തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ രജത ജൂബിലി സ്മരണിക സ്റ്റാമ്പും തപാൽ വകുപ്പുമായി ചേർന്നുള്ള പോസ്റ്റൽ സ്റ്റാമ്പും ഫസ്റ്റ് ഡേ പോസ്റ്റൽ കവറും ഇന്ന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ പ്രകാശനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ സിനിമാ രംഗത്തുവന്ന സാമ്പത്തികനഷ്ടം കണക്കിലെടുത്ത് ഐ.എഫ്.എഫ്.കെ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത റിലീസ് ചെയ്യാത്ത സിനിമകൾക്കുള്ള സാമ്പത്തികസഹായം ഒരു ലക്ഷം വർദ്ധിപ്പിച്ച് മൂന്നു ലക്ഷം രൂപ അനുവദിക്കും. റിലീസ് ചെയ്ത സിനിമകൾക്കുള്ള സാമ്പത്തിക സഹായം മുൻവർഷങ്ങളിലേതുപോലെ രണ്ടു ലക്ഷം രൂപയാണ്.