തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി സംസ്ഥാനസർക്കാർ. അത്യാവശ്യമല്ലാത്ത പക്ഷം രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ ജനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. മാസ്‌കും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കും. ഇതിനായി നാളെ മുതൽ ഫെബ്രുവരി പത്ത് വരെ 25000 പൊലീസുകാരെ നിരീക്ഷണത്തിന് നിയോഗിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് ടെസ്‌റ്റുകളുടെ എണ്ണം പ്രതിദനം ഒരുലക്ഷമായി വർദ്ധിപ്പിക്കാൻ നിർദേശം നൽകി. അടഞ്ഞ ഹാളുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. നിലവിൽ വിന്യസിച്ചിട്ടുള്ള സെക്‌ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വർദ്ധിപ്പിക്കും. വിവാഹങ്ങൾ അടഞ്ഞഹാളുകളിൽ നിന്ന് മാറ്റി വായു സഞ്ചാരമുള്ളയിടങ്ങളിലേക്ക് മാറ്റാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.