ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ആരംഭിച്ച ആദ്യ ദിനം പാർലമെന്റിലേക്ക് ഇടത് പാർട്ടികളിലേതുൾപ്പടെ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധ മാർച്ച്. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകർക്കെതിരെ കേസെടുക്കുന്നതിനെതിരെ പാർലമെന്റിനുളളിലും പുറത്തും ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് എം.പിമാർ അറിയിച്ചു.
എം.പിമാരായ കെ.കെ രാഗേഷ്, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ മുതലായവരുൾപ്പടെ വിവിധ പാർലമെന്റ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിൽ രാഷ്‌ട്രപതിയുടെ നയപ്രസംഗം ബഹിഷ്‌കരിക്കാൻ കോൺഗ്രസും സിപിഎമ്മും സിപിഐയും ഉൾപ്പടെ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ചു.
അതേസമയം കർഷകസമരത്തിൽ പങ്കെടുക്കാനായി ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും കൂടുതൽ കർഷകരെത്തുകയാണ്. ഗാസിപൂരിലെ സമരഭൂമിയിലേക്ക് കൂടുതൽ ട്രാക്‌ടറുകളെത്തുകയാണ്. കർഷകസമരത്തിനെതിരെ പ്രതിഷേധിച്ച അസാം സ്വദേശികളായ രണ്ട് സന്നദ്ധപ്രവർത്തകരെ ഇന്ന് ഡൽഹി വിമാനത്താവളത്തിൽ അറസ്‌റ്റ് ചെയ്‌തു. റിപ്പബ്ളിക് ദിനത്തിലെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ സർക്കാർ കർഷകരോടുളള നടപടികൾ കടുപ്പിച്ചതിന് പിന്നാലെ സമരത്തിൽ നേരിട്ട് ഇടപെടാൻ വിവിധ പ്രതിപക്ഷ പാർട്ടികൾ ശ്രമം തുടങ്ങി. തങ്ങൾക്ക് ശക്തിയുളള സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകരെ എത്തിക്കാൻ സമാജ്‌വാദി പാർട്ടിയും ആർഎൽഡിയും തീരുമാനമെടുത്തിട്ടുണ്ട്.