ ഇല്ലയോ എന്നു എനിക്ക് പിടിയില്ലായിരുന്നു. നൃത്തം നന്നായി ചെയ്യുമെന്ന് ഞാൻ മനോജ് സാറിനോട് പറഞ്ഞു.
ഉത്തര: എന്നാൽ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതു തോന്നിതുടങ്ങിയപ്പോഴാണ് അഭിനയിക്കണമെന്ന് അമ്മയോട് പറയുന്നത്.
ആശ: മുഴുനീള വേഷമാണ് ഞങ്ങൾ രണ്ടുപേർക്കും. സബിതയും മകൾ ഐശ്വര്യയും .മകളാണ് എന്റെ ഒപ്പം അഭിനയിക്കുന്നതെന്ന് തോന്നിയില്ല. എന്നാൽ ഒരു സീൻ വന്നപ്പോൾ ഇതു 'പങ്കു"വല്ലേ എന്നു തോന്നി.
ഉത്തര: അമ്മയോടൊപ്പമാണ് അഭിനയിക്കുന്നതെന്ന് എനിക്കും തോന്നിയില്ല. രണ്ട് കഥാപാത്രങ്ങളുടെ അഭിനയം എന്ന് എല്ലാവരും പറഞ്ഞു.അമ്മയും മകളുമായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഏറെ ആസ്വദിച്ചു അഭിനയിക്കാൻ കഴിഞ്ഞു.
ആശ: സ്കൂൾ വിദ്യാർത്ഥിയുടെ വേഷത്തിലാണ് ഉത്തര . യൂണിഫോമിൽ വീണ്ടും കണ്ടപ്പോൾ സന്തോഷം തോന്നി. ഉത്തരയെ എന്നും ചെറുതായി കാണാനാണ് ഇഷ്ടം.
ഉത്തര: സ്കൂളിൽ പഠിച്ചത് അപ്പോൾ ഓർത്തു. വീണ്ടും സ്കൂൾ കുട്ടിയായതുപോലെ.
ആശ: എന്റെ ഒപ്പം അഭിനയിക്കുമ്പോൾ ഒട്ടും ടെൻഷനില്ലായിരുന്നു.
ഉത്തര :ഒപ്പം ഉള്ളത് അമ്മയാണെന്ന് അറിയാം.എന്നാൽ സുധീർ സാറിനും (സുധീർ കരമന) സുദേവ് നായർക്കും ഒപ്പം അഭിനയിക്കുമ്പോൾ ടെൻഷൻ തോന്നി. മനോജ് സാറും ഛായാഗ്രാഹകൻ പ്രതാപ് സാറും നല്ല പ്രോത്സാഹനം തന്നു. 25 ദിവസം എല്ലാവരും ഒരു കുടുംബം പോലെ . സ്കൂളിൽ പോവുന്നതിന് ' പെട്ടെന്ന് റെഡിയാക് "എന്നു അമ്മ പറയുന്നതാണ് എന്റെ ആദ്യ ഷോട്ട്. എനിക്ക് ചെറിയ പേടി തോന്നി. ആക്ഷൻ കേട്ടപ്പോൾ പേടി മാറി.
ആശ: ഡയലോഗ് ഒന്നിച്ചിരുന്നാണ് പഠിച്ചത്. ഞാൻ പറഞ്ഞുകൊടുത്തു. അവിടെ മാത്രം ഞങ്ങള് അമ്മയും മകളും തന്നെയായിരുന്നു.
ഉത്തര: പഠിപ്പിക്കുന്നതിനിടെ അമ്മയുമായി അടികൂടൽ ഉണ്ടായി. സ്കൂളിൽ പഠിക്കുമ്പോഴും ഇതേ അടികൂടൽ നടന്നിട്ടുണ്ട്.
ആശ: കുറച്ചുസമയത്തേക്ക് മാത്രമാണ് ഞങ്ങളുടെ അടികൂടൽ.
ഉത്തര: ആദ്യ സിനിമയുടെ ലൊക്കേഷനിൽത്തന്നെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.പുതിയൊരു കുടുംബത്തിന് ഒപ്പം ആദ്യ പിറന്നാൾ ആഘോഷം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ആദ്യമാണ് ഞാൻ കേരളത്തിൽ പിറന്നാൾ ആഘോഷിക്കുന്നത്.
ആശ:അതിന് സാക്ഷ്യം വഹിക്കാൻ ശരത്തേട്ടനും എനിക്കും ഒരേപോലെ ഭാഗ്യം ലഭിച്ചു.ഒരുപാട് സന്തോഷം തന്ന നിമിഷങ്ങൾ.ശരത്തേട്ടനും എനിക്കും ആദ്യമായി ദൈവം തന്ന സമ്മാനമാണ് ഉത്തര .
ഉത്തര: എൻജിനിയറിംഗിന് പഠിക്കുമ്പോഴും മനസിൽ നൃത്തവും സംഗീതവുമായിരുന്നു.കോളേജിലെ നാടക ക്ളബിലും നൃത്ത ക്ളബിലും സജീവമായിരുന്നു. ഗുരുവായൂരിൽ അമ്മയോടൊപ്പം നൃത്ത പ്രോഗ്രാം ചെയ്യാനാണ് നാട്ടിൽ വന്നത്. ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോവാൻ കഴിയില്ല. സെപ്തംബറിൽ യു.കെയിൽ മാസ്റ്റർ പഠനം ചെയ്യാൻ തീരുമാനിച്ചതാണ്. അതും നടന്നില്ല. അടുത്ത സെപ്തംബറിലാണ് ഇനി കോഴ്സ്.
ആശ: മഹാഭാരതത്തിലെ പ്രശസ്തമായ നർത്തകിയാണ് ഉത്തര. അമ്മയാണ് കൊച്ചുമക്കൾക്ക് പേരിട്ടത്
ഉത്തര: ഞാൻ അഭിനയിക്കാൻ പോവുന്നെന്ന് അറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചത് അപ്പൂപ്പനും അമ്മമ്മയും അച്ഛച്ഛനും അച്ഛമ്മയുമാണ്. പാട്ടിലും അഭിനയത്തിലും അമ്മയെയാണ് ഇഷ്ടം.
ആശ: 'കമലദളം" സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം വന്നപ്പോൾ ഇപ്പോൾ വേണ്ട എന്ന തീരുമാനമായിരുന്നു അച്ഛനും അമ്മയ്ക്കും. എന്നാൽ കൊച്ചുമകൾക്ക് അവസരം വന്നപ്പോൾ ആ ഇഷ്ടത്തിനൊപ്പം അവരാണ് ആദ്യംനിന്നത്. മാത്രമല്ല, ഇപ്പോഴത്തെ കുട്ടികൾക്ക് എന്ത് ചെയ്യണമെന്നും എങ്ങനെ മുൻപോട്ട് പോവണമെന്നും കൃത്യമായി അറിയാം. എന്റെ തലമുറയേക്കാൾ ഇവർക്ക് കാര്യങ്ങൾ അറിയാം.
ഉത്തര: ഞങ്ങൾ മുൻവിധിയോടെയാണ് എല്ലാത്തിനെയും സമീപിക്കാൻ ശ്രമിക്കുന്നത്.
ആശ: പുതു തലമുറക്കാരായ മക്കളാണ് ഉത്തരയും കീർത്തനയും. അവരുടെ അമ്മ എന്ന നിലയിൽ അഭിമാനമുണ്ട്.പലതും അവരിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു. സാധാരണ അച്ഛനും അമ്മയും മക്കളും പോലെയല്ല ഞങ്ങൾ.
ഉത്തര: 'വി ആർ ഫോർ ബഡ്ഡീസ് " അതാണ് ഞങ്ങൾ. ഈ ഭൂമിയിലെ എല്ലാ കാര്യത്തെപ്പറ്റിയും സംസാരിക്കും. അഭിപ്രായങ്ങൾ പറയും. അബദ്ധങ്ങൾ, നല്ല കാര്യങ്ങൾ എല്ലാം. എന്തും തുറന്നുപറയാൻ സ്വാതന്ത്ര്യം അച്ഛനും അമ്മയും തന്നിട്ടുണ്ട്. അതാണ് എന്റെയും കീർത്തനയുടെയും ഭാഗ്യം.
ആശ: ഇവരൊക്കെ വലുതായോയെന്ന് അപ്പോൾ ശരത്തേട്ടനും എനിക്കും തോന്നും. 'ഇപ്പോൾ വലുതായി"എന്നു പറഞ്ഞു ഞങ്ങൾ രണ്ടുപേരും ചിരിക്കും.
ഉത്തര: അമ്മയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം കൂടെത്തന്നെയുണ്ട്. ഈ സമയത്ത് കീർത്തന കൂടി വേണമായിരുന്നു.
ആശ: സ്നേഹമുള്ള ചേച്ചിയും അനുജത്തിയുമാണ് രണ്ടുപേരും. അത്യാവശ്യം കൊച്ചുകൊച്ചു അടികൾ ഉണ്ടായിട്ടുണ്ട്. പങ്കു തെറ്റു ചെയ്താൽ അമ്മുവിനു (കീർത്തന) കൂടി ശിക്ഷ കൊടുക്കുമായിരുന്നു. തിരിച്ചും സംഭവിക്കും.രണ്ടുപേരും തമ്മിൽ ഒന്നേമുക്കാൽ വയസിന്റെ വ്യത്യാസം.
ഉത്തര: ബൈ വൺ ഗെറ്റ് വൺ ഫ്രീ. ഞാനും കീർത്തനയും നല്ല സുഹൃത്തുക്കളാണ്. കീർത്തന വരുന്നത് കാത്തിരിക്കുന്നു.
ആശ: കാനഡയിൽ ജെനിറ്റിക്സ് ബിരുദ വിദ്യാർത്ഥിയാണ് കീർത്തന. കൊവിഡിനെതുടർന്ന് അവിടെ സ്ഥിതി മോശമാണ്. എല്ലാം ശരിയായശേഷം വന്നാൽ മതിയെന്ന് ശരത്തേട്ടനും ഞാനും പറഞ്ഞു. കീർത്തനയ്ക്ക് അഭിനയം ഇഷ്ടമാണോയെന്ന് അറിയില്ല.പഠനത്തിലാണ് കൂടുതൽ ശ്രദ്ധ.
ഉത്തര: ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കുന്ന അച്ഛനെയും അമ്മയെയും ലഭിച്ചതാണ് ഭാഗ്യം.അമ്മയുടെ സിനിമകളിൽ ഭയാനകവും കിംഗ് ലയറുമാണ് ഇഷ്ടം. നൃത്തം തന്നെയാണ് ഏറെ പ്രിയം. അഭിനയവും ഇഷ്ടം തന്നെ. ഒരേസമയം നൃത്തത്തിലും സിനിമയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയണമെന്നാണ് ആഗ്രഹം.നൃത്തത്തിൽ അമ്മയും അമ്മമ്മയുമാണ് ഗുരു.അഭിനയത്തിലും അമ്മ തന്നെയാണ് ഗുരു. ഏഴുവർഷം മുൻപ് അമ്മയ്ക്കും അമ്മമ്മയ്ക്കും അനുജത്തിയ്ക്കും ഒപ്പം നൃത്തം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
ആശ: മൂന്നു തലമുറയുടെ ഒത്തുച്ചേരൽ .ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മറ്റൊരു ദിവസം.
ഉത്തര : രണ്ടു ഗുരുക്കന്മാർക്ക് ഒപ്പം ഞങ്ങൾ രണ്ട് ശിഷ്യർ. അമ്മയും ഗുരുവും പ്രിയ സുഹൃത്തും എല്ലാം ഒരാൾ തന്നെയാവുന്നത് സുഖമാണ്.
ആശ: വീണ്ടും ഗുരുക്കന്മാരും ശിഷ്യരും ഒന്നിക്കാൻ പോവുന്നു.
പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസായ സമയം.രണ്ടു മാസം കഴിഞ്ഞു മോഹൻലാലിന്റെ ലൂസിഫർ.അച്ഛന്റെയും മകന്റെയും സിനിമകൾ തീർക്കുന്ന ആരവങ്ങൾ ഉത്തര ശ്രദ്ധിച്ചു.അതു കൗതുകത്തോടെ നോക്കി.ഇതേപോലെ ഒരു ദിവസം അമ്മയുടെയും തന്റെയും സിനിമകൾ വരണമെന്ന് വെറുതേ ആഗ്രഹിച്ചു. അത് അമ്മയോട് പറയുകയും ചെയ്തു. അമ്മയും മകളുമായി ഒന്നിച്ച് അഭിനയിക്കാൻ അപ്പോൾ ദൈവവും ആഗ്രഹിച്ചിട്ടുണ്ടാവും.എന്നാൽ ഇത്രവേഗം യാഥാർത്ഥ്യമാവുമെന്ന് ഉത്തര പ്രതീക്ഷിച്ചില്ല.അമ്മയോടൊപ്പം ആദ്യമായി നൃത്തം ചെയ്തു. ആദ്യമായി അഭിനയിക്കുന്നതും അമ്മയോടൊപ്പം.അമ്മക്കുട്ടിയായി.'ഖെദ്ദ "യുടെ ടൈറ്റിൽ കാർഡിൽ ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതുമുഖം ഉത്തര ശരത് എന്നു തെളിയാൻ പോവുന്നു. പുരസ്കാരങ്ങൾ ചുറ്റുമതിൽ തീർക്കുന്ന 'ബാലഗോകുല"ത്തിൽ ഇനി രണ്ടു നക്ഷത്രങ്ങൾ.