sidhu

 നടൻ ദീപ് സിദ്ദുവിനെതിരെ കേസെടുത്തു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലടക്കമുണ്ടായ അക്രമ സംഭവങ്ങളിൽ കർഷക നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. ഇവരുടെ പാസ്പോർട്ട് പിടിച്ചെടുക്കും. ട്രാക്ടർ റാലിയുടെ റൂട്ട് തെറ്റിച്ചതടക്കം കരാർ ലംഘനങ്ങളിൽ നിയമ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം അറിയിക്കാൻ സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിന് പൊലീസ് നോട്ടീസ് നൽകി. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരുടെ വിവരങ്ങളും തേടിയിട്ടുണ്ട്.

25ലധികം കേസുകളിലായി മുന്നൂറിലേറെ പേർക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. 19 പേർ അറസ്റ്റിലായി.

രാകേഷ് ടിക്കായത്ത്, യോഗേന്ദ്ര യാദവ്, മേധാപട്കർ, ദർശൻപാൽ, ബൽബീർ സിംഗ് രജേവാൾ, ബൂട്ടാ സിംഗ് തുടങ്ങി 37 നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്താൻ നേതൃത്വം കൊടുത്ത വിവാദ പഞ്ചാബി നടൻ ദീപ് സിദ്ദുവിനും ആക്ടിവിസ്റ്റ് ലക്ക സദനയ്ക്കുമെതിരെയും കേസെടുത്തു. കേന്ദ്രസർക്കാർ ഇവരെയടക്കം ഉപയോഗിച്ച് സമരം അട്ടിമറിക്കാൻ ശ്രമിച്ചെന്ന സംയുക്ത കിസാൻ മോർച്ചയുടെ ആരോപണത്തിന് പിന്നാലെയാണ് നടപടി.

സത്‌നാം സിംഗ് പന്നു, ദർശൻപാൽ തുടങ്ങിയ നേതാക്കളുടെ പ്രകോപനപരമായ പ്രസംഗമാണ് അക്രമത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് ആരോപണം. സി.സി ടി വി, ഫേഷ്യൽ റെക്കഗ്‌നീഷൻ സാങ്കേതിക വിദ്യ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.
തനിക്കെതിരെ വ്യാജപ്രചാരണവും വിദ്വേഷവും വളർത്തുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ സിദ്ദു പറഞ്ഞു.

പൊലീസുകാരെ അമിത് ഷാ സന്ദർശിച്ചു
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി കണ്ടു. സിവിൽ ലൈൻ ഏരിയയിലെ ശുശ്രുത് ട്രോമ സെന്ററിലും തീർത്ഥ് റാം ആശുപത്രിയിലുമാണ് എത്തിയത്. പൊലീസുകാരുടെ ധീരതയിൽ അഭിമാനമുണ്ടെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലും പൊലീസുകാരെ സന്ദർശിച്ചു. നാനൂറോളം പൊലീസുകാർക്ക് പരിക്കേറ്റെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.