elephant

ചെന്നൈ: ഊട്ടിക്ക് അടുത്ത് മസന്നഗുഡിയിൽ റിസോർട്ട് ജീവനക്കാർ കാട്ടാനയെ തീവച്ച സംഭവത്തിന് പിന്നാലെ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി. 55 റിസോർട്ടുകൾ പൊലീസ് അടച്ചുപൂട്ടി. ഹോംസ്റ്റേയുടെ പേരിൽ ലൈസൻസ് ഇല്ലാതെയാണ് റിസോർട്ടുകൾ പ്രവർത്തിച്ചിരുന്നത്. ആനയെ തീവച്ചു കൊന്നവരുടെ റെയമണ്ട് റിസോർട്ടും പൂട്ടി. റിസോർട്ടുകളിൽ പരിശോധന തുടരുകയാണ്.

കഴിഞ്ഞ ആഴ്‌ചയാണ് റെയമണ്ട് റിസോർട്ടിലേക്ക് എത്തിയ ആനയുടെ നേരെ റിസോർട്ട് ജീവനക്കാർ ടയർ കത്തിച്ചെറിഞ്ഞത്. മസ്‌തിഷ്‌കത്തിൽ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആനയ്‌ക്ക് ഗുരുതരമായി പൊളളലേൽക്കുകയും പിന്നീട് ചരിയുകയും ചെയ്‌തു. കത്തിക്കൊണ്ടിരിക്കുന്ന ടയറിൽ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്‌തിഷ്‌കമാകെ പടർന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

കത്തിയെരിഞ്ഞ ടയർ ദേഹത്തൊട്ടിയ നിലയിൽ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മസനഗുഡിയിലെ രണ്ട് റിസോർട്ടിലെ ജീവനക്കാരെ വനംവകുപ്പ് അറസ്റ്റ് ചെയ്‌തിരുന്നു. മേഖലയിൽ കാട്ടാനകളും വന്യജീവികളും ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്.