വാഷിംഗ്ടൺ: ന്യൂസ്‌ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപങ്ങൾ ഉണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങൾ പരാതി ഉയർത്തിയ സാഹചര്യത്തിൽ ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറക്കുമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് വ്യക്തമാക്കി. രാഷ്ട്രീയ ഗ്രൂപ്പുകളിൽ വ്യക്തികൾ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ്പ് സജക്ഷനുകളിൽ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ കുറക്കും. ഇതിനായി ഫേസ്ബുക്കിന്റെ അൽഗോരിതത്തിൽ മാറ്റം വരുത്തുമെന്നും സുക്കർബർഗ് വ്യക്തമാക്കി. തീരുമാനം ആഗോളതലത്തിൽ നടപ്പാക്കാനാണ് ഇപ്പോൾ ഫേസ്ബുക്കിന്റെ പദ്ധതി.