സിജു വിൽസന്റെ മൂന്ന് സിനിമകളാണ് തിയേറ്റർ റിലീസിന് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം സിജുവിനെ നിർമാതാവായും മലയാളികൾ കണ്ടു
''പതിറ്റാണ്ടായി മലയാള സിനിമയോടൊപ്പം യാത്ര തുടങ്ങിയിട്ട്. ആദ്യമായാണ് ഒരു വർഷം എന്റേതായി മൂന്ന് സിനിമകൾ തിയേറ്റർ റിലീസിന് ഒരുങ്ങിയത്. അത് കൊവിഡും ലോക്ക് ഡൗണും കാരണം മുടങ്ങിപോയി. എന്നാലും ഞാൻ അതിനെയെല്ലാം പോസിറ്റീവായി മാത്രം കാണുന്നു. ആദ്യമായി നിർമ്മിച്ച വാസന്തി സംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മനസിനും ശരീരത്തിനും ഒന്ന് ഫ്രഷാവാനുള്ള സമയം കിട്ടി കഴിഞ്ഞ വർഷം . അതുപോലെ നല്ല പ്രോജക്ടുകൾക്ക് കൈകൊടുക്കാനും സാധിച്ചു. "" നേരത്തിലേ ജോണായും പ്രേമത്തിൽ ജോജോയായും കട്ടപ്പനയിൽ ഋത്വിക് റോഷനിലെ ജിയോയായും മലയാളികൾക്ക് പ്രിയങ്കരനായ സിജു വിൽസന്റേതായി മൂന്ന് സിനിമകളാണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. നടനെന്നതിലുപരി സിജു ഇപ്പോൾ നല്ല സിനിമകളെ സപ്പോർട്ട് ചെയ്യുന്നതിനു വേണ്ടി നിർമാതാവിന്റെ കുപ്പായവുമണിഞ്ഞു. എന്തുകൊണ്ടാണ് സിജു പത്തു വർഷം കൊണ്ട് ഇത്രയും കുറച്ചു സിനിമകളിൽ മാത്രം മുഖം കാണിച്ചതെന്ന് ചോദ്യത്തിന് ചിരിച്ചുകൊണ്ട് സിജു ഇങ്ങനെ പറഞ്ഞു. '' ഒരു ജോലി ഉപേഷിച്ച് സിനിമയെ പ്രണയിച്ച് സിനിമയോടൊപ്പം ചേർന്നൊരാളാണ് ഞാൻ. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടപ്പെടുന്ന എനിക്ക് സംതൃപ്തി തരുന്ന കഥാപാത്രങ്ങൾ മാത്രമേ ഞാൻ ചെയ്യുകയുള്ളൂ."" ഇത് പറഞ്ഞവസാനിപ്പിക്കുമ്പോൾ സിജുവിന്റെ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ടായിരുന്നു.
ഇനി വരുന്ന ചിത്രങ്ങളിൽലീഡ് റോൾ
ഹാപ്പി വെഡിങ്ങും വാർത്തകൾ ഇതുവരെയുമൊക്കയാണ് ഞാൻ ലീഡ് റോളിലെത്തിയ സിനിമകൾ . അത് കഴിഞ്ഞു വരയനിലും ഇന്ന് മുതൽ എന്നീ ചിത്രങ്ങളിലാണ് ലീഡ് റോളിൽ എത്തുന്നത്. വരയനിൽ എബിച്ചൻ എന്ന് പേരുള്ള പള്ളീലച്ചന്റെ വേഷമാണ്. വരയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഡാനി കപ്പൂച്ചിൻ എന്ന പുരോഹിതനാണ്.ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണ്. വരയന്റെ പോസ്റ്റർ വന്നപ്പോൾ മികച്ച പ്രതികരണം ലഭിച്ചിരുന്നു. കഥാപാത്രം എന്താണോ ഡിമാൻഡ് ചെയ്യുന്നത് അതിനായുള്ള ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തിരക്കഥാകൃത്തായ ഫാദറുമായി സംസാരിച്ച് പുരോഹിതരുടെ ചില സ്വഭാവങ്ങളും മാനറിസവുമൊക്കെ മനസിലാക്കാൻ ശ്രമിച്ചിരുന്നു.
രജീഷ് മിഥിലയുടെ ഇന്ന് മുതലാണ് മറ്റൊരു ചിത്രം. എനിക്കങ്ങനെ നല്ല സിനിമകളോ തിരക്കഥകളോ വരാറില്ല. ഇന്നു മുതലും വരയനും ഒരുപാട് വർഷങ്ങൾക്ക് ശേഷം എന്നെ തേടിയെത്തിയ മികച്ച രണ്ട് തിരക്കഥകളാണ്. ഇന്നു മുതൽ അഭിനന്ദൻ എന്ന് പേരുള്ള യൂബർ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. സാഹചര്യങ്ങളാൽ അൽപ്പം ഉടായിപ്പ് കാണിക്കുന്ന പ്രകൃതം .പുള്ളി ഒരു കൃഷ്ണ ഭക്തനാണ് . നമുക്ക് ചുറ്റും കാണാൻ കഴിയുന്ന കഥാപാത്രമാണ് അഭിനന്ദിന്റേത്. അതിന് വേണ്ടി കുറച്ച് വയറൊക്കെ വച്ചിരുന്നു. ഇന്ന് മുതലിൽ ഒരു സന്ദേശവുമുണ്ട്.ഇന്ന് മുതൽ ഫാന്റസി ഫീൽ ഗുഡ് മൂവിയാണ്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന സിനിമയിൽ കിരൺ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു കല്യാണ ദിവസവും അതിന്റെ തലേന്നും നടക്കുന്ന ആഘോഷമാണ് സിനിമയിൽ പറയുന്നത്. ചിത്രത്തിൽ സൈജു ചേട്ടനാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജോണി ആന്റണി ചേട്ടനും ശബരിഷുമൊക്കെയുണ്ട്. ഒരു നാടൻ എന്റർടൈൻമെന്റ് ചിത്രമാണ്. നാട്ടുമ്പുറത്തെ കല്യാണവും അവിടെ നടക്കുന്ന ഹ്യുമറുമാണ് ചിത്രം പറയുന്നത്.അതും തിയേറ്ററിൽ കാണേണ്ട സിനിമയാണ്.
വാസന്തിയുടെ നിർമാതാവ്
വാസന്തിയിൽ അഭിനയിക്കാനാണ് ഞാൻ എത്തിയത്. എന്റെ സുഹൃത്തുക്കളുടെ സിനിമ(റഹ്മാൻ സഹോദരങ്ങൾ ). അവരുടെ സിനിമയിൽ ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. വാസന്തിയിൽ സുകു എന്നാണ് കഥാപാത്രത്തിന്റെ പേര് . ഞാൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രം.സിനിമ മുൻപോട്ട് പോകാൻ ചില സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ നിർമ്മാണം ഏറ്റെടുത്തു എന്ന് മാത്രം. നമ്മൾ നല്ലൊരു സിനിമ ചെയ്തിട്ട് അത് എല്ലാവരെയും കാണിക്കണമല്ലോ. വർക്ക് ചെയ്ത നമ്മൾക്കെങ്കിലും ഇത് ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കണം.
സിനിമാ നിർമ്മാണം മനസിലുള്ളതാണ് പക്ഷേ ഇത്രയും പെട്ടന്ന് അത് നടക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഇങ്ങനത്തെ സിനിമകളെ നമ്മൾ സപ്പോർട്ട് ചെയ്യണം. കുറച്ചുകാലം കഴിഞ്ഞാൽ നമ്മൾ ജീവിച്ചിരുപ്പില്ലെങ്കിലും ഇങ്ങനെയുള്ള പാരലൽ സിനിമകൾ സിനിമ പഠിക്കാനായി റഫറൻസ് പോലെ തന്നെയുണ്ടാകും. ഞാൻ സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയതിന് ശേഷമാണ് അരവിന്ദന്റെയും കെ . ജി ജോർജിന്റെയുമെല്ലാം സിനിമകൾ കണ്ടു തുടങ്ങിയത്. മലയാള സിനിമയിൽ പരീക്ഷണങ്ങൾ നടത്തിയ ഒരുപാട് സിനിമകളുണ്ട്. അവയെല്ലാം തേടിപ്പിടിച്ചു കാണുന്നത് സിനിമയെ ഗൗരവമായി എടുത്തതിന് ശേഷമാണ്. വാസന്തി ചെയ്യുമ്പോൾ അവാർഡ് കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. നല്ല സിനിമ ചെയ്യണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. ഇനിയും നല്ല സിനിമകളുടെ ഭാഗമാവണമെന്ന് ആഗ്രഹമുണ്ട്. ഈ അവാർഡ് ഇത്തരത്തിൽ സിനിമ ഇനിയും ചെയ്യുന്നതിന് പ്രചോദനമാവും. വാസന്തി തിയേറ്ററുകളിൽ റിലീസ് ചെയ്യാമെന്ന് തീരുമാനത്തിൽ നിൽക്കുമ്പോഴായിരുന്നു ലോക് ഡൗണും കൊവിഡും വരുന്നത്. ഇപ്പോഴും അതിന്റെ ചർച്ചകൾ നടകുന്നുണ്ട് അവസാന തീരുമാനമായില്ല.
പ്രണയദിനം ആഘോഷിക്കട്ടെ...
സന്തോഷമുള്ള എല്ലാ നിമിഷങ്ങളും ആഘോഷമാക്കുന്ന ആളാണ് ഞാൻ . അതിപ്പോൾ പ്രണയദിനം ആയാലും അങ്ങനെ തന്നെ. ഞാൻ എപ്പോഴും സന്തോഷമായിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ഭാര്യ ശ്രുതിയുമായി പ്രണയ വിവാഹമായിരുന്നു. നാലു വർഷത്തോളം പ്രണയിച്ചാണ് ഞങ്ങൾ വിവാഹംചെയ്യുന്നത്. ഞങ്ങൾ പ്രണയത്തിലാവുന്നത് നേരം റിലീസ് സമയത്താണ്. വീട്ടിൽ അറിയിച്ചപ്പോൾ രണ്ടു മതമായതുകൊണ്ട് ചെറിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് ഞങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോൾ അവരും ഹാപ്പി.
ഞാൻ ഇപ്പോഴും കാമുകൻ തന്നെയാണ്. ഭർത്താവ് എന്ന മാറ്റമൊന്നും എന്നെ ബാധിച്ചിട്ടില്ല.പ്രണയിച്ചുകൊണ്ടിരിക്കുമ്പോൾ പ്രണയദിനത്തിൽ കാണാൻ പോകുന്നു . കാർഡ് അയക്കുന്നു. സർപ്രൈസുകൾ കൊടുക്കുന്നു. അങ്ങനെ വേണ്ട എല്ലാത്തരത്തിലും ആഘോഷിച്ചിട്ടുണ്ട് വാലന്റൈൻസ് ഡേ. എനിക്ക് അതെല്ലാം സ്പെഷ്യലാണ്. നമുക്ക് മാത്രമായുള്ള സ്പെഷ്യൽ ദിവസങ്ങൾ ആഘോഷമാക്കുകയും അന്നുണ്ടായ നല്ല കാര്യങ്ങളെ കുറിച്ച് അയവിറക്കുകയും ചെയ്യുന്ന പ്രകൃതമാണ് എന്റേത്. ചെറിയ പ്രായത്തിൽ എനിക്ക് വൺ വേ ഇഷ്ടങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ പ്രൊപ്പോസ് ചെയ്യാൻ പേടിയായിരുന്നു. വലുതായപ്പോൾ അതൊക്കെ മാറി. ശ്രുതി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. വിവാഹശേഷം കൊച്ചിയിൽ എന്റെ കൂടെയുണ്ട്. ശ്രുതിയാണ് എന്റെ ക്രിട്ടിക്കൽ റിവ്യൂവർ. എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന ആളും ശ്രുതിയാണ്.