riot

ന്യൂഡൽഹി: രാജ്യത്ത് കർഷക സമരം കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവക്കവെ, റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമത്തിൽ വ്യാപക നാശനഷ്‌ടമുണ്ടായെന്ന് അധികൃതർ. കർഷകർ നടത്തിയ ട്രാക്‌ടർ റാലി പ്രതിഷേധത്തിൽ 400 വർഷം പഴക്കമുള്ള ചരിത്ര സ്മാരകത്തിന് കേടുപാട് പറ്റിയതായി കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേൽ ആരോപിച്ചു.

സംഭവത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ‌്തിട്ടുണ്ട്. ലഹോരി ഗേറ്റ് തകർക്കപ്പെടുകയും ഇലക്‌ട്രിക് ബൾബുകൾ എറിഞ്ഞുടക്കുകയും ചെയ‌്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന അതീവ സുരക്ഷാ മേഖലയായ ഇടങ്ങളിലടക്കം നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, കമാനങ്ങളിലൊന്ന് നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും പ്രഹ്ളാദ് പട്ടേൽ വ്യക്തമാക്കി.

നാശനഷ്‌ടങ്ങളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണെങ്കിലും, പുരാവസ്‌തുവകകൾക്കുണ്ടായ നഷ്‌ടം നികത്താൻ കഴിയുന്നതല്ലെന്ന് മന്ത്രി പ്രതികരിച്ചു. ചെങ്കോട്ടയിലെ സിസിടിവി ക്യാമറകൾ, മെറ്റൽ ഡിറ്റക്‌ടേഴ്‌സ്, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം പ്രതിഷേധക്കാർ തകർത്തുവെന്നാണ് അധികൃതർ പറയുന്നത്.