police

തിരുവനന്തപുരം: ഡി.ജി.പിയുടെ പരാതി പരിഹാര അദാലത്തിൽ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ എസ്‌.ഐയെ ശിക്ഷാ പരേഡിനായി തൃശൂർ പൊലീസ് അക്കാഡമിയിലേക്ക് അയച്ചു. നന്ദാവനം സായുധ ബ​റ്റാലിയനിലെ എസ്‌.ഐ ചന്ദ്രനെതിരെയാണ് നടപടി. വിരമിക്കാൻ നാലു മാസം ബാക്കി നിൽക്കെയാണ് ഉദ്യോഗസ്ഥനെ സി​റ്റി പൊലീസ് കമ്മിഷണർ ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ ശിക്ഷിച്ചത്.

ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതി പരിഹരിക്കാൻ ഓൺലൈനായാണ് അദാലത്ത് സംഘടിപ്പിച്ചത്. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു യൂണിഫോമിലും അല്ലാത്തവർക്കു നല്ല വേഷം ധരിച്ചും പങ്കെടുക്കാമെന്നായിരുന്നു അറിയിപ്പ്. എല്ലാ ജില്ലകളിലും മേലുദ്യോഗസ്ഥരും അദാലത്തിൽ സന്നിഹിതരായിരുന്നു. ഡ്യൂട്ടിയിലില്ലായിരുന്ന എസ്‌.ഐ ചന്ദ്രൻ വീട്ടിലിരുന്നാണ് പങ്കെടുത്തത്. എ.ആർ ക്യാമ്പിലെ എസ്‌.ഐമാരുടെ സ്ഥാനക്കയ​റ്റം എപ്പോൾ നടക്കുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അതിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും സർക്കാരാണു തീരുമാനം എടുക്കേണ്ടതെന്നും ബെഹ്റ മറുപടി നൽകി.

ഇതു കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയും കേൾക്കുന്നുണ്ടായിരുന്നു. തന്റെ കീഴിലെ ഒരുദ്യോഗസ്ഥൻ ഇത്തരത്തിൽ ചോദ്യം ഉന്നയിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദാലത്ത് കഴിഞ്ഞയുടൻ ചന്ദ്രനെ തൃശൂർ പൊലീസ് അക്കാഡമിയിലേക്ക് 15 ദിവസത്തെ ശിക്ഷാ പരേഡിന് അയച്ചു. 50 വയസ് കഴിഞ്ഞവരെ ഇത്തരം പരേഡിന് അയയ്ക്കാൻ പാടില്ലെന്ന ഉത്തരവ് നിലവിലുണ്ട്.