farmers

ന്യൂഡൽഹി: കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്കെതിരെ വ്യാപക പ്രതിഷേധം. സിംഗു അതിർത്തിയിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോകണമെന്ന് പ്രദേശവാസികളായ ഒരുകൂട്ടം ചെറുപ്പക്കാർ ആവശ്യപ്പെട്ടു. ഇവർ ദേശീയ പതാകയേന്തി സ്ഥലത്ത് മാർച്ച് നടത്തി. രാഷ്‌ട്രീയപാർട്ടികളുടെ പേരിലല്ല തങ്ങൾ പ്രതിഷേധിക്കുന്നതെന്നും കർഷകർ ദേശീയ പതാകയെ അപമാനിച്ചെന്നും തങ്ങളുടെ വ്യവസായത്തെ കർഷകരുടെ സമരം മോശമായി ബാധിച്ചെന്നും യുവാക്കൾ അഭിപ്രായപ്പെട്ടു.

പ്രദേശത്ത് സമരം ചെയ്യുന്ന കർഷകർ ഇരുവശവും കടക്കാതിരിക്കാൻ ശക്തമായ സുരക്ഷാ സംവിധാനം പൊലീസ് ഒരുക്കി. റിപബ്ളിക് ദിനത്തിലെ ആക്രമണത്തെ തുടർന്ന് സമരം ചെയ്യുന്ന കർഷക സംഘടനകൾ രണ്ട് വിഭാഗമായി തിരിഞ്ഞിരുന്നു.സംയുക്ത് കിസാൻ മോർച്ച,​ കിസാൻ മസ്‌ദൂർ സംഘർഷ് എന്നിവയാണ് വെവ്വേറെയായി സമരം ചെയ്യുന്നത്. രണ്ട് വിഭാഗങ്ങളും സമരത്തിലെ ആക്രമണത്തിന് പിന്നിൽ നടൻ ദീപ് സിദ്ദുവാണെന്ന് ആരോപിക്കുന്നു. റിപബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്ക് ശേഷം നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിരുന്ന കർഷകരിൽ പലരും അതുപേക്ഷിച്ച് ശക്തമായി സമരം തുടരുകയാണ്.

ഇതിനിടെ ഗാസിപുരിയിൽ സമരഭൂമിയിലേക്കുള‌ള വൈദ്യുതി,​ജല കണക്ഷനുകൾ ഉത്തർപ്രദേശ് സർക്കാർ വിച്ഛേദിച്ചു. ഇവിടെനിന്നും രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകാൻ കർഷകർക്ക് നോട്ടീസും നൽകിയിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ മടങ്ങിയാൽ സമരത്തിൽ പരാജയപ്പെട്ടവരായും ദേശദ്രോഹികളായും ചിത്രീകരിക്കപ്പെടുമെന്നതിനാൽ പിൻവാങ്ങാൻ കർഷകർ തയ്യാറുമല്ല. ഇവിടെ വെള‌ളവും വൈദ്യുതിയും പുനസ്ഥാപിക്കാനായി പൊലീസ് സ്‌റ്റേഷനുകൾ ഉപരോധിക്കാനൊരുങ്ങുകയാണ് കർഷകർ. ഷാജഹാൻപൂരിലും തദ്ദേശവാസികൾ കർഷകർക്കെതിരെ പ്രതിഷേധിച്ചു. തിക്രിയിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.