തിരുവനന്തപുരം: തലസ്ഥാനത്ത് കുറ്റിച്ചലിൽ തിരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ കൈയാങ്കളി. യു ഡി എഫ് വാർഡ് തിരഞ്ഞെടുപ്പ് കൺവീനറും കോൺഗ്രസ് പ്രാദേശിക നേതാവുമായ എ നവാസിനെ മണ്ഡലം സെക്രട്ടറി അനിൽകുമാറും വാർഡ് പ്രസിഡന്റ് ബിജോ ബോസും ചേർന്ന് മർദ്ദിച്ചതായാണ് ആരോപണം.
സംഘർഷത്തിനിടെ യോഗം നടന്ന ഹാളിലെ കണ്ണാടിയിൽ തല പിടിച്ച് ഇടിച്ചതിനെ തുടർന്ന് നവാസിന്റെ നെറ്റിയിൽ നാല് തുന്നിക്കെട്ടുണ്ട്. കുറ്റിച്ചൽ മന്തിക്കുളം വാർഡിൽ ഘടകകക്ഷിയായ ആർ എസ് പി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മണ്ഡലം സെക്രട്ടറി അനിൽ കുമാറും ബിജോ ബോസും അടക്കമുളള നേതാക്കൾ പരസ്യമായി കാലുവാരിയെന്ന ആരോപണം ഉന്നയിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് നവാസ് പറയുന്നു.
ഇവർക്കെതിരെ ഡി സി സി അടക്കമുളള മേൽ ഘടകങ്ങളിൽ നവാസ് പരാതി നൽകിയതും പ്രകോപനത്തിന് കാരണമായി. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ നവാസ് ഇന്ന് പൊലീസിൽ പരാതിപ്പെടും.