dubai-flights

ബ്രിട്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് യുഎഇയിൽ നിന്ന് ബ്രിട്ടണിലേക്ക് നേരിട്ടുള‌ളതും തിരികെയുള‌ളതുമായ വിമാനങ്ങൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തി. നിലവിൽ ലോകത്തെ ഏ‌റ്റവും തിരക്കേറിയ ദുബായ്-ലണ്ടൻ സർവീസാണ് ഇതോടെ നിർത്തലാകുന്നത്.

ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും യുഎഇയ്‌ക്ക് പുറമേ യാത്രാവിലക്കുള‌ള രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൺ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് വെള‌ളിയാഴ്‌ച പുലർച്ചെ ഒരുമണി മുതലുള‌ള തങ്ങളുടെ സർവീസുകൾ സസ്‌പെൻഡ് ചെയ്‌തതായി വിമാനകമ്പനികളായ ഇത്തിഹാദും എമിറേ‌റ്റ്സും അറിയിച്ചു.

യുഎഇയിൽ നിന്ന് നേരിട്ടല്ലാത്ത വിമാന മാർഗങ്ങളിലൂടെ രാജ്യത്തെത്തുവാൻ യുകെ ഗതാഗത വകുപ്പ് ബ്രിട്ടീഷ് പൗരന്മാരെ അറിയിച്ചു. എന്നാൽ ഇവർ രാജ്യത്തെത്തിയാൽ പത്ത് ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം.

ലണ്ടനിൽ നിന്ന് ഓസ്ട്രേലിയ ഉൾപ്പടെ രാജ്യങ്ങളിലേക്ക് ഇതിഹാദ് നടത്തുന്ന സർവീസുകൾ ഇതോടെ നിർത്തലായേക്കും. ലണ്ടനിലേക്ക് കൂടുതൽ വിമാന സർവീസ് നടത്താൻ ഓസ്‌ട്രേലിയ ആലോചിക്കുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ യുഎഇയിൽ നിലവിൽ കൊവിഡ് നെഗ‌റ്റീവ് പരിശോധനാ ഫലമില്ലാതെ പ്രവേശിക്കാനാകില്ല.