ബാലതാരമായി വന്ന് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മിന്നിത്തിളങ്ങിയ മീനാക്ഷി നായികയാകാൻ ഒരുങ്ങുന്നു....
അമർ അക്ബർ അന്തോണിയിലഭിനയിക്കുമ്പോൾ മീനാക്ഷി അഞ്ചാം ക്ളാസിലായിരുന്നു. കട്ട പൃഥ്വിരാജ് ഫാനായ മീനാക്ഷി സെറ്റിൽ പൃഥ്വിരാജിനെ നേരിൽക്കണ്ടപ്പോൾ കിളിപോയ മട്ടിലായിരുന്നു. വലുതാകുമ്പോൾ എനിക്ക് രാജുവങ്കിളിന്റെ നായികയാകണം.കൊച്ച് മീനാക്ഷിയുടെ ആവശ്യം കേട്ട് പൃഥ്വിരാജ് ഉൗറിച്ചിരിച്ചു. മുട്ടേന്ന് വിരിയെട്ടടീ...
തന്റെ അന്നത്തെ ഡയലോഗും പൃഥ്വിരാജിന്റെ കൗണ്ടർ ഡയലോഗുമൊക്കെ ഓർക്കുമ്പോൾ മീനാക്ഷിക്ക് ഇപ്പോഴും ചിരിപൊട്ടും.
പണ്ട് മുതലേ ഞാൻ കടുത്ത പൃഥ്വിരാജ് ഫാനാണ്. രാജുവങ്കിൾ ഓരോ സിനിമകളിലുമിടുന്ന ഷർട്ടും പാന്റ്സും കൈയിലിടുന്ന ചെയിനും കഴുത്തിലിടുന്ന മാലയുമൊക്കെ ഞാൻ നോട്ട് ചെയ്യുമായിരുന്നു. രാജുവങ്കിളെന്ന് പറഞ്ഞ് വട്ട് പിടിച്ച് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രയ്ക്കും വലിയ ഫാനായിരുന്നു ഞാൻ. അങ്ങനെയുള്ള എനിക്ക് രാജുവങ്കിളിന്റെയൊപ്പം അമർ അക്ബർ അന്തോണിയിലഭിനയിക്കാൻ ചാൻസ് കിട്ടിയപ്പോഴുള്ള പുകില് പറയണോ. പണ്ടേ രാജുവങ്കിളിനെക്കുറിച്ചോ രാജുവങ്കിളിന്റെ സിനിമകളെക്കുറിച്ചോ ആരെങ്കിലും കുറ്റം പറഞ്ഞാൽ ഞാൻ അവരോട് വഴക്കിടുമായിരുന്നു. പൃഥ്വിരാജ് എന്റെയാണ്. എന്റെയാണ് എന്ന് പറയുമായിരുന്നു. പരിചയപ്പെട്ടപ്പോൾ ഞാൻ രാജുവങ്കിളെന്ന് വിളിച്ച് തുടങ്ങി. പിന്നെ ഞാൻ ഡയലോഗ് മാറ്റി. എന്റെ രാജുവങ്കിളാണ്, എന്റെയാണ്. എന്റെയാ പൃഥ്വിരാജ് ഭ്രാന്ത് അറിയാവുന്നത് കൊണ്ട് എന്റെ വീട്ടിൽപ്പോലും രാജുവങ്കിളിനെക്കുറിച്ച് ആരും ഒരക്ഷരം മിണ്ടില്ല. മീനാക്ഷി പറഞ്ഞുതുടങ്ങി.
അമർ അക്ബർ അന്തോണി കഴിഞ്ഞ്, മീനാക്ഷി അഭിനയിച്ചത് ഒപ്പത്തിലാണ്. മോഹൻലാലിനൊപ്പം.
ലാലങ്കിളിന്റെ കൂടെ അഭിനയിക്കാൻ പോകുന്ന സമയത്ത് എന്റെ വീട്ടുകാർ പോലും ഞെട്ടി. ആർക്കും ആ സമയത്ത് അത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.
രാജുവങ്കിളിനോടെന്ന പോലെ ലാലങ്കിളുമായും ഞാൻ പെട്ടെന്ന് കൂട്ടായി. എന്റെ അച്ഛനെ ഇഷ്ടപ്പെടുന്ന പോലൊരു ഇഷ്ടമാണ് എനിക്ക് ലാലങ്കിളിനോട്.അനൂപ് എന്നാണ് എന്റെ അച്ഛന്റെ പേര്. അച്ഛൻ കഥയെഴുതിയ അമീറ എന്ന സിനിമയാണ് ഇനി റിലീസാകാനുള്ളത്. ടൈറ്റിൽ റോളായിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയമാണ് ആ സിനിമയുടേത്. കഥകളെഴുതാനും പറയാനുമൊക്കെ ഇഷ്ടമുള്ളയാളാണ് അച്ഛൻ. എനിക്കും അച്ഛന്റെ കഥകൾ ഇഷ്ടമാണ്. ഒരുപാട് വിദേശ സിനിമകൾ കാണുന്നയാളാണ് അച്ഛൻ. കൊറിയൻ, സ്പാനിഷ്, ഇറാനിയൻ സിനിമകളൊക്കെ അച്ഛൻ ഞങ്ങളെയും നിർബന്ധിച്ച് കാണിക്കും.
അമീറയുടെ ഡയറക്ടർ റിയാസേട്ടൻ മറ്റൊരു സിനിമയുടെ കഥ പറയാൻ എന്റെ വീട്ടിലേക്ക് വന്നതാണ്. പല കഥകളും പറഞ്ഞ കൂട്ടത്തിൽ റിയാസേട്ടനോട് അച്ഛൻ അമീറയുടെ ത്രെഡ് പറഞ്ഞു. അത് ഇഷ്ടമായ റിയാസേട്ടൻ ഞാൻ ചെയ്തോട്ടെ എന്ന് ചോദിച്ചു. അങ്ങനെയാണ് അമീറയുടെ തുടക്കം.
രണ്ട് രണ്ടര വയസ്സുള്ളപ്പോഴേ ഞാൻ ചെറുതായിട്ട് മോഡലിംഗൊക്കെ ചെയ്യുമായിരുന്നു. അന്ന് എനിക്കൊപ്പം മോഡലിംഗ് ചെയ്ത ആകാശ് ആന മയിൽ ഒട്ടകമെന്ന സിനിമയിലഭിനയിച്ചു. ആകാശിന്റെ അമ്മ അനുച്ചേച്ചി വഴിയാണ് എനിക്ക് ആ സിനിമയിൽ അവസരം കിട്ടിയത്. ആദ്യമഭിനയിച്ചത് ആന മയിൽ ഒട്ടകത്തിലാണെങ്കിലും ആദ്യം റിലീസായത് രണ്ടാമത് അഭിനയിച്ച അമർ അക്ബർ അന്തോണിയാണ്. ആന മയിൽ ഒട്ടകത്തിൽ അമർ അക്ബർ അന്തോണിയുടെ സ്ക്രിപ്ട് റൈറ്റർമാരിലൊരാളായ വിഷ്ണുച്ചേട്ടൻ (വിഷ്ണു ഉണ്ണിക്കൃഷ്ണൻ) അഭിനയിച്ചിട്ടുണ്ട്. വിഷ്ണുച്ചേട്ടൻ വഴിയാണ് അമർ അക്ബർ അന്തോണിയിലേക്ക് വരുന്നത്. എല്ലാം ഒരു നിമിത്തമായിരുന്നു.
ഒപ്പത്തിന്റെ കന്നഡ റീമേക്കായ കവചയിലഭിനയിച്ചത് മറക്കാൻ പറ്റില്ല. അവിടത്തെ സൂപ്പർ സ്റ്റാറായ ശിവരാജ് കുമാർ അങ്കിളായിരുന്നു ആ സിനമയിലെ നായകൻ.
ഒപ്പത്തിലേതിനേക്കാൾ കവചയിലെ എന്റെ കഥാപാത്രത്തിന് കുറച്ചൂടെ പ്രാധാന്യമുണ്ടായിരുന്നു.
ശിവരാജ് കുമാർ അങ്കിളിന് എന്നെ വലിയ ഇഷ്ടമാണ്. ബംഗളൂരുവിൽ ഷൂട്ടിംഗിന് ചെന്നപ്പോൾ ഞാൻ അങ്കിളിന്റെ വീട്ടിലൊക്കെ പോയി. അവിടത്തെ ആന്റിക്കും പിള്ളേർക്കുമൊക്കെ എന്നെ വലിയ ഇഷ്ടമാ. എന്നെ സിനിമ കാണാനും ഷോപ്പിംഗിനുമൊക്കെ അവർ കൊണ്ടുപോകും.
സിനിമയുടെയും ടോപ്പ് സിംഗറിന്റെയും തിരക്കിനിടയിൽ പഠിത്തം ഉഴപ്പുന്നുണ്ടോയെന്ന് പലരും ചോദിക്കാറുണ്ട്. ഞാനിപ്പോൾ പത്താംക്ളാസിലാണ് പഠിക്കുന്നത്. ഇൗ വർഷം എന്തായാലും കൊവിഡ് കൊണ്ടുപോയി. ഇനി എന്തായാലും അടുത്ത വർഷമേ പരീക്ഷ എഴുതുന്നുള്ളൂ.
പഠിത്തത്തിൽ ഒരു ഗ്യാപ്പ് വരുമ്പോഴുള്ള പ്രശ്നമേയുള്ളൂ. ഒരു ഫ്ളോ കിട്ടിക്കഴിഞ്ഞാൽ ഞാൻ ഒാകെയാണ് .
ഇനിയിപ്പോ നായികയായിട്ടേ അഭിനയിക്കുകയുള്ളോയെന്ന് ചോദിച്ചാൽ ചാടിക്കയറി നായികയാകാനൊന്നുമില്ല. തത്കാലം ടീനേജ് വേഷങ്ങളൊക്കെ ചെയ്യാം. സത്യം പറഞ്ഞാൽ അതൊക്കെ അച്ഛനാണ് നോക്കുന്നത്. എനിക്കറിയത്തില്ല. അച്ഛനാണ് അതിന്റെ ഓൾ ഇൻ ഓൾ. അച്ഛൻ കഥ കേട്ടാലും എന്നെയും കേൾപ്പിക്കും. എന്നോട് അഭിപ്രായവും ചോദിക്കും. പക്ഷേ എന്റെ അഭിപ്രായത്തിന് ഒരു വിലയുമില്ലെന്ന് എനിക്ക് നല്ലോണമറിയാം. (ചിരി)
അമ്മയുടെ പേര് രമ്യയെന്നാണ്. രണ്ടനിയന്മാരുണ്ട്, ആരിഷും ആദിഷും. ദ ഗ്രേറ്റ് ഗ്രാന്റ് ഫാദർ എന്ന സിനിമയിൽ ആരിഷ് അഭിനയിച്ചിട്ടുണ്ട്.
ഞാൻ ചേച്ചിയാണെങ്കിലും ശരിക്കും അവർ എന്റെ ചേട്ടന്മാരെപ്പോലെയാണ്. അവരാണ് എന്നെ നോക്കുന്നത്.
ഞാൻ ചിലപ്പോ അനിയന് അടിയും ഇടിയുമൊക്കെ കൊടുക്കാറുണ്ട്. അത് അങ്ങോട്ടും ഇങ്ങോട്ടുമുണ്ട്.
സ്കൂളിൽ സ്ഥിരമായി പോകാൻ പറ്റിയിട്ടില്ല. പോകുന്ന സമയത്തൊക്കെ അവിടെയും ഞാൻ നല്ല തല്ലുണ്ടാക്കുമായിരുന്നു. ആമ്പിള്ളേരുമായിട്ടൊക്കെ തല്ലുണ്ടാക്കിയിട്ടുണ്ട്. ഞാൻ അവിടത്തെ വലിയ ഗുണ്ടയായിരുന്നു. (പൊട്ടിച്ചിരി) വഴക്കിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും കുറേ ഇരട്ടപ്പേരുകൾ വിളിച്ചു. അങ്ങനെ എനിക്ക് വീണുപോയ പേരാണ് വെളുത്തുള്ളി.
കുട്ടാപ്പിയെന്ന് ഞാൻ വിളിക്കുന്ന എന്റെ മാമനാണ് ആ പേര് ടോപ്പ് സിംഗറിലെത്തിച്ചത്.പഠിത്തത്തോടൊപ്പം സിനിമയും മുന്നോട്ടുകൊണ്ടുപോകാനാണ് എന്റെ ആഗ്രഹം.സിനിമ പോലെതന്നെ യാത്രകൾ വലിയ ഇഷ്ടമാണെനിക്ക്. വീട്ടിൽനിന്ന് എല്ലാവരെയും കുത്തിപ്പൊക്കി എങ്ങോട്ടെങ്കിലും യാത്ര പോകാൻ ഞാൻ എപ്പോഴും മുൻകൈ എടുക്കാറുണ്ട്.
പണ്ട് അച്ഛനും ഞാനും കൂടി ബൈക്കിലൊക്കെ കറങ്ങാൻ പോകുമായിരുന്നു. അനിയന്മാർ വന്നശേഷം അച്ഛൻ എന്നെ ബൈക്കിലൊന്നും കൊണ്ടുപോകാറേയില്ല.ബൈക്കിലൊന്നും നിന്നെക്കൊണ്ട് പോകാൻ പറ്റില്ലാന്ന് അച്ഛൻ പറയും.പാലായിലെ പാദുവയാണ് എന്റെ നാട്. വീട്ടിൽനിന്ന് കുട്ടിക്കാനത്തേക്ക് വലിയ ദൂരമില്ല. ഇപ്പോത്തന്നെ ഞാൻ വാശിപിടിച്ച് കുട്ടിക്കാനത്ത് കൊണ്ടുപോകാമെന്ന് അച്ഛൻ വാക്ക് തന്നിരിക്കുകയാ.തമിഴിലും കന്നഡയിലും ഒാരോ സിനിമകൾ കമ്മിറ്റ് ചെയ്തിരുന്നു. ആ സമയത്താണ് കൊവിഡ് വന്നത്. കന്നഡ കുറച്ചറിയാം. ശിവരാജ് കുമാറങ്കിളാണ് എന്നെ കന്നഡ പഠിപ്പിച്ചത്. അവിടെ ചെല്ലുമ്പോൾ ഞാനാണ് അങ്കിളിന്റെ മലയാളം ടീച്ചർ.