കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളുടെ അഫിലിയേഷനു സംസ്ഥാന സർക്കാർ നൽകുന്ന മുൻകൂർ അനുമതി പത്രം രണ്ടാം നമ്പർ ഫോമിൽ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതേ ആവശ്യം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ നിഷേധിച്ചതിനെതിരെ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ കേരള രക്ഷാധികാരി ഡോ. ഇന്ദിര രാജൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.
സി.ബി.എസ്.ഇ സ്കൂളുകൾ മുൻകൂർ അനുമതി പത്രത്തിനായി അപേക്ഷിക്കുമ്പോൾ നടപടിക്രമം പാലിച്ച് നിശ്ചിതഫോമിൽ നൽകണമെന്നും, ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ രണ്ടാഴ്ചയ്ക്കകം സർക്കുലർ ഇറക്കണമെന്നും വിധിയിൽ പറയുന്നു.
ഫോം നമ്പർ രണ്ടിൽ തന്നെ മുൻകൂർ അനുമതിപത്രം നൽകണമെന്ന ആവശ്യം നിയമപരമാണെന്ന് സി.ബി.എസ്.ഇയുടെ അഭിഭാഷകനും വ്യക്തമാക്കി. ഇത്തരത്തിൽ മുൻകൂർ അനുമതിപത്രം നൽകാൻ നിയമപരമായി തടസമില്ലെന്നും, ഫോം ഒന്നിൽ ഇതിനുള്ള അപേക്ഷ സ്കൂളുകൾ നൽകുമ്പോൾ മതിയായ പരിശോധനകൾ നടത്തി അനുമതി നൽകാനാവുമെന്നും സർക്കാർ അഭിഭാഷകനും വിശദീകരിച്ചു.