ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും പാർലമെന്റിന്റെ ഇരു സഭകളും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം അയയുന്നത്. ഇരുസഭകളിലെയും ബഹിഷ്ക്കരണ തീരുമാനം പ്രതിപക്ഷം പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
അതിനിടെ സമരത്തിൽ നേരിട്ട് ഇടപെടാനാണ് പ്രതിപക്ഷ പാർട്ടികളുടെ ആലോചന. സമരത്തിലിറങ്ങിയ സമാജ് വാദി പാർട്ടിയും ആർ എൽ ഡിയും കൂടുതൽ കർഷകരെ അതിർത്തികളിലേക്ക് അയക്കുമെന്ന് വ്യക്തമാക്കി. അതേസമയം,ഡൽഹി-യു പി അതിർത്തിയായ ഗാസിപ്പൂരിൽ സമരവേദി ഒഴിപ്പിക്കൽ ഉത്തരവിനെതിരെ കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് തന്നെ ഹർജി ഫയൽ ചെയ്യാനാണ് തീരുമാനം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനമായി.
രണ്ടുമാസത്തിലധികം നീണ്ടു നിൽക്കുന്ന ബഡ്‌ജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഇന്ന് 16 പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസ്‌താവന ഇറക്കിയത്. കർഷകസമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സമരം തകർക്കാനുളള കേന്ദ്രസർക്കാരിന്റെ ഹീന ശ്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.
കർഷക പ്രക്ഷോഭം ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബഡ്‌ജറ്റ് സമ്മേളനം കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പാർലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിനോട് തീരേ മുഖം തിരിക്കാൻ കേന്ദ്രത്തിന് സാധിക്കില്ല.