കൊച്ചി: കൊവിഡ് പ്രതിസന്ധിയും റെക്കാഡ് വിലവർദ്ധനയും മൂലം കഴിഞ്ഞവർഷം ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് കാൽനൂറ്റാണ്ടിലെ ഏറ്റവും താഴ്‌ചയിലെത്തി. 2019ലെ 690 ടണ്ണിൽ നിന്ന് 446 ടണ്ണിലേക്കാണ് 2020ൽ ഡിമാൻഡ് ഇടിഞ്ഞതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി; 35 ശതമാനമാണ് ഇടിവ്.
സ്വർണാഭരണ ഡിമാൻഡ് 545 ടണ്ണിൽ നിന്ന് 42 ശതമാനം താഴ്‌ന്ന് 316 ടണ്ണിലെത്തി. സ്വർണനിക്ഷേപം 146 ടണ്ണിൽ നിന്ന് കുറഞ്ഞ് 130 ടണ്ണായി; നഷ്‌ടം 11 ശതമാനം. കൊവിഡ് കാലത്ത് ഓഹരി, കടപ്പത്രം ഉൾപ്പെടെ നിക്ഷേപമാർഗങ്ങളെല്ലാം തളർന്നപ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഗോൾഡ് ഇ.ടി.എഫുകൾക്ക് പ്രിയമേറിയിരുന്നു. ഇതോടെ, വില കുതിച്ചുയർന്നു.
കേരളത്തിൽ പവൻ വില 29,000 രൂപയിൽ നിന്ന് കുതിച്ചുയർന്ന് 42,000 രൂപയിലെത്തി. സ്വർണ ഡിമാൻഡ് മൂല്യം കഴിഞ്ഞവർഷം കുറഞ്ഞത് 14 ശതമാനമാണ്. 2019ലെ 2.17 ലക്ഷം കോടി രൂപയിൽ നിന്ന് 1.88 ലക്ഷം കോടി രൂപയിലേക്കാണ് തളർച്ച. ആഭരണ വില്പന 1.71 ലക്ഷം കോടി രൂപയിൽ നിന്ന് 22 ശതമാനം താഴ്‌ന്ന് 1.33 ലക്ഷം കോടി രൂപയായി.
അതേസമയം, നിക്ഷേപം 45,980 കോടി രൂപയിൽ നിന്ന് 20 ശതമാനം വർദ്ധിച്ച് 55,020 കോടി രൂപയായി. വിലക്കയറ്റമാണ് നിക്ഷേപമൂല്യത്തിൽ പ്രതിഫലിച്ചത്.
ഡിസംബറിൽ
കരകയറ്റം
സ്വർണ വില്പന അളവ് മെച്ചപ്പെട്ടില്ലെങ്കിലും ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഡിമാൻഡ് മൂല്യത്തിൽ മികച്ച തിരിച്ചുവരവ് ദൃശ്യമാണ്. ഡിമാൻഡ് മൂല്യം 65,890 കോടി രൂപയിൽ നിന്ന് 26 ശതമാനം ഉയർന്ന് 82,790 കോടി രൂപയായി. ആഭരണ ഡിമാൻഡ് 21 ശതമാനം വർദ്ധിച്ച് 61,060 കോടി രൂപയായി. നിക്ഷേപം 41 ശതമാനം ഉയർന്ന് 21,730 കോടി രൂപയിലുമെത്തി.
അളവിലെ തളർച്ച ഇങ്ങനെ:
ഡിമാൻഡ് : 194 ടണ്ണിൽ നിന്ന് 186 ടണ്ണിലേക്ക്.
ആഭരണം : 149 ടണ്ണിൽ നിന്ന് 137 ടണ്ണിലേക്ക്.
നിക്ഷേപം : 8% മെച്ചപ്പെട്ട് 49 ടണ്ണായി.