ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരിയായ മൊണിക് റൊഫേയുടെ ദ മെർമേഡ് ഒഫ് ദ ബ്ലാക് കൊൻച്: എ ലവ് സ്‌റ്റോറി'യ്ക്ക് 2020ലെ കോസ്റ്റ ബുക്ക് ഒഫ് ദ ഇയർ പുരസ്കാരം. 56കാരിയായ മൊണിക്കിന്റെ ആറാമത്തെ കൃതിയാണിത്. ഓർമ്മക്കുറിപ്പുകളിലൂടെ ഏറെ പ്രശസ്തയായ എഴുത്തുകാരിയാണവർ.
ബ്രിട്ടനിലും അയർലൻഡിലും താമസിക്കുന്ന എഴുത്തുകാരെയാണ് കോസ്റ്റ ബുക് ഓഫ് ദ ഇയറിന് പരിഗണിക്കുന്നത്. പ്രഥമ നോവൽ, നോവൽ, ജീവചരിത്രം, കവിത, ബാലസാഹിത്യം എന്നീ അഞ്ച് സാഹിത്യമേഖലകളിലെ മികച്ച കൃതികൾക്കാണ് പുരസ്കാരം നൽകുന്നത്.
കഥാസാരം
മത്സ്യബന്ധന തൊഴിലാളിയായ ഡേവിഡിന്റെയും അയ്കായിയ എന്ന പെൺകുട്ടിയുടെയും പ്രണയമാണ് കരീബിയൻ ജീവിതം പശ്ചാത്തലമായി വരുന്ന നോവലിൽ പറയുന്നത്. ഡേവിഡിന്റെ അസൂയാലുക്കളായ മറ്റു ഭാര്യമാരുടെ ശാപത്താൽ മത്സ്യകന്യകയായി മാറിയ അയ്കായിയുടെ പ്രണയം നോവലിൽ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഏതുപ്രായക്കാർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് മൊണിക് ഈ നോവൽ രചിച്ചിരിക്കുന്നത്.