ആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂർ തികയും മുന്നേ ആലപ്പുഴ ബൈപാസിന്റെ ടോൾ ബൂത്ത് തകർന്നു. പുലർച്ചെ തടിയുമായി എത്തിയ ലോറി ഇടിച്ചാണ് ടോൾ ബൂത്തിന് കേടുപാട് ഉണ്ടായത്. ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ബൈപാസ് കാണാനെത്തുന്നവരുടെ തിരക്കുമൂലം ഇന്നലെ വൈകിട്ടും അപകടങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ബൈപാസിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാനാണ് പൊലീസ് തീരുമാനം.
ബൈപാസിന്റെ വടക്കേയറ്റമായ കൊമ്മാടിയിലാണ് ടോൾ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ടോൾ പ്ലാസയിലെ ഒരു ക്യാബിൻ മാത്രമാണ് തകർന്നത്. മറ്റ് ഗേറ്റുകൾക്കും ക്യാബിനുകൾക്കും തകരാറില്ല. ഇന്നലെയാണ് ആലപ്പുഴ ബൈപാസ് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്‌തത്. ദേശീയപാത 66ൽ കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപാസ്. ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പടെ 4.8 കിലോമീറ്റർ ആകാശപാതയാണ്.