വാഷിംഗ്ടൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ ഇന്ത്യൻ വംശജനായ ശിശുരോഗ വിദഗ്ദ്ധൻ വനിതാ ഡോക്ടറെ വെടിവച്ചുകൊന്ന ശേഷം സ്വയം വെടിവച്ച് മരിച്ചു. കാതറിൻ ഡോഡ്സൺ എന്ന ശിശുരോഗവിദഗ്ദ്ധയെ കൊലപ്പെടുത്തിയ ശേഷം 43 കാരനായ ഭരത് നാരുമാഞ്ചി ആത്മഹത്യചെയ്യുകയായിരുന്നു. ഇയാൾക്ക് കഴിഞ്ഞയിടയ്ക്ക് അർബുദം സ്ഥിരീകരിച്ചിരുന്നു.
ചിൽഡ്രൻസ് മെഡിക്കൽ ഗ്രൂപ്പിന്റെ ഓഫീസിലേക്ക് തോക്കുമായി എത്തിയ ഇയാൾ കെട്ടിടത്തിനുള്ളിലുള്ളവരെ ബന്ദികളാക്കുകയായിരുന്നു. പിന്നീട്, ചിലരെ രക്ഷപെടാൻ അനുവദിച്ചു. എന്നാൽ, കാതറിനെ മോചിപ്പിച്ചിരുന്നില്ല.
ഇയാളെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കെട്ടിടത്തിനകത്ത് പ്രവേശിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരേയും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാതറീനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭരത് സ്വയം വെടിവച്ച് മരിച്ചതായാണ് പോലീസ് നിഗമനം. ഒരാഴ്ച മുമ്പ് ഭരത് സി.എം.ജി ഓഫീസ് സന്ദർശിക്കുകയും സന്നദ്ധപ്രവർത്തനത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.