മുംബയ്: റിപ്പബ്ലിക് ദിനത്തിലെ കർഷക മരണവുമായി ബന്ധപ്പെട്ട് വസ്‌തുതാ വിരുദ്ധമായ വാർത്ത റിപ്പോർട്ട് ചെയ്തെന്നാരോപിച്ച് മുതിർന്ന വാർത്താ അവതാരകനും ഇന്ത്യ ടുഡേ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായിക്ക് രണ്ടാഴ്ച ഓൺ എയർ പരിപാടികളിൽ 'വിലക്കേർപ്പെടുത്തി' മാനേജ്‌മെന്റ്. ഒരു മാസത്തെ ശമ്പളവും വെട്ടിക്കുറച്ചു.
പൊലീസ് വെടിവയ്പിൽ കർഷകൻ കൊല്ലപ്പെട്ടുവെന്ന് ചാനലിലും ട്വിറ്ററിലും സർദേശായി പോസ്റ്റ് ചെയ്തിരുന്നു. പിന്നീടിത് ഡിലീറ്റ് ചെയ്തു.
വ്യാജവാർത്ത പ്രചരിപ്പിച്ചതിന് സർദേശായിക്കെതിരെ കേസെടുക്കണമെന്ന് കപിൽ മിശ്ര, അമിത് മാളവ്യ തുടങ്ങി നിരവധി ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് വ്യക്തമാക്കുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടതിന് പിന്നാലെ, കർഷകരുടെ അവകാശവാദം നിലനിൽക്കുന്നതല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും സർദേശായി ട്വിറ്ററിൽ കുറിച്ചിരുന്നു. ചെങ്കോട്ടയിലും ഐ.ടി.ഒയിലും സംയമനം പാലിച്ച പൊലീസിനെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു.