വാഷിംഗ്ടൺ: പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള ആയുധങ്ങളുടെ വിൽപ്പന താത്ക്കാലികമായി നിറുത്തിവച്ച്
ബൈഡൻ ഭരണകൂടം. ആദ്യഘട്ടത്തിൽ സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കുമുള്ള ആയുധ വിൽപ്പന അമേരിക്ക പുനഃപരിശോധിക്കാനൊരുങ്ങുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.
യു.എ.ഇയിലേക്കുള്ള എഫ് -35 ജെറ്റുകളും സൗദി അറേബ്യയിലേക്കുള്ള ആയുധങ്ങളുടെ വിൽപ്പനയുമാണ് മരവിപ്പിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നിർണായക ഉടമ്പടിയായ അബ്രഹാം ഉടമ്പടിയിലൂടെയാണ് ആയുധ വിൽപ്പന പ്രാവർത്തികമായത്. ഇതിലൂടെ ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്തിരുന്നു.
ട്രംപ് ഭരണകൂടം അംഗീകരിച്ച ആയുധ വിൽപ്പന ബൈഡൻ ഭരണകൂടം അവലോകനം ചെയ്യുന്നത് സാധാരണമാണെന്നും താൽക്കാലികമായി നിറുത്തിയാലും ഇടപാടുകൾ പലതും മുന്നോട്ട് പോകാൻ സാദ്ധ്യതയുണ്ടെന്നും യുഎസ് അധികൃതർ പറഞ്ഞു.
സൗദിയുമായുള്ള അമേരിക്കയുടെ ബന്ധം വീണ്ടും വിലയിരുത്തുമെന്ന് ബൈഡൻ പറഞ്ഞിരുന്നു. ട്രംപിന്റെ കാലത്ത് അമേരിക്ക യു.എ.ഇയുമായും സൗദിയുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. സൗദി അറേബ്യയ്ക്ക് 290 മില്ല്യൺ ഡോളറിന്റെ ബോംബുകൾ വിൽക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാട്ട്മെന്റ് അനുമതി നൽകിയിരുന്നു.
എന്നാൽ, സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ആഗോള തലത്തിൽ ചർച്ചയാകുന്ന സമയത്ത് സൈനിക പിന്തുണ നൽകുന്ന അമേരിക്കയുടെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
ട്രംപ് ഭരണകൂടം അനുമതി നൽകിയ ആയുധ വ്യാപാരം നിറുത്തിവയ്ക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട് .അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതും അമേരിക്കയുടെ വിദേശനയത്തെ മുന്നോട്ട് നയിക്കുന്നതുമാണോ കരാർ എന്നു പരിശോധിക്കും -
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ