മുംബയ് : പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിബ് അഴിച്ചാലും ലൈംഗികാതിക്രമമായി കാമാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ വിധി. കഴിഞ്ഞ ആഴ്ച വസ്ത്രത്തിന് മുകളിലൂടെ പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചാൽ പോക്സോ നിയമപ്രകാരം കുറ്റകരമാവില്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ അതേ ബെഞ്ചാണ് ഈ വിവാദ വിധിയും പ്രസ്താവിച്ചത്.. അഞ്ചു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ 51കാരൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല ജനിുവരി 15ന് വിധി പ്രസ്താവിച്ചത്. വിവാദമായ കഴിഞ്ഞ നിരീക്ഷണവും പുഷ്പ ഗനേഡിവാല തന്നെയാണ് നടത്തിയത്. കേസിൽ പോക്‌സോ നിയമത്തിലെ എട്ട്,പത്ത് സെക്ഷൻ പ്രകാരമുള്ള കുറ്റങ്ങളും കോടതി റദ്ദാക്കി.
പെൺകുട്ടിക്ക് നേരേ അതിക്രമം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയത് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞെങ്കിലും ലൈംഗികാതിക്രമം നടന്നുവെന്ന് സ്ഥാപിക്കാനായില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമം നടന്നുവെന്ന് പറയണമെങ്കിൽ ശാരീരികമായ ബന്ധം വേണമെന്നും കോടതി നിരീക്ഷിച്ചു.
പ്രതി പെൺകുട്ടിയെ കൊണ്ട് പാന്റ്സിന്റെ സിപ് തുറപ്പിക്കുന്നതാണ് കണ്ടതെന്ന് പെൺകുട്ടിയുടെ അമ്മയാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഈ കോടതിയുടെ അഭിപ്രായത്തിൽ ലൈംഗികാതിക്രമം നടന്നതായി സ്ഥാപിക്കാൻ ഇത് പര്യാപ്തമല്ലെന്നായിരുന്നു ജസ്റ്റിസ് ഗനേഡിവാല പറഞ്ഞത്.
പ്രതിക്കെതിരേ പോക്‌സോ നിയമത്തിലെ എട്ട്, പത്ത് വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ റദ്ദാക്കിയെങ്കിലും കേസിലെ മറ്റുവകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. മറ്റുവകുപ്പുകളിൽ ശിക്ഷയായി പ്രതി ഇതിനോടകം അഞ്ച് മാസം തടവ് അനുഭവിച്ചിട്ടുണ്ടെന്നും അതിനാൽ മറ്റുകേസുകളില്ലെങ്കിൽ പ്രതിയെ മോചിപ്പിക്കാമെന്നും കോടതി പറഞ്ഞു.
ലിബ്നസ് കുജൂർ(50) എന്നയാൾ അഞ്ച് വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2018 ഫെബ്രുവരി 12നായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. ജോലികഴിഞ്ഞ് താൻ വീട്ടിലെത്തിയപ്പോൾ പ്രതി മകളുടെ കൈകളിൽ പിടിച്ച് പാന്റ്സിന്റെ സിപ് തുറന്നനിലയിലാണ് കണ്ടതെന്നാണ് അമ്മയുടെ മൊഴി. പ്രതി മകളോട് കിടക്കയിലേക്ക് വരാനും കൂടെകിടക്കാനും ആവശ്യപ്പെട്ടെന്നും ഇവരുടെ മൊഴിയിലുണ്ടായിരുന്നു. തുടർന്ന് കേസിൽ അറസ്റ്റ് ചെയ്ത കുജൂരിനെ 2020 ഒക്ടോബറിലാണ് സെഷൻസ് കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.
ജസ്റ്റിസ് ഗനേഡിവാല ജനുവരി 19ന് മറ്റൊരു പോക്‌സോ കേസിൽ പ്രസ്താവിച്ച വിധി സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഈ കേസിലെയും വിവരങ്ങൾ പുറത്തുവന്നത്. ചർമങ്ങൾ തമ്മിൽ പരസ്പരം തൊടുന്നവിധം ബന്ധമുണ്ടായാലേ പോക്‌സോ നിയമപ്രകാരം കുറ്റകരമാവുകയുള്ളൂ എന്നായിരുന്നു ഇവരുടെ നിരീക്ഷണം.