ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ സമരത്തിന് പിന്നാലെ ഡൽഹിയിലും ചെങ്കോട്ടയിലും ഉണ്ടായ സംഘർഷത്തിലെ ഗൂഢാലോചനയിൽ അന്വേഷണം നടത്തും. സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തി. സംഭവത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കർഷക സംഘടനാ നേതാക്കളുടെ പങ്കും അന്വേഷിക്കും. കലാപകാരികൾക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ബൽബീർ എസ് രാജെവാൾ, ബൽദേവ് സിംഗ് സിർസ, ഡോ. ദർശൻ പാൽ, യോഗേന്ദ്ര യാദവ് തുടങ്ങിയ 20 നേതാക്കളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു ആക്രമണത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ചെങ്കോട്ടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനും ജില്ലാകളക്ടർ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കം നടത്തുകയാണ്. എന്നാൽ അറസ്റ്റിന് വഴങ്ങില്ലെന്നും സമരവേദി ഒഴിയില്ലെന്നും ഉള്ള നിലപാടിലാണ് കർഷക നേതാവ് രാകേഷ് ടിക്കായത്ത് പൊലീസിനെ അറിയിച്ചത്. കൂടുതൽ കർഷകർ സമരവേദിയിലേക്ക് എത്തിയതിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.