ദേശീയ അവാർഡിന് മുൻപും പിൻപും സുരഭിയുടെ യാത്ര
രണ്ടോ മൂന്നോ സീൻ
സിനിമയിൽ രണ്ടോ മൂന്നോ സീനിൽ മാത്രം അഭിനയിക്കുന്ന നടി. ഇവരുടെ പേരുകൾ മിക്ക പ്രേക്ഷകർക്കും അറിയില്ല. ഈ കൂട്ടത്തിലായിരുന്നു എന്റെയും സ്ഥാനം. കുടുംബ ഹാസ്യ പരമ്പര 'എം 80 മൂസ"യിൽ അറുപതു വയസ്സു കഴിഞ്ഞ ഉമ്മൂമ്മമാർ സംസാരിക്കുന്ന ഭാഷയാണ് മുപ്പത്തിയഞ്ചുകാരിയായ പാത്തു വിന്റേത്. നാലാം ക്ളാസിൽ നാലുവട്ടം തോറ്റ മണ്ടത്തരങ്ങൾ മാത്രം പറയുന്ന പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാണ് നാലാൾ അറിഞ്ഞുതുടങ്ങുന്നത്. അതിനു മുൻപ് അധികം സ്ത്രീകഥാപാത്രങ്ങൾ കോഴിക്കോട് ഭാഷ സംസാരിച്ചു വന്നിട്ടില്ല.'എം 80 മൂസ" ചെയ്യുന്ന സമയത്ത് നാടകത്തിൽ അഭിനയിക്കുന്നുണ്ട്. കുട്ടിക്കാലത്ത് കലാപ്രവർത്തനത്തിന് ക്ഷേത്രമൈതാനവും സ്കൂൾ കലോത്സവ വേദികളുമാണ് പിൻബലമായിരുന്നത്. കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ ബി.എ ഭരതനാട്യം പഠനം. ഓപ്ഷൻ വിഷയമായി തിരഞ്ഞെടുത്തത് നാടകം. നൃത്തത്തേക്കാൾ മികവ് തെളിയിക്കുക അഭിനയമാണെന്ന് റിയാലിറ്റി ഷോയിൽ അംഗീകാരം ലഭിച്ചപ്പോൾ തിരിച്ചറിഞ്ഞു. തുടർന്ന് ശ്രീശങ്കരയിൽ തന്നെ എം.എ തിയേറ്റർ പഠനം. എം.ജി. സർവകലാശാലയിൽ എം.ഫിൽ തിയേറ്റർ പഠനം. അഭിനയം തന്നെ ജീവിത വഴി എന്നു തിരിച്ചറിഞ്ഞു. കലാകാരിയാവണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചു. അവിടെ എത്തിച്ചേരുന്നതിന് വേണ്ടിയുള്ള പഠനമാണ് നടത്തിയത്.
ഒരുപാട് നാടകങ്ങളുടെ ഭാഗമാവാൻ സാധിച്ചു.ഒടുവിൽ സിനിമയിൽ എത്തി. എല്ലാത്തിന്റെയും ഫലമായി ലഭിച്ചതാണ് ദേശീയ അവാർഡ്. നാല്പതു വയസ് പിന്നിടുമ്പോൾ ദേശീയ അവാർഡ് ലഭിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ അതു കുറച്ചു നേരത്തേ സംഭവിച്ചു. മുപ്പതുകളിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം. 'മിന്നാമിനുങ്ങ് " സിനിമയിൽ അവതരിപ്പിച്ച എന്റെ പേരില്ലാ കഥാപാത്രത്തിന്് ലഭിച്ച അംഗീകാരം.
രണ്ടോ മൂന്നോ സീൻ
കൂടുതൽ
'ഒന്നും സംഭവിക്കാൻ പോവുന്നില്ലെന്ന് " ദേശീയ അവാർഡ് ലഭിച്ചപ്പോൾ അനുമോദിച്ചശേഷം നടനും 'കപ്പേള "സിനിമയുടെ സംവിധായകനുമായ മുഹമ്മദ് മുസ്തഫ പറഞ്ഞു. ഒന്നും പ്രതീക്ഷിക്കരുത്, നമ്മൾ നായകനും നായികയുമല്ല. നാടകത്തിൽ നിന്നാണ് വരവ്. ഗോഡ്ഫാദറില്ല. മുസ്തഫയുടെ വാക്കുകൾ. എനിക്കു മുൻപേ ദേശീയ അവാർഡ് ജേതാവാണ് മുസ്തഫ. തുടർന്നും ആത്മാർത്ഥതയോടെ നിരന്തരമായി ജോലി ചെയ്യണമെന്നും മുസ്തഫ ഉപദേശിച്ചു. തളർന്നു പോവുന്ന സമയത്തേക്കുള്ള ഊർജ്ജമാണ് പുരസ്കാരമെന്ന് തിരിച്ചറിഞ്ഞു.2016ൽ മികച്ച നടി ക്കുള്ള ദേശീയ അവാർഡ് . അതിനുശേഷം മൂന്നുവർഷം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ല. ഒന്നോ രണ്ടോ സിനിമ വന്നു. കൊമേഴ്സ്യൽ സിനിമ അകലം പാലിക്കുന്നതായി തോന്നി. ഒന്നും സംഭവിച്ചില്ലല്ലോ എന്നോർത്ത് നിരാശപ്പെടുന്നില്ല. എത്ര ചെറിയ വേഷമാണെങ്കിലും ഇപ്പോഴും അഭിനയിക്കുന്നു. ഇവിടെ ഉണ്ടെന്ന് അറിയിക്കുന്നു. ദേശീയ അവാർഡ് ലഭിച്ച ശേഷം അഭിനയിച്ച സിനിമകളിൽ എനിക്ക് രണ്ടോ മൂന്നോ സീൻ കൂടുതലായി കിട്ടി. അതാണ് ഉണ്ടായ ഏകമാറ്റം. പോയ വർഷം ഹരികുമാർ സാറിന്റെ 'ജ്വാലാമുഖി," സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ എന്നിവർക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന 'കള്ളൻ" , 'തല " എന്നീ സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞു. ഇന്ദ്രൻസേട്ടന്റെ നായികയായി 'പൊരിവെയിൽ", ഇന്ദ്രജിത്തിന്റെ അനുരാധ ക്രൈം നമ്പർ 59/2019 എന്നിവ ലോക്ക് ഡൗണിനു മുൻപും ശേഷവുമായി സംഭവിച്ചു. അനൂപ് മേനോന്റെ 'പത്മ"യിൽ െെടറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായി കൊമേഴ്സ്യൽ സിനിമയിൽ നായികയായി അഭിനയിക്കാൻ പോവുകയാണ്. ദേശീയ അവാർഡ് ലഭിച്ചശേഷം ജീവിതം മാറിയിട്ടില്ല. അവാർഡ് ലഭിക്കുമ്പോൾ ആഘോഷമാണ്. പിന്നീട് ഞാനെന്ന വ്യക്തിക്കും നടിക്കും ഉൗർജ്ജം പകരാൻ മാത്രമുള്ളതാ കുന്നു അവാർഡ്. വരാൻ പോകുന്ന സിനിമയിലെ കഥാപാത്രങ്ങളെല്ലാം ശക്തവും ഒപ്പം സന്തോഷവും തരുന്നു.
ഉരുളയ്ക്ക് ഉപ്പേരി
കൂൺ പോലെ യുട്യൂബ് ചാനൽ-
അതുകണ്ട് ഞാൻ മുളപ്പിച്ചതിന്റെ പേര് സുരഭീസ്
ബിഎംഡബ്ളുവോ റോൾസ് റോയ്സോ സ്വപ്നം-
പ്രീമിയർ പത്മിനിയുടെ വരവാ വരവ്.പൊളിയായി വീണ്ടും വന്നാൽ എപ്പോൾ വാങ്ങിയെന്ന് ചോദിച്ചാൽ മതി
കെ.ജി.എഫ് ത്രീയിൽ യഷിന്റെ നായിക -ഡേറ്റ് ഉണ്ടെങ്കിൽ മാത്രം അഭിനയിക്കും
തേപ്പുകാരി എന്നു വിളിച്ചാൽ- പ്ളസ്ടു വരെ നൈസായി തേച്ചു.അതുകഴിഞ്ഞു ഒന്നുരണ്ട് തേപ്പ് കിട്ടി
സഹപാഠിയായ ദിലീഷ് പോത്തന്റെ സിനിമയിൽ
കാണുന്നില്ല-രണ്ടോ അഞ്ചോ ലക്ഷം കടം ചോദിച്ചാൽ തരുന്നത് ഇല്ലാതാക്കണോ?
ആനപ്പുറത്തു കയറിയിട്ടുണ്ടോ-
കോടനാട്ടെ ആനയ്ക്ക് ഭാഗ്യം ഉണ്ട്
സന്തോഷ് പണ്ഡിറ്റ് നാട്ടുകാരൻ-മൂപ്പരോട് ബഹുമാനമാ. ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്നത് കാണുമ്പോൾ എന്റെ കണ്ണ് തള്ളും
കോവിഡ് വന്നപ്പോൾ - മാസ് ക് മുഖം മറച്ചു
സംവിധാനം സുരഭിലക്ഷ്മി- മെനക്കെട്ട പണിയാ. തത്കാലം അഭിനയിച്ച് അരി മേടിക്കാം.