കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ഇന്നലെ വീണ്ടും ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഈ മാസമാദ്യം ഹൃദയാഘാതത്തെത്തുടർന്ന് ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായിരുന്ന ഗാംഗുലിക്ക് ഒരു സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം വീണ്ടും അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. വിശദപരിശോധനകൾക്ക് ശേഷം ധമനികളിലെ തടസം മാറ്റാൻ രണ്ട് സ്റ്റെന്റുകൾകൂടി സ്ഥാപിക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. 48കാരനായ ഗാംഗുലിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.