elephant-

ശ്രീകൃഷ്ണപുരം: പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ രാജാവ് ഗജരാജൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് ചരിഞ്ഞത്. 62 വയസായിരുന്നു. പ്രായാധിക്യത്തിന്റെ അവശതകളൊഴിച്ചാൽ മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി തീറ്റ എടുത്തിരുന്നില്ലെന്ന് ഉടമ പറഞ്ഞു.

സ്വഭാവ ശുദ്ധിയും ലക്ഷ്ണത്തികവുമൊത്ത നാട്ടാനയെന്നതാണ് മറ്റ് ഗജവീരന്മാരിൽ നിന്ന് കർണനെ വ്യത്യസ്തനാക്കുന്നത്. 1989ൽ ബീഹാറിലെ ചപ്രയിൽ നിന്നും നാണു എഴുത്തച്ഛൻ ഗ്രൂപ്പാണ് കർണനെ നാട്ടിലെത്തിക്കുന്നത്. പറവൂരിനടുത്തുള്ള ചക്കുമരശ്ശേരി ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിന് ആദ്യമായി കർണൻ എത്തുമ്പോൾ എഴുത്തച്ഛൻ കർണനായിട്ടായിരുന്നു വരവ്. പിന്നീട്ട് ഒറ്റപ്പാലം മനിശീരിയിലെ ഹരി കർണനെ സ്വന്തമാക്കുകയായിരുന്നു. പത്തു വർഷത്തോളം മനിശീരി കർണനായി ഉത്സവ പറമ്പുകളിലെത്തി. 2000 ആണ് മംഗലാംകുന്ന് ആന തറവാട്ടിലെ സഹോദരന്മാരായ പരമേശ്വരൻ, ഹരിദാസ് എന്നിവർ കർണനെ വാങ്ങുന്നത്. അതോടെ മംഗലാംകുന്ന് കർണനായി. തലപൊക്കത്തിന്റെ ചക്രവർത്തിയായ കർണന്റെ ഉയരം 302 സെന്റിമീറ്ററാണ്. ലക്ഷണമൊത്ത 18 നല്ല നഖങ്ങൾ, ഉയർന്നു വിരിഞ്ഞ മസ്തകം, വായുകുഭം പരന്നത്, നീണ്ട തുമ്പികൈ, നല്ല ഇടനീട്ടം, ചെവി വലുപ്പം പാകത്തിന്, അഴകൊത്ത കൊമ്പുകൾ എന്നിവയാണ് കർണന്റെ പ്രത്യേകതകൾ.

സീസണിൽ നൂറോളം എഴുന്നെള്ളിപ്പുകൾക്ക് എത്തുന്ന ഗജവീരനായിരുന്നു. ഇഭകുല ചക്രവർത്തി, ഗജരാജ വൈഡൂര്യം എന്നിങ്ങനെ ഉത്സവനഗരികളിൽ പതിനായിരങ്ങളുടെ അംഗീകാരങ്ങളും പട്ടങ്ങളും നേടിയിട്ടുണ്ട്. ഒരിക്കൽ ചാലിശ്ശേരി പൂരത്തിന് കർണന് ആരാധകർ സമ്മാനിച്ചത് 46000 രൂപയുടെ നോട്ടുമാലയായിരുന്നു. ഇതു വ്യക്തമാക്കും കർണൻ ഏത്രമാത്രം പ്രിയപ്പെട്ടവനാണെന്ന്. തലയെടുപ്പിന്റെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിച്ച ഗജരാജൻ മംഗലാംകുന്ന് കർണൻ ഗജലോകത്ത് മായാത്ത ഓർമ്മയായി ജ്വലിക്കും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ വൈകീട്ടോടെ വാളയാർ കാട്ടിൽ സംസ്‌കരിച്ചു.


മംഗലാംകുന്ന് കർണൻ: വെള്ളിത്തിരയിലും താരം

ശ്രീകൃഷ്ണപുരം: മലയാള സിനിമയിലും ബോളിവുഡിലുമൊക്കെ അഭിനയിച്ച താരമാണ് മംഗലാംകുന്ന് കർണൻ. മോഹൻലാൽ നായകനായ നരസിംഹം, കഥാനായകൻ എന്നീ ചിത്രങ്ങൾക്ക് പുറമെ മണിരത്നം സംവിധാനം ചെയ്ത ദിൽസെയിലും മംഗലാംകുന്ന് കർണൻ നിറഞ്ഞുനിന്നിരുന്നു. കേരളത്തിൽ ചിത്രീകരിച്ച 'ജിയ ജലേ' എന്ന ഗാനരംഗത്തിലാണ് കർണൻ പ്രത്യക്ഷപ്പെട്ടത്. അതിൽ ചിറക്കൽ കാളിദാസനും മറ്റ് ഒട്ടനവധി ആനകളുമുണ്ടായിരുന്നു. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും കർണൻ അഭിനയിച്ചിട്ടുണ്ട്.