pinarayi

തിരുവനന്തപുരം: സോളാർ കേസ് സിബിഐയ്‌ക്ക് വിട്ടതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കേസും സിബിഐയ്‌ക്ക് വിടില്ല എന്ന നിലപാട് സർക്കാരിനില്ല. വാളയാർ കേസ് സി.ബി.ഐയ്‌ക്ക് വിടണമെന്ന് കുട്ടികളുടെ അമ്മ സർക്കാരിനോട് ആവശ്യപ്പെട്ടു, കേസ് സിബിഐയ്‌ക്ക് വിട്ടു. അതുപോലെതന്നെ കസ്‌റ്റഡി മരണം നടന്നാലും സിബിഐയ്‌ക്ക് വിടും. എന്നാൽ സോളാർ കേസിൽ സ്വാഭാവികമായൊരു നടപടിക്രമം മാത്രമാണ് നടന്നത്. കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിൽ സർക്കാരിന് രാഷ്‌ട്രീയ ദുരുദ്ദേശ്യമൊന്നുമില്ല. മുഖ്യമന്ത്രി പറഞ്ഞു.

ലാവ്‌ലിൻ കേസിൽ ഉമ്മൻചാണ്ടി പിണറായി വിജയനെ എങ്ങനെയും കുടുക്കാമെന്ന് നോക്കി. ആ കേസ് അന്വേഷിച്ച അന്നത്തെ സർക്കാർ ഉദ്യോഗസ്ഥനെ റിപ്പോർട്ട് നൽകിയതിന് യുഡിഎഫ് സർക്കാർ രായ്‌ക്കുരാമാനം സ്ഥലംമാ‌റ്റിയിരുന്നു. സോളാർ കേസിൽ ഇരയായ സ്‌ത്രീ അന്വേഷണ കമ്മീഷന് പരാതി നൽകിയപ്പോൾ അതിശക്തമായ നിലപാട് കമ്മീഷൻ എടുത്തിരുന്നതായും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ആലപ്പുഴ ബൈപ്പാസ് പദ്ധതിയ്‌ക്കായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വളരെ കുറച്ച് പണികൾ മാത്രമാണ് നടന്നത്. ഇടത്പക്ഷ സർ‌ക്കാർ വന്നശേഷമാണ് അതിവേഗം പണിനടന്നതും പണി പൂർത്തിയായതും. ഉമ്മൻചാണ്ടിയുടെ ഇത് സംബന്ധിച്ച പ്രസ്‌താവന നിരുത്തരവാദപരമായി പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിനെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്‌താവനയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ബിജെപിയും കോൺഗ്രസിലെ ഒരു പക്ഷവും പരസ്‌പരം സഹകരിച്ചാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ ഇടത് സർക്കാർ ചെയ്‌തകാര്യങ്ങൾ വച്ച് ജനങ്ങളെ സമീപിക്കുമെന്നും കോൺഗ്രസ് ഉമ്മൻചാണ്ടിയെ നിയമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.