തിരുവനന്തപുരം: ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റ് ഇത്തവണ ആര് പിടിക്കും?.മൂന്ന് മുന്നണികൾക്കും പ്രതീക്ഷ ആകാശത്തോളം. മുമ്പ് പല തവണ വിജയം കൊയ്തിട്ടുള്ള പഴയ തിരുവനന്തപുരം വെസ്റ്റിൽ എൽ.ഡി.എഫിന് വിജയ പ്രതീക്ഷ കൂട്ടുന്നത് ഇക്കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും നേടിയ അട്ടിമറി വിജയമാണ് . അതേസമയം,വി.എസ്. ശിവകുമാറിലൂടെ തുടർച്ചയായി രണ്ടാം തവണ ജയിച്ച തിരുവനന്തപുരം വീണ്ടും കൈപ്പിടിയിലൊതുക്കാനാവുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നാലു മണ്ഡലങ്ങളിലും ഒന്നാംസ്ഥാനം പിടിച്ച ബി.ജെ.പി ഇവിടെ കണ്ണ് വയ്ക്കുന്നതും വെറുതെയല്ല.
2011ലും 2016ലും കോൺഗ്രസിലെ വി.എസ്. ശിവകുമാറിനായിരുന്നു ജയം. 96ൽ ആന്റണി രാജുവും, 2006ൽ വി.സുരേന്ദ്രൻ പിള്ളയും എൽ.ഡി.എഫ് ടിക്കറ്റിൽ ഇവിടെ നിന്ന് ജയിച്ചു. 2001ൽ സി.എം.പി നേതാവ് എം.വി. രാഘവനായിരുന്നു ജയം. ശോഭനാ ജോർജും, എം.എം.ഹസ്സനും മത്സരിച്ച് പരാജയപ്പെട്ടവരിൽപ്പെടും. 2011 വി.സുരേന്ദ്രൻ പിള്ളയും 2016ൽ ആന്റണി രാജുവും എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മുസ്ലിം, ക്രിസ്ത്യൻ, മുസ്ലിം മത ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടേറെ പ്രദേശങ്ങൾ മണ്ഡലത്തിലുണ്ട്. മൊത്തം 178 ബൂത്തുകളിൽ ബി.ജെ.പിക്ക് 100ൽ താഴെ വോട്ടുകൾ കിട്ടുന്ന 36 ബൂത്തുകളുണ്ട്. പല ബൂത്തിലും കിട്ടിയത് എട്ടും പത്തും വോട്ട്. പൊതുവെ, യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായിരുന്ന ന്യൂനപക്ഷ സ്വാധീന മേഖലകളിൽ ഇക്കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വൻ സ്വീകാര്യതയാണ് എൽ.ഡി.എഫിനെ ആവേശം കൊള്ളിക്കുന്നത്.
എന്നാൽ, ഇതൊന്നും യു.ഡി.എഫിനെ കാര്യമായി അലട്ടുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനുണ്ടായ ഉണർവാണ് അവർക്ക് ആശ്വാസം . സിറ്റിംഗ് എം.എൽ.എ ശിവകുമാർ തന്നെയാവും സ്ഥാനാർത്ഥിയെന്നാണ് സൂചന. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശിതരൂരിന് 15,000 ലേറെ വോട്ടിന്റെ ലീഡാണ് ഇവിടെ ലഭിച്ചത്.
യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളിൽ കുറച്ച് എൽ.ഡി.എഫ് പിടിച്ചാൽ തങ്ങൾക്ക് ജയസാദ്ധ്യതയുണ്ടെന്ന് കണക്കുകൂട്ടുന്ന ബി.ജെ.പിക്ക്, മണ്ഡലത്തിന് പുറത്ത് നിന്നുള്ള പ്രമുഖരെ സ്ഥാനാർത്ഥിയാക്കാനും നീക്കമുണ്ട്. സാമുദായിക കണക്കുകൂട്ടലുകൾ വച്ച് , എൽ.ഡി.എഫിൽ ആന്റണി രാജുവിന് തന്നെ സീറ്റ് കിട്ടാനാണ് സാദ്ധ്യത.