ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷം പേരെ കൊവിഡ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയിൽ 70-80 കോടി ആളുകൾ കൊവിഡ് ബാധിതരാകുമെന്നും കൊവിഡ് സുനാമിയാണ് വരാൻ പോകുന്നതെന്നും ചിലർ പ്രവചിച്ച സ്ഥാനത്താണ് ഇന്ത്യയിൽ കൊവിഡ് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിച്ചതെന്ന് മോദി വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് കൂടുതൽ കൊവിഡ് വാക്സിനുകൾ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തിനായി രണ്ട് വാക്സിനുകൾ ഇന്ത്യയിൽ നിന്ന് പുറത്തിറക്കി കഴിഞ്ഞു. ഇനിയും കൂടുതൽ വാക്സിനുകൾ ഇന്ത്യയിൽ നിന്ന് ലോകത്തിന് ലഭിക്കുമെന്നും മോദി പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി ആരംഭിച്ച വാക്സിനേഷൻ പ്രക്രിയയെക്കുറിച്ചും പ്രസംഗത്തിൽ നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. 12 ദിവസം കൊണ്ട് രാജ്യത്തെ 23 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷൻ നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു.