
പത്താംക്ളാസിൽ പഠിക്കുമ്പോഴാണ് രഹ്ന ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ഒൻപതാം ക്ളാസിലെ അവധിക്കാലത്താണ് നഹറിന്റെ സിനിമാ പ്രവേശം. ചലച്ചിത്ര താരങ്ങളായ കലാഭവൻ നവാസിന്റെയും രഹ്നയുടെയും മകൾ നഹറിൻ പാരമ്പര്യത്തിന്റെ പാതയിൽ എത്തിയതാണ് പുതിയ വിശേഷം.ആലുവയ്ക്കടുത്ത് നാലാം മൈൽ 'നെസ്റ്റ് വടഗിരി" എന്ന വീട്ടിൽ ഇനിമുതൽ മൂന്ന് താരനക്ഷത്രങ്ങൾ.
ജയ് ജിതിൻ പ്രകാശ് സംവിധാനം ചെയ്ത 'കൺഫെഷൻസ് ഒാഫ് എ കുക്കൂ" എന്ന ചിത്രത്തിലൂടെയാണ് നഹറിൻ സിനിമയിൽ എത്തുന്നത്. ഒടി.ടി പ്ളാറ്റ്ഫോമിൽ ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തിയപ്പോൾ മികച്ച സ്വീകാര്യതയും അഭിനന്ദനവും ലഭിച്ചു. ഇതിന്റെ നിറ ആഹ്ളാദത്തിൽ നവാസും രഹ്നയും. ഇത്ത സിനിമയിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് റിഹാനും റിദ് വാനും.'കുക്കു"വിനെ അവർക്കും ഇഷ്ടം. തേവയ്ക്കൽ വിദ്യോദയ സ്കൂളിൽ പതിനൊന്നാം ക്ളാസിൽ പഠിക്കുകയാണ് നഹറിൻ. റിഹാൻ ഏഴിലും. റിദ് വാൻ രണ്ടാം ക്ളാസിലും. ഒാൺലൈൻ ക്ളാസിൽ മുഴുകിയിരിക്കുകയാണ് നഹറിൻ. വാപ്പച്ചിക്ക് വരുന്ന ഫോൺ കോളുകൾ അധികവും 'കുക്കു"വിനെ പറ്റി സംസാരിക്കുന്നു.ഈ വിവരം ഉമ്മച്ചി കൃത്യമായി നഹറിനെ അറിയിക്കുന്നുണ്ട്.
അച്ഛൻ അബൂബക്കറിന്റെ പാത പിന്തുടർന്ന് നവാസും ഇപ്പോൾ മകളും അഭിനയരംഗത്ത് എത്തി?
മകളെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന ആഗ്രഹം ഞങ്ങൾ രണ്ടുപേർക്കുമില്ലായിരുന്നു. പഠിക്കേണ്ട സമയത്ത് പഠിക്കുകതന്നെ വേണം. ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും പ്രശസ്തിയുടെയും മേഖലയാണ് സിനിമ. അവിടേക്ക് പൂർണമായി മാറാൻ കഴിയില്ല. പഠനത്തിൽ ശ്രദ്ധിക്കണമെന്ന ഉപദേശമാണ് ഞങ്ങൾ നൽകിയിട്ടുള്ളത്. സിനിമയോട് മോൾക്കും താത്പര്യമില്ല.മോളുടെ പ്രായംവരുന്ന കഥാപാത്രമായതിനാൽ അഭിനയിച്ചു. ഇനി,ഒരു അവസരം വന്നാൽ അഭിനയിക്കാൻ സാദ്ധ്യതയില്ല.എന്നാൽ അഭിനയ പാരമ്പര്യം രക്തത്തിലുണ്ട്.സ്കൂളിൽ നാടകത്തിലും പാട്ടിലും മോൾ പങ്കെടുത്തിട്ടുണ്ട്.
ചെറിയ വേഷത്തിൽനിന്ന് തുടങ്ങി പിന്നീട് ഉപനായകനായും നായകനായിട്ടും ശ്രദ്ധേയനാകാൻ കഴിയാതെ പോയില്ലേ?
എന്നും കലാരംഗത്ത് ഉണ്ടാവണമെന്നേ ആഗ്രഹിച്ചുള്ളൂ.'മിമിക് സ് ആക്ഷൻ 500" സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്.
നാളെ നായകനാകുമെന്ന് പ്രതീക്ഷിച്ചല്ല വന്നത്. അന്നും ഇന്നും സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നു. കോമഡി ഷോയുടെ വിധികർത്താവായി ഇരിക്കാൻ വഴിയൊരുക്കിയത് സിനിമ തന്നെയാണ്. എന്റെ ചെറിയ കഴിവ് എല്ലാ മേഖലയിലും എത്തിക്കുക എന്ന ലക്ഷ്യമുള്ള ആളാണ്. ആ ചിന്ത തുടക്കം മുതലുണ്ട്. എഴുത്ത് ഇഷ്ടമാണ്. തിരക്കഥ എഴുതുന്നുണ്ട്. കൊവിഡിന് മുൻപ് സ്ഥിരമായി വിദേശരാജ്യത്ത് സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്യുമായിരുന്നു. എന്റെ പരിപാടി ആഗ്രഹിക്കുന്നതുകൊണ്ടും ഇഷ്ടപ്പെടുന്നതുകൊണ്ടുമാണ് വിളിക്കുന്നത്. ഇരുപത്തിയഞ്ചുവർഷമായി അത് തുടരുന്നു. കലാകാരൻ എന്ന നിലയിൽ പൂർണ സംതൃപ്തനാണ്. കല എന്നതിന് പ്രായമോ സമയമോയില്ലെന്ന് വിശ്വസിക്കുന്നു.
അഭിനയ യാത്ര എവിടെ എത്തി നിൽക്കുന്നു?
മറ്റൊരു വഴി തേടാതെ കലാരംഗത്തു തന്നെ തുടരുന്നു.അബൂബക്കർ എന്ന നടന്റെ മകൻ എന്ന വിലാസമുണ്ടെങ്കിലും പ്രേക്ഷകന് വേണ്ടത് കൊടുക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു. മികച്ച അവസരങ്ങൾ ഇനിയും വന്നുചേരണം. ഒന്നിനെയും പഴി ചാരുന്നില്ല. നല്ല കഥാപാത്രം ലഭിക്കുമെന്ന പ്രതീക്ഷ എല്ലാ കലാകാരൻമാർക്കുമുണ്ട്.
നൂറിനടുത്ത് സിനിമയിൽ അഭിനയിച്ചു. 'താമര" സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡ്രൈവിംഗ് ലൈസൻസാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. മേരാനാം ഷാജിയിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.ചേട്ടൻ നിയാസ് ബക്കറിനൊപ്പം അഭിനയിക്കണമെന്നാഗ്രഹം സഫലമായിട്ടില്ല.
സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലേ?
രഹ്ന: മക്കളുടെ കാര്യങ്ങൾ, ബ്രൈഡൽ സ്റ്റുഡിയോ, പ് ളേ സ്കൾ ഇതിനിടെ തിരിച്ചുവരവിനെപ്പറ്റി ആലോചിക്കാൻ പോലും സമയമില്ല.നാലു വർഷമായി ബ്രൈഡൽ സ്റ്റുഡിയോയും സ്കൂളും ആരംഭിച്ചിട്ട്. ഫാഷൻ ഡിസൈനിംഗ്, മേക്കപ്പ് കോഴ്സ് പഠിച്ചതാണ്.ഇക്ക സംവിധാനം ചെയ്ത വെളിച്ചം ഷോർട്ട് ഫിലിമിൽ ഇതിനിടെ അഭിനയിച്ചു. തലശേരി ദം ബിരിയാണി ഇന്റസ്റ്റ് മസാല എന്ന പുതിയ സംരംഭവും ആരംഭിച്ചു.ഇതിന്റെ പരസ്യ ചിത്രത്തിൽ ഞങ്ങൾ കുടുംബസമേതം അഭിനയിച്ചു.
സ്റ്റാൻഡ് അപ് കൊമേഡിയൻ
നഹറിൻ : കുട്ടികൾ നേരിടുന്ന മാനിസക പീഡനങ്ങളും സംഘർഷങ്ങളുമാണ് കൺഫെഷൻസ് ഒാഫ് എ കുക്കൂ വിന്റെ കഥ.അനാഥാലയത്തിൽ കഴിയുന്ന നസീമ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സി.ബി.എസ്.ഇ സംഘടിപ്പിച്ച സ്റ്റാൻഡ് അപ് പെർഫോമൻസിൽ ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. എന്റെ ഇഷ്ടമേഖലയാണത്. ബയോ ഐ.ടി ആണ് പഠിക്കുന്നത്.ഡോക്ടറാവാനാണ് ആഗ്രഹം