kv-thomas

കൊച്ചി: പാർട്ടിയിൽ അർഹിച്ച പരിഗണന ലഭിക്കാത്തതിൽ വിഷമം പരസ്യമാക്കി മുതിർന്ന നേതാവ് കെ വി തോമസ് രംഗത്ത്. മന:പൂർവ്വം തന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്നും അത്തരത്തിലുളള കുറച്ച് വേദനകളാണ് തനിക്കുളളതെന്നുമാണ് കെ വി തോമസ് പറയുന്നത്. താൻ എല്ലായ്‌പ്പോഴും സംതൃപ്‌തനാണ്. ഒരിക്കലും അസംതൃപ്‌തി കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ താൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്ത വിഷമിപ്പിച്ചു. തന്റെ മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. സൈബർ ആക്രമണം ഉണ്ടായി. ഇതിനേക്കാൾ തന്നെ വിഷമിപ്പിച്ചത് താൻ ഒരു അധികാരഭ്രാന്തനാണെന്ന് വരുത്തി തീർക്കാനുളള ശ്രമമാണ്. മറ്റുപാർട്ടിക്കാരല്ല തന്നെ അപമാനിച്ചത്. പാർട്ടിക്കുളളിലെ ചില ആളുകൾ തന്നെയാണ്. പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.

തനിക്കെതിരായി ചില നേതാക്കൾ യോജിച്ചുനിന്നു. ഒരു മത്സരത്തിന് ഇനി ആഗ്രഹിക്കുന്നില്ല. മന:സമാധാനത്തോടുകൂടി പോകണമെന്നാണ് ആഗ്രഹം. സീറ്റിന് വേണ്ടി ഇനി നേതൃത്വത്തിന് മുന്നിലും പോകില്ല. കുടുംബത്തെ ഉൾപ്പടെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചു. കുറച്ചുകൂടി മാന്യതയോടുകൂടി നേതൃത്വത്തിന് പെരുമാറാമായിരുന്നു. പാർട്ടി ഓഫർ ചെയ്‌ത പദവികളൊന്നും നൽകാതെ കറിവേപ്പില പോലെ എടുത്തെറിഞ്ഞപ്പോൾ വിഷമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.