pug-man

മുംബയ്: പിങ്ക് കളർ ഫുൾ സ്ളീവ് സിൽക്ക് ഷർട്ടും കസവുമുണ്ടും ധരിച്ച് വരൻ 'രണ്ടു കാലിൽ' നിന്നു. തികച്ചും 'മലയാളി' ലുക്കിൽ പഗ് പയ്യൻ. തൂശനിലയിൽ തുമ്പപ്പൂ ചോറും കറികളും നിരന്നു. നീ മാത്രം വന്നില്ലല്ലോ... എന്നു പറയാതെ പറയുകയാണ് സോഷ്യൽ മീഡിയയിലെ ഈ പോസ്റ്റ്.

പഗ് പയ്യൻസിന് ജീവിതപങ്കാളിയെ ആവശ്യമുണ്ട് എന്നാണ് പരസ്യം. ഇതിന്റെ സ്ക്രീൻഷോട്ട് ബംഗളൂരു സ്വദേശിയായ ദാമിനി ട്വിറ്ററിൽ ഷെയർ ചെയ്തതോടെയാണ് "ചെക്കൻ" വൈറലായത്.

' മകൾക്ക് വേണ്ടി സുന്ദരനായ മലയാളി പയ്യനെ നോക്കുകയാണെങ്കിൽ' - എന്ന കുറിപ്പോടെയാണ് പഗിന്റെ ഫോട്ടോകൾ പങ്കുവച്ചത്.

ട്വിറ്ററിലുള്ളത് സ്‌ക്രീൻ ഷോട്ടായതിനാൽ പഗ് പയ്യനുവേണ്ടി വധുവിനെ തേടുന്നത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

സോഷ്യൽ മീഡിയ വിവാഹാലോചന ആഘോഷിക്കുകയാണ്. അങ്ങ് കാശ്മീരിൽ നിന്നുവരെ ശ്വാനവധുക്കൾക്കുവേണ്ടി ഉടമകൾ സമ്മതം അറിയിച്ചിട്ടുണ്ട്.

ലോക്ക് ഡൗണിൽ ആഘോഷങ്ങൾ മുടങ്ങിതോടെ വളർത്തുനായയെ മണവാട്ടിയായും മണവാളനായും ഒരുക്കി സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ പ്രചരിച്ചിരുന്നു.