തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാളയം കണ്ണിമേറ മാർക്കറ്റിന്റെ നവീകരണത്തിന്റെ ഭാഗമായി സ്‌മാർട്ട് സിറ്റി ലിമിറ്റഡിന് ട്രിവാൻഡ്രം ഡെവലപ്ഡമെന്റ് അതോറിട്ടി (ട്രിഡ) കൈമാറാമെന്ന് സമ്മതിച്ച ഭൂമി ഇതുവരെ കൈമാറിയില്ല. രണ്ടാഴ്ച മുമ്പാണ് ഭൂമി കൈമാറാമെന്ന് ട്രിഡ അറിയിച്ചത്. 15ന് ഇതുസംബന്ധിച്ച് യോഗം തീരുമാനിച്ചിരുന്നെങ്കിലും ചേരാനായില്ല. 112 കോടിയുടെ നവീകരണ കരാർ നൽകിയിട്ടും ഭൂമി കൈമാറാത്തതിനെ തുടർന്ന് നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.
മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി 450 ഓളം കച്ചവടക്കാരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. നിലവിൽ ട്രിഡയുടെ സ്ഥലത്താണ് ഈ കച്ചവടക്കാരെ താൽക്കാലികമായി മാറ്റിയിരിക്കുന്നത്. മാർക്കറ്റിന് ചേർന്നുള്ള ചെറുകിട കച്ചവടക്കാരെ കൂടി പുനരധിവസിപ്പിക്കേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ധാരണയിലെത്താനാകാത്തതാണ് ഭൂമി കൈമാറ്റം വൈകിക്കുന്നതെന്നാണ് സൂചന. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കി ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. പ്രശ്നം ചർച്ച ചെയ്യാൻ മേയറുടെ അദ്ധ്യക്ഷതയിൽ ഉടൻ യോഗം ചേരുമെന്ന് അറിയുന്നു.
അഞ്ചുനില കെട്ടിടം
163 വർഷത്തെ പാരമ്പര്യമുള്ള, തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാളയം മാർക്കറ്റിന്റെ നവീകരണം വിവാദമായ പാലാരിവട്ടം പാലം നിർമ്മിച്ച ആർ.ഡി.എസ് കമ്പനിയാണ് നിർവഹിക്കുന്നത്. സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ണിമേറ മാർക്കറ്റ് നവീകരിക്കുന്നത്. അഞ്ചു നിലകളുള്ള കെട്ടിടത്തിൽ ആധുനിക സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തും. ആദ്യ രണ്ട് നിലകൾ പൂർണമായും വാഹന പാർക്കിംഗിനായി മാറ്റിവയ്ക്കും. മറ്റ് മൂന്ന് നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നവീകരണ രൂപരേഖ. മാർക്കറ്റിന്റെ മുന്നിലെ പൈതൃക മതിലും കവാടവും അതുപോലെ തന്നെ നിലനിറുത്തും. മാർക്കറ്റിലേക്ക് പ്രവേശിക്കാൻ മൂന്നു ഭാഗത്തു നിന്നും റോഡുകളുമുണ്ടാകും.
നിർമ്മാണത്തിന് ആധുനിക സംവിധാനങ്ങൾ
മാർക്കറ്റിന്റെ നിർമ്മാണത്തിന് പൈലിംഗും മറ്റും ഒഴിവാക്കുന്നതിനായി പ്രീഫാബ്രിക്കേറ്റഡ് നിർമ്മാണഘടന അടക്കമുള്ള ആധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുക. മാർക്കറ്റ് നവീകരണം നടക്കുമ്പോൾ അവിടത്തെ 450 കടകൾക്ക് പ്രവർത്തിക്കുന്നതിനായി ട്രിഡയുടെ സ്ഥലത്ത് ഉന്നതനിലവാരമുള്ള സ്റ്റീൽ കൊണ്ടുള്ള നിർമ്മിതി സ്ഥാപിച്ച് മുഴുവൻ കടകളും അവിടേക്ക് മാറ്റും. കൂടുതൽ പരിസ്ഥിതി സൗഹൃദവും ദീർഘകാലം ഈട് നിൽക്കുന്നതുമായ ഈ നിർമ്മിതികൾ ഭാവിയിൽ ആവശ്യാനുസരണം മാറ്റിസ്ഥാപിക്കാൻ കഴിയുന്നതുമാണ്. ഇപ്പോൾ മാർക്കറ്റിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന കുഴി മൂടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പകരം ഇനോക്കുലം ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കുന്ന സംവിധാനം ഒരുക്കും.
പദ്ധതിച്ചെലവ്: 1122 (തുക കോടിയിൽ, 12% ജി.എസ്.ടി കൂടി ചേർത്ത് 113 കോടി)
പുനരധിവാസത്തിന്: 12.7
പുതിയ മാർക്കറ്റ് നിർമ്മാണത്തിന്: 61.05
വൈദ്യുതീകരണം, കാർ പാർക്കിംഗ് അടക്കം: 8.17
നിർമ്മാണസമയം: 18 മാസം