ആഗോള ലോഞ്ചിംഗ് ഇന്ത്യയിൽ നടന്നു
കൊച്ചി: ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ പുത്തൻ ബി-എസ്.യു.വി മോഡലായ കൈഗറിന്റെ ആഗോള ലോഞ്ചിംഗ് ഇന്ത്യയിൽ നടന്നു. സബ് 4-മീറ്റർ കോംപാക്‌റ്റ് എസ്.യു.വി ശ്രേണിയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന കൈഗർ ഈപാദത്തിൽ തന്നെ വിപണിയിൽ എത്തിയേക്കും. ആദ്യം ഇന്ത്യയിലും പിന്നീട് മറ്റ് വിപണികളിലുമാണ് അവതരിപ്പിക്കുക.
ആകർഷകമായ ഡിസൈൻ, സ്മാർട്ട് കാബിൻ, സ്‌പോർട്ടീ ഡ്രൈവ് എന്നിവ സമന്വയിക്കുന്ന കൈഗറിന് 1.0 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എൻജിൻ, 1.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ പതിപ്പുകളാണുള്ളത്. 5-സ്‌പീഡ് മാനുവൽ, 5-സ്‌പീഡ് എ.എം.ടി., സി.വി.ടി ട്രാൻസ്‌മിഷനുകളും നൽകിയിരിക്കുന്നു.
റെനോ ട്രൈബറിന്റെ സി.എം.എഫ്-എ പ്ളാറ്റ്‌ഫോമിലാണ് കൈഗറിന്റെയും നിർമ്മാണം. റെനോയുടെ തനത് ക്രോമിയം ഗ്രിൽ, ചെറിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഐസ് ക്യൂബ് പോലെയുള്ള ഫോഗ്‌ലാമ്പുകൾ, മസ്‌കുലാർ ബമ്പർ, ഫംഗ്‌ഷണൽ റൂഫ്റെയിൽ, 16-ഇഞ്ച് അലോയ് വീലുകൾ, സി-ഷേപ്പ്ഡ് ടെയിൽലാമ്പ്, അകത്തളത്തിൽ പുതിയ സെന്റർ കൺസോൾ, എട്ടിഞ്ച് ടച്ച്സക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം, 405 ലിറ്റർ ബൂട്ട്‌സ്‌പേസ് എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളാൽ സമ്പന്നമാണ് കൈഗർ. ആറുനിറഭേദങ്ങളിൽ കൈഗർ വിപണിയിലെത്തും.