ആലാപന രംഗത്ത് 25 വർഷം പിന്നിടുന്ന മധുബാലകൃഷ്ണന്റെ പാട്ടും ജീവിതവും
മലയാളം, തമിഴ് , തെലുങ്ക്, കന്നഡ, തുളു, ബംഗാളി, സൗരാഷ്ട്ര, ഹിന്ദി... എട്ട് ഭാഷകളിലായി കാൽനൂറ്റാണ്ട് കാലം കൊണ്ട് മധുബാലകൃഷ്ണൻ പാടിയത് അഞ്ഞൂറിലധികം ഗാനങ്ങൾ.
' സിൽവർ ജൂബിലി പിന്നിടുന്നതിന്റെ ആഘോഷമൊന്നുമില്ലേ"" യെന്ന് ചോദിച്ചാൽ മധുബാലകൃഷ്ണന്റെ മുഖത്ത് പാടിയ പാട്ടുകളേക്കാൾ മധുരമുള്ളാെരു ചെറുചിരി വിടരും. 'കാര്യമായ ആഘോഷമൊന്നും ഞാൻ പ്ളാൻ ചെയ്യുന്നില്ല. ഇനിയും സമയമുണ്ടല്ലോ. ആഘോഷങ്ങളോട് എനിക്ക് വലിയ താത്പര്യമില്ല."
റെക്കോർഡിംഗുകളുടെയും റിയാലിറ്റി ഷോകളുടെയുമൊക്കെ തിരക്കുകൾക്കിടയിൽ വീണുകിട്ടിയ ഒരൊഴിവ് ദിവസം വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പംകൂടാൻ പറ്റിയതിന്റെ ആഹ്ളാദത്തിലാണ് മധുബാലകൃഷ്ണൻ.
'വീട്ടിൽ എല്ലാർക്കുമൊപ്പം ഒത്തുകൂടുന്നതല്ലേ ഏറ്റവും വലിയ ആഘോഷം. " മധുവിന്റെ മുഖത്ത് വീണ്ടും പതിവ് ചിരി.
'അച്ഛൻ ബാലകൃഷ്ണനും അമ്മ ലീലാവതിക്കും പാടാനുള്ള കഴിവുണ്ടായിരുന്നെങ്കിലും അവർ പ്രൊഫഷണൽ പാട്ടുകാരൊന്നുമായിരുന്നില്ല" പാട്ടിലേക്ക് വന്ന വഴി മധുബാലകൃഷ്ണൻ പറഞ്ഞു തുടങ്ങി. കേൾവിക്കാരായി ഭാര്യ വിവിധയെന്ന ദിവ്യയും മക്കളും.
'ദിവ്യയും കുട്ടിക്കാലത്ത് പാട്ട് പഠിച്ചിട്ടുണ്ട്. അടുത്തിടെ ഞാൻ പാടിയ ഒരു ആൽബം സോംഗ് എഴുതിയതും ദിവ്യയാണ്."
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ തൊട്ടു മൂത്ത സഹോദരിയാണ് വിവിധ.
'ഞങ്ങൾ ബന്ധുക്കളാണ്. കുട്ടിക്കാലംതൊട്ടേ അറിയാം. അന്നൊന്നും പ്രണയമില്ലായിരുന്നു. കല്യാണത്തിന് ഒന്നരക്കൊല്ലം മുൻപാണ് പ്രേമിച്ചത്. പണ്ട് ഞാനൊരു ചാനലിൽ റിയാലിറ്റി ഷോ ചെയ്തിരുന്നു. അത് കണ്ടിട്ട് അഭിപ്രായം പറയാൻ വേണ്ടി വിളിച്ചുവിളിച്ചാണ് പ്രേമത്തിലായത്." മധുവിന്റെ പൊട്ടിച്ചിരിക്കൊപ്പം വിവിധയും കൂട്ടുചേർന്നു.
പ്രണയകാലത്ത് ഭാര്യയ്ക്ക് പാടിക്കൊടുത്തിട്ടുള്ള പാട്ടുകൾ ഏതൊക്കെയാണ്?
ദാസേട്ടൻ പാടിയ ഉള്ളടക്കത്തിലെ അന്തിവെയിൽ പൊന്നുരുകും... ഞാൻ ഗന്ധർവ്വനിലെ ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം, ദേവീ.. എന്നീ പാട്ടുകളാണ് ദിവ്യ പാടിത്തരാൻ പറഞ്ഞിട്ടുള്ളതും ഞാൻ പാടിക്കൊടുത്തിട്ടുള്ളതും.
ശിവന്റെയും കൃഷ്ണന്റെയും ദേവിയുടെയും ഭക്തനാണ് മധുബാലകൃഷ്ണൻ.
'എന്റെ മക്കളുടെ പേര് മാധവെന്നും മഹാദേവെന്നുമാണ്. മാധവ് കൃഷ്ണന്റെ പര്യായവും മഹാദേവ് ശിവന്റെ പര്യായവും. മാധവന്റെ നക്ഷത്രം രോഹിണിയാണ്. മഹാദേവിന്റെ നക്ഷത്രം തിരുവാതിരയും. ആദ്യത്തെ കുട്ടി ആണാണെങ്കിൽ മാധവെന്ന് പേരിടണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്റെ വീടിന്റെ പേര് മാധവമെന്നുമാണ്. രണ്ടാമത്തെ മോന് മാധവിനോട് മാച്ച് ചെയ്യുന്ന മഹാദേവെന്ന പേര് നേരത്തേ തീരുമാനിച്ചിരുന്നു. എന്തോ ഒരുനിമിത്തം പോലെ അവൻ തിരുവാതിര നക്ഷത്രത്തിൽത്തന്നെ പിറന്നു. എനിക്ക് ഒരനിയനുണ്ട്. ശ്രീകുമാർ ബാലകൃഷ്ണൻ. ദുബായിൽ ജോലി ചെയ്യുന്നു.
പിന്നണി ഗായകനായുള്ള അരങ്ങേറ്റം തമിഴിലായിരുന്നല്ലോ?
ഞാൻ മദ്രാസിൽ ഗുരുനാഥൻ ജി.വി. ഗോപാലകൃഷ്ണൻ സാറിന്റെ അക്കാദമി ഒഫ് ഇന്ത്യൻ മ്യൂസിക്സിൽ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഷാ എന്ന സംഗീത സംവിധായകൻ പുതിയൊരു ഗായകനെ അവതരിപ്പിക്കണമെന്ന ആഗ്രഹവുമായി അവിടെയെത്തിയത്. ഗുരുനാഥൻ എന്റെ പേരാണ് നിർദ്ദേശിച്ചത്. അങ്ങനെ 1995 ൽ വിജയകാന്ത് സർ നായകനായ ഉഴവുത്തുറൈ എന്ന സിനിമയിൽ പാടി. ആദ്യത്തെ പാട്ട് തന്നെ ചിത്രചേച്ചിയോടൊപ്പം പാടാനുള്ള ഭാഗ്യം കിട്ടി.ഞാൻ ആദ്യമായി സംഗീതം ചെയ്ത മൈഡിയർ മച്ചാൻ എന്ന സിനിമയിലും ചിത്രചേച്ചിയോടൊപ്പമാണ് പാടിയത്. 1996 ൽ ആണ് ഉഴവുത്തുറൈ റിലീസായത്.
ഇളയരാജാ സാറിനൊപ്പമുള്ള അനുഭവങ്ങൾ?
ഭാരതി എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് ഞാൻ രാജാസാറിന്റെ സംഗീതത്തിൽ ആദ്യമായി പാടിയത്. ആ സിനിമയിൽ രണ്ട് പാട്ടുകൾ പാടി. തമിഴിലും മലയാളത്തിലും രാജാ സാറിന്റെ കുറേ പാട്ടുകൾ പാടി.
എല്ലാ കാര്യത്തിലും കൃത്യനിഷ്ഠയും ചിട്ടയുമുള്ള ഒരാളാണ് രാജാ സാർ. പാടിപ്പിക്കുമ്പോൾ അദ്ദേഹം കംപോസ് ചെയ്തതിനപ്പുറം ഒരു ഇംപ്രൊവൈസേഷനും സമ്മതിക്കില്ല. ഇംപ്രൊവൈസ് ചെയ്യേണ്ട കാര്യവുമില്ല. അദ്ദേഹം ചെയ്തുവച്ചിരിക്കുന്നതിനപ്പുറത്തേക്കൊന്നും പോകേണ്ട കാര്യമില്ല.
തമിഴിൽ പാടിയ പാട്ടുകളിൽ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് പാർത്ഥിപൻ കനവിലെ കനാ കണ്ടേനെടിയാണ്.
അതെ വിദ്യാജി (വിദ്യാസാഗർ) ഈണമിട്ട പാട്ട്. വർക്കലയിലുള്ള സൂര്യനാരായണ സ്വാമിയാണ് എന്നെ വിദ്യാജിക്ക് പരിചയപ്പെടുത്തിയത്.
ശ്രീനാരായണ ഫൗണ്ടേഷന്റെ ഒരു പ്രോഗ്രാമിന് സിംഗപ്പൂരിൽ പോയപ്പോഴാണ് സ്വാമി തന്റെ സുഹൃത്തായ വിദ്യാജിയുടെ കാര്യം പറഞ്ഞത്. മധു എന്താ വിളിക്കാത്തതെന്ന് ചോദിച്ചു. ഞാൻ സിംഗപ്പൂരിൽ നിന്ന് വിദ്യാജിയെ വിളിച്ചു: ''ഇത്ര ദൂരത്ത് നിന്ന് വിളിക്കുന്നതെന്തിനാ അടുത്ത് വന്ന് സംസാരിക്കൂ" വെന്ന് വിദ്യാജി എന്നോട് പറഞ്ഞു. നാട്ടിലെത്തി വിളിച്ചപ്പോൾ അടുത്ത ദിവസം മദ്രാസിലേക്ക് വരാൻ പറഞ്ഞു. അങ്ങനെ അവിടെ ചെന്നപ്പോൾ പാടിയ പാട്ടാണ് കനാകണ്ടേനെടീ തോഴി... എന്റെ കരിയറിലെ ആദ്യത്തെ വലിയ ഹിറ്റ്.
ചന്ദ്രമുഖിയിലെ കൊഞ്ചനേരം എന്ന പാട്ട് ആശാ ഭോസ്ലെയ്ക്ക് ഒപ്പമാണ് പാടിയത്?
ആ പാട്ട് ആശാജി എനിക്ക് മുമ്പേ വന്ന് പാടി. അന്ന് ദുബായിലായിരുന്നു ആശാജി താമസിച്ചിരുന്നത്. ഇപ്പോഴും ദുബായിലാണെന്ന് തോന്നുന്നു. ആശാജി പാടിക്കഴിഞ്ഞ് അടുത്ത ദിവസമാണ് കൊഞ്ച നേരമെന്ന പാട്ട് ഞാൻ പാടിയത്.
അത് ഡ്യുയറ്റായിരുന്നെങ്കിലും ഒരുമിച്ച് പാടാൻ പറ്റിയില്ല. പക്ഷേ കാണാൻ സാധിച്ചിട്ടുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ 'കൊഞ്ചനേരം... എന്ന പാട്ട് ഇങ്ങോട്ട് പാടിത്തന്നിട്ടുമുണ്ട്.
ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ പാടാൻ കഴിയാത്തത് ഒരു സ്വകാര്യദുഃഖമായി മധു ബാലകൃഷ്ണൻ മനസിൽ സൂക്ഷിക്കുന്നു. ദേവരാജൻ മാസ്റ്ററിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ എറണാകുളത്ത് ആഘോഷിച്ചപ്പോഴാണ് മധു ബാലകൃഷ്ണൻ ദേവരാജൻ മാസ്റ്ററുമായി കൂടുതൽ അടുക്കുന്നത്.
''പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചില്ലെങ്കിലും അദ്ദേഹം ഇടയ്ക്കിടെ എന്നെ ഇങ്ങോട്ട് വിളിക്കുമായിരുന്നു. ടാ മധൂ... നീയെന്റെയടുത്തേക്ക് ഒന്ന് വന്നിട്ട് പോ.... നീ പാടുന്ന സ്റ്റൈലൊന്ന് മാറ്റിയെടുക്കണം. നീ ഇപ്പോ യേശുവിന്റെ പോലെയാ പാടുന്നത്. യേശുവും തുടക്കകാലത്ത് പലരെയും അനുകരിച്ചാണ് വന്നത്. നീയും കുറച്ച് കാലം കഴിയുമ്പോൾ അത് മാറ്റിയെടുക്കണം." മധു ബാലകൃഷ്ണൻ ഓർമ്മിച്ചു.
യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം ദേവരാജൻ മാസ്റ്ററെപ്പോലെപലരും പറഞ്ഞിട്ടില്ലേ?
ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ദാസേട്ടന്റെ ശബ്ദവുമായി സാമ്യം പറയുന്നതിൽ പ്ളസ് പോയിന്റും മൈനസ് പോയിന്റുമുണ്ട്. കുറച്ച് കാലമേ ആ ശബ്ദസാമ്യമുണ്ടായിരുന്നുള്ളൂ. എന്റേത് അല്പം ഡെപ്ത്ത് കൂടിയ ശബ്ദമാണ്. അങ്ങനെ ശബ്ദമുള്ള ഗായകരെ ദാസേട്ടനുമായി താരതമ്യം ചെയ്യും. കുട്ടിക്കാലം തൊട്ടേ ഏറ്റവുമധികം കേട്ടിട്ടുള്ളത് ദാസേട്ടന്റെ പാട്ടുകളാണ്. ആ ശൈലി എന്നെ സ്വാധീനിച്ചിട്ടുണ്ട്. എവിടെ പോയാലും ദാസേട്ടന്റെ ശബ്ദം കേൾക്കാം. മലയിലേക്ക് നോക്കിയാലും പുഴയിലേക്ക് നോക്കിയാലും മരങ്ങളിലേക്കും ചെടികളിലേക്കും നോക്കിയാലും ആകാശത്തേക്ക് നോക്കിയാലും ദാസേട്ടന്റെ പാട്ട് കേൾക്കാം.
ജയേട്ടന്റെ (ജയചന്ദ്രൻ) ശൈലിയും എന്നെ ആകർഷിച്ചിട്ടുണ്ട്. അച്ഛന് ജയേട്ടന്റെ പാട്ടുകൾ വലിയ ഇഷ്ടമായിരുന്നു.
സംഗീതം:
മധു ബാലകൃഷ്ണൻ
മൈഡിയർ മച്ചാൻ എന്ന ചിത്രത്തിലൂടെ സിനിമാ സംഗീത സംവിധാന രംഗത്തേക്കും കടക്കുകയാണ് മധുബാലകൃഷ്ണൻ. നവാഗതനായ സുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിൽ. ''ഒരേയൊരു പാട്ടേയുള്ളൂ ആ സിനിമയിൽ. ചിത്രചേച്ചിയും ഞാനുമാണ് പാടിയിരിക്കുന്നത്. രമേശേട്ടനാ (എസ്. രമേശൻനായർ) പാട്ടെഴുതിയിരിക്കുന്നത്. " മധു ബാലകൃഷ്ണൻ പറയുന്നു. നിരവധി ഭക്തിഗാനങ്ങൾക്കും മധു ബാലകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.
മമ്മുക്കയും ലാലേട്ടനും
ദിലീപേട്ടനും
മമ്മുക്ക നിർമ്മിച്ച ജ്വാലയായ് എന്ന സീരിയലിന്റെ ടൈറ്റിൽ സോംഗ് ഞാനാണ് പാടിയത്. അന്ന് തൊട്ടേ മമ്മുക്കയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. ഒരുപാട് സിനിമകൾക്ക് വേണ്ടി മമ്മുക്ക എന്നെ റെക്കമെന്റ് ചെയ്തിട്ടുണ്ട്. കാഴ്ച, പോത്തൻവാവ, തസ്ക്കരവീരൻ, രാപ്പകൽ അങ്ങനെ മമ്മുക്കയുടെ കുറേ സിനിമകളിൽ പാടി. മമ്മുക്കയ്ക്ക് എന്റെ ശബ്ദം നന്നായി ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. റോക്ക് എൻ റോളിലെ രാവേറെയായി പാടിക്കഴിഞ്ഞപ്പോൾ ലാലേട്ടനും എന്റെ ശബ്ദം ചേരുമെന്ന് പറഞ്ഞു. വിനോദയാത്രയിലെ മന്ദാരപ്പൂ മൂടി പാടിയ ശേഷം ദിലീപേട്ടന് എന്റെ ശബ്ദം ചേരുമെന്ന് പറഞ്ഞിട്ടാണ് ബ്ളെസിച്ചേട്ടൻ കൽക്കട്ട ന്യൂസിലെ എങ്ങുനിന്നോ വന്ന പഞ്ചവർണക്കിളിയെന്ന പാട്ട് എന്നൊക്കൊണ്ട് പാടിച്ചത്.
മധു ബാലകൃഷ്ണന്റെ പ്രിയപ്പെട്ട സ്വന്തം ഗാനങ്ങൾ
മലയാളം
1. അമ്മേ അമ്മേ... (വാൽക്കണ്ണാടി- രചന: എസ്. രമേശൻ നായർ, സംഗീതം : എം. ജയചന്ദ്രൻ)
2. ചെന്താർ മിഴി... (പെരുമഴക്കാലം. രചന: കൈതപ്രം, സംഗീതം : എം. ജയചന്ദ്രൻ)
3. ചെന്താമരയേ വാ... (തസ്ക്കരവീരൻ. രചന : എം.ഡി. രാജേന്ദ്രൻ, സംഗീതം : ഔസേപ്പച്ചൻ)
4. മുത്തേ നിന്നെ (അമൃതം. രചന: കൈതപ്രം, സംഗീതം: എം.ജയചന്ദ്രൻ)
5. കുട്ടനാടൻ കായലിലെ (കാഴ്ച. രചന: കൈതപ്രം, സംഗീതം : മോഹൻ സിതാര)
6. രാവേറെയായ് പൂവേ... (റോക്ക് 'N" റോൾ. രചന : ഗിരീഷ് പുത്തഞ്ചേരി, സംഗീതം: വിദ്യാസാഗർ)
7. തിരുവരങ്ങിൽ നടനമാടും (ഉടയോൻ. രചന: കൈതപ്രം, സംഗീതം: ഔസേപ്പച്ചൻ)
8. മന്ദാരപ്പൂ മൂളീ... (വിനോദയാത്ര. രചന : വയലാർ ശരത്ചന്ദ്രവർമ്മ. സംഗീതം: ഇളയരാജ)
9. പൊന്നാവണിപ്പാടം (രസതന്ത്രം. രചന : ഗിരിഷ് പുത്തഞ്ചേരി, സംഗീതം : ഇളയരാജ)
10. എങ്ങു നിന്ന് വന്ന (കൽക്കട്ട ന്യൂസ്. രചന: വയലാർ ശരത്ചന്ദ്രവർമ്മ. സംഗീതം : ദേബ് ജ്യോതിമിശ്ര).
തമിഴ്
1. എതിലും ഇങ്ക് ഇരുപ്പാ അവൻ യാരോ....
(ഭാരതി. സംഗീതം: ഇളയരാജ)
2. ഉള്ളത്തെ തിറന്ത് (ഉഴവുത്തുറൈ. സംഗീതം: ഷാ)
3. പിറൈയേ പിറൈയേ (പിതാമഹൻ. സംഗീതം : ഇളയരാജ)
4. കനാകണ്ടേനെടീ തോഴീ... (പാർത്ഥിപൻ കനവ്. സംഗീതം: വിദ്യാസാഗർ)
5. ഡിംഗ് ഡോംഗ് കോയിൽ മണി (ജി സംഗീതം : വിദ്യാസാഗർ)
6. സൊല്ലിത്തരവാ... (മജ. സംഗീതം : വിദ്യാസാഗർ)
7. കണ്ടേൻ.. കണ്ടേൻ എതിർകാലം നാൻ കണ്ടേൻ
(മധുര സംഗീതം : വിദ്യാസാഗർ)
8. കൊഞ്ച നേരം... കൊഞ്ചനേരം...
(ചന്ദ്രമുഖി. സംഗീതം: വിദ്യാസാഗർ)
9. പിച്ചെപ്പാത്തിരമേന്തി വന്തേൻ...
(നാൻ കടവുകൾ. സംഗീതം: ഇളയരാജ)
10. പേരുന്തിൽ നീ എനക്ക് ജന്നലോരം..
(പൊരി. സംഗീതം: ദിനാ)