igloo

ശ്രീനഗർ: ഇംഗ്ളീഷ് അക്ഷരമാല പഠിക്കുമ്പോൾ 'ഐ' ഫോർ ഇഗ്ളൂ എന്നു പഠിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും ഇഗ്ളൂ ഒന്നു കാണാൻ ഭാഗ്യം ലഭിക്കാത്തവരാണേറെയും.

അന്റാർട്ടിക്കയിലെ എസ്‌കിമോകൾ കനത്ത മഞ്ഞിൽ നിന്ന് രക്ഷനേടാൻ ഐസ് പാളികൾ കൊണ്ടു തന്നെ നിർമിക്കുന്ന വീടുകളാണ് ഇഗ്ലൂ. ഇന്ത്യയിൽ ഇവ സാധാരണമല്ലെങ്കിലും വിനോദസഞ്ചാരികൾക്കായി ഇഗ്ളൂ അനുഭവമൊരുക്കുകയാണ് കാശ്‌മീരിലെ ഗുൽമാർഗിൽ പ്രവർത്തനമാരംഭിച്ച ഇഗ്ലൂ കഫെ. ഏഷ്യയിലെ തന്നെ ഇത്തരത്തിൽ ആദ്യത്തെ കഫെയാണിത്.

മഞ്ഞുകട്ടകൾ കൊണ്ട് നിർമിച്ച കസേരകളിലിരുന്ന് ഐസ്‌പാളികൾ കൊണ്ടൊരുക്കിയ മേശപ്പുറങ്ങളിൽ വച്ച് നല്ല ചൂടൻ മസാല ചായയോ കാപ്പുച്ചീനിയോ നുണയുന്നതിന്റെ രസികൻ അനുഭവം ഇഗ്ലു കഫെയിൽ ആസ്വദിക്കാം. ഹോട്ടൽ ബിസിനസുകാരനായ സെയ്ദ് വസീം ഷായുടെ ഐഡിയയാണ് ഈ കഫെയുടെ നിർമ്മാണത്തിന് പിന്നിൽ.

സ്വിറ്റ്സർലൻഡ് പോലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ കിട്ടിയ ഇഗ്ലൂ അനുഭവങ്ങൾ ഇന്ത്യയിലും പരീക്ഷിക്കാൻ വസീം ഷാ തയ്യാറായതോടെ കാശ്മീർ സന്ദർശകർക്കും തദ്ദേശവാസികൾക്കും മികച്ച ഒരു അനുഭവമാക്കുകയാണ്.

22 അടിയോളം വിസ്താരവും 13 അടിയോളം ഉയരവുമാണ് കഫെയ്ക്കുള്ളത്. പതിനാറ് സന്ദർശകർക്ക് ഒരേ സമയം ഉള്ളിൽ ചെലവഴിക്കാം. 15 ദിവസങ്ങൾ കൊണ്ടാണ് കെട്ടിടം പൂർത്തിയായത്. ഫിൻലൻഡ്, കാനഡ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ വിജയകരമായെന്ന് കണ്ടെത്തിയ കഫെ ഇന്ത്യയിലും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് വസീം ഷാ പറഞ്ഞു. കൊൽഹായി റിസോർട്ടുകളുടെ ഉടമയാണ് വസീം ഷാ.