മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് അട്ടിമറിച്ച് ഷെഫീൽഡ് യുണൈറ്റഡ്
ലണ്ടൻ : ലിവർപൂളിനെ മറികടന്ന് ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഒന്നാംസ്ഥാനത്തേക്ക് എത്തിയിരുന്ന മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത തിരിച്ചടി നൽകി ദുർബലരായ ഷെഫീൽഡ് യുണൈറ്റഡ്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓൾഡ് ട്രഫോൾഡിൽച്ചെന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവരെ തോൽപ്പിക്കുകയായിരുന്നു ഷെഫീൽഡ്.
23-ാം മിനിട്ടിൽ കീൻ ബൂയാനിലൂടെയാണ് ഷെഫീൽഡ് സ്കോറിംഗ് തുടങ്ങി വച്ചത്.ആദ്യ പകുതിയിൽ ഈ ഗോളിന് സന്ദർശകർ മുന്നിട്ടുനിന്നു. 64-ാം മിനിട്ടിൽ ഹാരി മഗ്വെയർ സമനില പിടിച്ചെങ്കിലും പത്തുമിനിട്ടിനകം ഒളിവർ ബുർക്കെ നേടിയ ഗോളിന് ഷെഫീൽഡ് വിജയം കണ്ടു.
ഇതോടെ 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.19 കളികളിൽ നിന്ന് 41 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ഈ മാസമാദ്യം വരെ മുന്നിലുണ്ടായിരുന്ന ലിവർപൂൾ 34 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ.
അതേസമയം മത്സരശേഷം തങ്ങളുടെ താരങ്ങൾക്കെതിരെ ഇൻസ്റ്റാഗ്രാമിൽ വംശീയ അധിക്ഷേപമുയർത്തിയവർക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ളബ് കടുത്ത പ്രതിഷേധം അറിയിച്ചു. അന്തോണി മാർഷ്യൽ, അക്സൽ ടുവാൻസെബി എന്നിവർക്ക് നേരേയാണ് അധിക്ഷേപമുണ്ടായത്.
ടുഹേലിന് സമനിലതുടക്കം
ഇംഗ്ളീഷ് ക്ളബ് ചെൽസിയുടെ പരിശീലകനായി ചുമതലയേറ്റെടുത്ത ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലകൊണ്ട് തൃപ്തിപ്പെട്ട് തോമസ് ടുഹേൽ. കഴിഞ്ഞ രാത്രി വോൾവർ ഹാംപ്ടണിനെതിരെയായിരുന്നു ചെൽസിയുടെ കോച്ചായി ജർമ്മൻകാരനായ ടുഹേലിന്റെ ആദ്യ മത്സരം.
കഴിഞ്ഞ വാരം പുറത്താക്കപ്പെട്ട മുൻ ചെൽസി താരം കൂടിയായ ഫ്രാങ്ക് ലംപാർഡിന് പകരമാണ് ടുഹേൽ എത്തിയത്. നേരത്തേ പാരീസ് എസ്.ജി പരിശീലകനായിരുന്നു ടുഹേൽ.
20 കളികളിൽ നിന്ന് 30 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഇപ്പോൾ ചെൽസി.ആദ്യ നാലിലെത്തിച്ച് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ സ്ഥാനമുറപ്പിക്കുകയാണ് ടുഹേലിന്റെ ആദ്യ വെല്ലുവിളി
മെസി വന്നു , ഗോളുമടിച്ചു
മാഡ്രിഡ്: കഴിഞ്ഞ മത്സരത്തിലെ ഫൗളിന്റെ പേരിലെ വിലക്കിൽ നിന്ന് തിരിച്ചെത്തിയ ലയണൽ മെസി ഗോൾ നേടുകകൂടി ചെയ്തപ്പോൾ റയോ വയ്യക്കാനോയെ 2-1ന് കീഴടക്കി ബാഴ്സലോണ സ്പാനിഷ് കിംഗ്സ് കപ്പിന്റെ (കോപ്പ ഡെൽ റേയ്) ക്വാർട്ടർ ഫൈനലിലെത്തി. മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 63-ാം മിനിട്ടിൽ ഫ്രാൻ ഗാർഷ്യയിലൂടെ വയ്യക്കാനോയാണ് ആദ്യം മുന്നിലെത്തിയത്. അഞ്ചുമിനിട്ടിനകം മെസിയുടെ ഗോളിലൂടെ സമനില പിടിച്ച ബാഴ്സയ്ക്ക് വേണ്ടി 80-ാം മിനിട്ടിൽ ഡി ജോംഗാണ് വിജയഗോൾ നേടിയത്.
മുൻ നിരക്ളബുകളായ റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും കിംഗ്സ് കപ്പിൽ നിന്ന് കഴിഞ്ഞ വാരം പുറത്തായിരുന്നു.
നാലടിച്ച് യുവന്റസ് സെമിയിൽ
കോപ്പ ഇറ്റാലിയ ഫുട്ബാൾ ക്വാർട്ടർഫൈനലിൽ എതിരില്ലാത്ത നാലുഗോളുകൾക്ക് സ്പാലിനെ തോൽപ്പിച്ച് സെരി എ ചാമ്പ്യന്മാരായ യുവന്റസ് സെമിഫൈനലിലെത്തി. സെമിയിൽ ഇന്റർ മിലാനാണ് എതിരാളികൾ.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയിറങ്ങിയ യുവന്റസിനായി 16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ മൊറാട്ടയാണ് സ്കോറിംഗ് തുടങ്ങിവച്ചത്.33-ാം മിനിട്ടിൽ ഫ്രബോട്ടയും സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ 2-0ത്തിന് വിജയം നേടി.കുലുസേവിസ്കി,ഫ്രെഡറിക്കോ ചിയേസ എന്നിവർ രണ്ടാം പകുതിയിൽ പട്ടിക പൂർത്തിയാക്കി.