പൂമരത്തിലൂടെയും ഹാപ്പി സർദാറിലൂടെയും ശ്രദ്ധേയയായ മെറിൻഫിലിപ്പിന്റെ വിശേഷങ്ങൾ....
പൂമരം കണ്ടപ്പോൾ പ്രേക്ഷകർ ഒരേപോലെ ചോദിച്ച ഒരു ചോദ്യമാണ് ''കാജോളിന്റെ കണ്ണുകളോട് സാമ്യമുള്ള ആ സുന്ദരി ആരെന്ന് "". ആ സുന്ദരിയുടെ പേരാണ് മെറിൻ ഫിലിപ്പ്. മെലിഞ്ഞ മെറിൻ ഫിലിപ്പിനെയാണ് നമ്മൾ ഹാപ്പി സർദാറിൽനായികയായി കണ്ടത്. തമിഴിലേക്ക് ചേക്കാറാനുള്ള തയാറെടുപ്പിലാണ് മെറിൻ. ഒപ്പം മലയാളത്തിലും പുതിയ പ്രോജക്ടുകൾ മെറിനെ തേടിയെത്തിയിട്ടുണ്ട്. മെറിൻ തിരുവനന്തപുരത്ത് പി .ജി പരീക്ഷയുടെ തിരക്കിലിരുന്ന് സിനിമ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
പൂമരത്തിലും കാളിദാസ് , ഹാപ്പി സർദാറിലും കാളിദാസ്
പൂമരത്തിൽ കാളിദാസിനൊപ്പം അഭിനയിച്ചെങ്കിലും ഞങ്ങൾക്ക് കോമ്പിനേഷൻ സീനുകളൊന്നും ഇല്ലായിരുന്നു.പൂമരം ഓഡിഷൻ വഴിയാണ് കിട്ടിയത്. ഒരു സിനിമയുടെ ചിത്രീകരണം എന്നതിനേക്കാളേറെ കലോത്സവവേദിപോലെയായിരുന്നു സെറ്റ്.
ആ സിനിമയിലേക്ക് ഓഡിഷന് അയക്കാനുള്ള പ്രധാന ആകർഷണം എബ്രിഡ് സാറിനെ പോലൊരു ഫിലിം മേക്കറിന്റെ കൂടെ ജോലി ചെയ്യാനുള്ള ആഗ്രഹമായിരുന്നു. അതുപോലെ കാളിദാസിന്റെ സിനിമ. കാളിദാസ് നല്ലൊരു സുഹൃത്താണ്. ഒരു പാവം പയ്യൻ. ജയറാമിനെ പോലെയൊരു മഹാനടന്റെയും മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ നായിക പർവതിയുടെയും മകൻ. കാളിദാസിന് സിനിമ ചെറുപ്പം മുതൽ പരിചയമുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ഞങ്ങളെപോലെയുള്ള പുതുമുഖങ്ങളെ ശ്രദ്ധിക്കേണ്ട ആവശ്യമൊന്നുമില്ല കാളിദാസിന്. പക്ഷേ ആദ്യം മുതലേ കാളിദാസ് ഞങ്ങളുമായൊക്കെ സൗഹൃദം സ്ഥാപിച്ചിരുന്നു. ഒപ്പം അഭിനയിക്കുന്നവരെ കംഫോർട് ആക്കാൻ കാളിദാസ് ശ്രമിക്കാറുണ്ട്.
രണ്ടാമത്തെ സിനിമ ഹാപ്പി സർദാറിലും കാളിദാസാണ് നായകനെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. സുധീപ് ജോഷി സാറും ഭാര്യ ഗീതിക സുധീപുമായിരുന്നു ഹാപ്പി സർദാറിന്റെ സംവിധാനം. ഓഡിഷൻ വഴി തന്നെയാണ് ഹാപ്പി സർദാറിലും എന്നെ തിരഞ്ഞെടുത്തത്. തിരക്കഥ വായിച്ചപ്പോഴേ ഇഷ്ടമായിരുന്നു. ഹാപ്പി സർദാറിലെ നായികയാവാൻ തടി കുറയ്ക്കേണ്ടി വന്നു. ഡയറ്റെല്ലാം കൃത്യമായി ചെയ്തിട്ടാണ് തടി കുറച്ചത്. അതുവരെ ഞാൻ ഫിറ്റ്നെസൊന്നും കൃത്യമായി നോക്കുന്ന ഒരാളായിരുന്നില്ല. കൃത്യമായി വർക്ക്ഔട്ട് ചെയ്തിട്ടാണ് തടി കുറച്ചത്. തടി കുറച്ചപ്പോൾ ആ ബുദ്ധിമുട്ട് മനസിലായി. പിന്നീട് ഇപ്പോഴുള്ള തടി നിലനിറുത്തി പോരുകയായിരുന്നു. തടി കുറഞ്ഞപ്പോൾ എനിക്ക് തന്നെ ആത്മവിശ്വാസം കൂടിയതുപോലെ തോന്നി. ഹാപ്പി സർദാറിൽ ഞാൻ ചെറുപ്പം മുതൽ ആരാധിച്ചിരുന്ന ഒരുപാട്പേരുടെ കൂടെ അഭിനയിക്കാൻ സാധിച്ചു.
അതൊരു മഹാഭാഗ്യമായാണ് തോന്നിയത്.ബോളിവുഡ് താരം ജാവേദ് ജഫ്രിയുമായെല്ലാം ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞു.
പതിനാലാം വയസിൽ അഭിനയം മനസിൽ തുടങ്ങി
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം അബുദാബിയിലായിരുന്നു. അസോസിയേഷേന്റെ പരിപാടികളിൽ നാടക വേദികളിലാണ് ഞാൻ കൂടുതലും തിളങ്ങിയത്. സംഗീതവും താല്പര്യമുണ്ടായിരുന്നു. നാടകവും കഥാപ്രസംഗവും ചെയ്യുമ്പോൾ അഭിനയത്തോട് കൂടുതൽ അടുപ്പം തോന്നി. വ്യത്യസ്ത ഭാവങ്ങൾ മുഖത്ത് മിന്നി മായുമ്പോൾ വേദിയിലെ കൈയ്യടി കിട്ടുമ്പോൾ കൂടുതൽ ലഹരിയായി. കണ്ണാടിയ്ക്ക് മുന്നിൽ അഭിനയിച്ചു നോക്കാറുണ്ടായിരുന്നു. ഓരോ സിനിമ കാണുമ്പോഴും അതിലെ ഓരോ കഥാപാത്രത്തെയും എന്നിൽ ആവാഹിക്കാറുണ്ട്. ചെറുപ്പത്തിൽ സ്ക്രീനിൽ കാണുന്ന നടിമാരെ പോലെ എന്റെ മുഖവും സ്ക്രീനിൽ വരണമെന്ന തീരുമാനം ഉറച്ചതായിരുന്നു. ഞാൻ വളരുന്നതനുസരിച്ച് ആ ആഗ്രഹവും വലുതായി. നാട്ടിലേക്ക് പറിച്ചുനട്ടതിനൊപ്പം ഓഡിഷനുകളിൽ പങ്കെടുക്കാൻ തുടങ്ങി. കൊല്ലം അഞ്ചലാണ് വീട്. ഓഡിഷൻ കോഴിക്കോടാണെങ്കിലും കൊച്ചിയാണെങ്കിലും പോവും. ഓഡിഷനുകളിൽ ആദ്യം സെലക്ട് ആയില്ല എന്ന് കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. പിന്നീട് അത് ശീലമായി.അങ്ങനെയിരിക്കുമ്പോഴാണ് പൂമരത്തിന്റെ ഓഡിഷന് പോയിട്ട് എന്നെ തിരഞ്ഞെടുക്കുന്നത്. പൂമരത്തിലൂടെ ഞാൻ സിനിമ പഠിച്ചു .
മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡിഷന് പങ്കെടുത്തിരുന്നു. അതിൽ എന്നെ സെലക്ട് ചെയ്തില്ല. വിഷമം തോന്നിയിരുന്നു. കാരണം അതുപോലെ ഒരു നല്ല ടീമിന്റെ കൂടെ ജോലി ചെയ്യുക എന്ന് തന്നെ ഭാഗ്യമാണ്. അതിൽ കുഞ്ഞു വേഷമാണെങ്കിലും ഞാൻ സന്തോഷത്തോടെ ചെയ്യുമായിരുന്നു. എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സ്. അതുപോലെ ഹെലൻ ഒരുപാട് ഇഷ്ടപ്പെട്ടു. അന്ന ബെൻ അത് നന്നായി ചെയ്തിട്ടുണ്ട്. അങ്ങനെയൊരു കഥാപാത്രം കിട്ടിയിരുന്നെങ്കിലെന്ന് കൊതിച്ചു പോയിട്ടുണ്ട്.
കുടുംബമാണ് എന്റെ ശക്തി
ഡാഡി ഫിലിപ്പ് മാത്യു.'മമ്മ ഡെയ്സി ഫിലിപ്പ്.മമ്മ അധ്യാപികയായിരുന്നു. ഡാഡി അബുദാബിയിലായിരുന്നു . ഇപ്പോൾ നാട്ടിലുണ്ട്. സഹോദരൻ മെൽവിൻ .അബുദാബിയിൽ ജോലി ചെയ്യുന്നു. ചേട്ടന്റെ ഭാര്യ സ്റ്റെഫി . അവർക്ക് ഒരു കുഞ്ഞു ജനിച്ചു ഇപ്പോൾ. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. സിനിമ തിരഞ്ഞെടുത്തപ്പോൾ ബന്ധുക്കളിൽ നിന്നെല്ലാം വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായിരുന്നു. ഡാഡിയും മമ്മയും ചെറുപ്പം മുതൽ എന്റെ ഇഷ്ടങ്ങൾക്ക് കൂടെ നിന്നവരാണ്.മമ്മ പാട്ടു പാടും. എന്നെ ഒരു കലാകാരിയായി കാണുന്നതാണ് അവർക്കും ഇഷ്ടം. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് ഇവിടെ വരെ എത്താൻ കഴിയില്ലായിരുന്നു.