മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്രാവശ്യവും മുസ്ലീം ലീഗ് ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് മലപ്പുറം ജില്ലയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികൾ രംഗപ്രവേശം ചെയ്യുമെന്ന് മന്ത്രി കെ ടി ജലീൽ. സി പി എം തീരുമാനമെടുത്താൽ താനടക്കമുളള ജില്ലയിലെ നിലവിലെ ഇടത് എം എൽ എമാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും ജലീൽ വ്യക്തമാക്കി.
നിലവിൽ മലപ്പുറത്ത് ഇടതുപക്ഷം ജയിച്ച നിലമ്പൂർ, താനൂർ , തവനൂർ, പൊന്നാനി എന്നീ മണ്ഡലങ്ങൾ സുരക്ഷിതമാണ്. നല്ല സ്ഥാനാർത്ഥികൾ എത്തുന്നതോടെ കൂടുതൽ മണ്ഡലങ്ങൾ പിടിക്കാനാവുമെന്നാണ് പ്രതീക്ഷ. താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സി പി എമ്മാണ്. എങ്കിലും അദ്ധ്യാപനത്തിലേക്ക് മടങ്ങി പോവണമെന്ന തന്റെ ആഗ്രഹം സി പി എം നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.
കോൺഗ്രസ്, മുസ്ലീംലീഗ് ക്യാമ്പുകൾ വിട്ടു വരുന്നവരെ അപ്രതീക്ഷിത സ്ഥാനാർത്ഥികളാക്കിയാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ ഇടതുപക്ഷം മലപ്പുറത്ത് മുന്നേറ്റം നടത്തിയത്. സമാനമായി രീതിയിൽ ഇപ്രാവശ്യവും ലീഗിനെ അമ്പരപ്പിച്ചുകൊണ്ട് പൊതുസ്വീകാര്യതയുളള സ്ഥാനാർത്ഥികളുണ്ടാവുമെന്നാണ് മന്ത്രി പറയുന്നത്.