കോഴിക്കോട്: ഇന്ത്യൻ ഫുട്ബോളിന്റെ അമരക്കാരായിരുന്ന ഐ എം വിജയനും യു ഷറഫലിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളത്തിലിറങ്ങിയേക്കും. ഏറനാട്ടിൽ ഇടത് സ്വതന്ത്രനായി യു ഷറഫലിയും പാലാക്കാട്ടെ സംവരണ മണ്ഡലങ്ങളായ കോങ്ങാട്, തരൂർ എന്നിവയിലൊന്നിൽ കോൺഗ്രസ് ടിക്കറ്റിൽ ഐ എം വിജയനും മത്സരത്തിന് ഇറങ്ങിയേക്കുമെന്നാണ് സൂചന.
ഏറനാട്ടിൽ മത്സരിക്കുന്നതിനായി യു ഷറഫലിയെ ഇടത് നേതൃത്വം നേരത്തെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം തീരുമാനമെടുത്തിരുന്നില്ല. അടുത്തിടെ സർവീസിൽ നിന്ന് വിരമിച്ച ഷറഫലി ഐ പി എസിന് ശ്രമിക്കുന്നതാണ് തടസമായി പറഞ്ഞിരുന്നത്. ഇപ്പോൾ അദ്ദേഹം മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം.
സി പി ഐയുടെ സീറ്റാണ് ഏറനാടെങ്കിലും സ്വതന്ത്രരായിട്ടാണ് ഇവിടെ ഇടത് സ്ഥാനാർത്ഥികൾ മത്സരിക്കാറുളളത്. നിലവിലെ എം എൽ എ മുസ്ലിം ലീഗിന്റെ പി കെ ബഷീർ മണ്ഡലം മാറുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യസഭാ അംഗത്വ കാവാവധി തീരുന്ന പി വി അബ്‌ദുൾ വഹാബിനെയാണ് ലീഗ് ഇവിടേക്ക് പരിഗണിക്കുന്നത്. പി കെ ബഷീറിനെ മഞ്ചേരിയിൽ മത്സരിപ്പിക്കാനാണ് സാദ്ധ്യത.
സംവരണ സീറ്റായ കോങ്ങാട് ഇത്തവണ ഐ എം വിജയനിലൂടെ നേടാമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യൂത്ത് കോൺഗ്രസാണ് ഐ എം വിജയന്റെ സ്ഥാനാർത്ഥിത്വത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. മന്ത്രി എ കെ ബാലൻ മത്സരിക്കുന്ന തരൂരും പരിഗണനയിലുണ്ട്. ഇവ രണ്ടും സംവരണ മണ്ഡലങ്ങളാണ്.
കോങ്ങാട്ടിൽ നിന്ന് തുടർച്ചയായി രണ്ടു തവണ നിയമസഭയിലെത്തിയിട്ടുളള സി പി എമ്മിന്റെ കെ വി വിജയദാസ് അടുത്തിടെ മരിച്ചിരുന്നു. പുതിയൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനുളള ശ്രമം സി പി എമ്മും നടത്തുന്നുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ അനൗദ്യോഗിക ചർച്ചകൾ നടന്നെങ്കിലും മത്സരിക്കുന്നതിന് ഐ എം വിജയൻ അനുകൂല പ്രതികരണമല്ല നൽകിയതെന്നാണ് വിവരം.