ഇഷ്കിലൂടെ സംവിധായക നിരയിലേക്ക് എത്തിയ അനുരാജ് മനോഹർ അടുത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ്
ആദ്യ സിനിമയിലൂടെ തിളങ്ങാൻ ഒരു നവാഗത സംവിധായകൻ എന്ന രീതിയിൽ അനുരാജ് മനോഹറിന് എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് അനുരാജ് ഇങ്ങനെ പറഞ്ഞു.
''ഞാൻ നവാഗതനല്ല..എട്ടു വർഷത്തോളമായി സിനിമ മേഖലയിലുണ്ട് . ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് പോവുന്ന ഫീലായിരുന്നു ഇഷ്കിന്റെ സെറ്റിൽ പോവുമ്പോഴും.""അനുരാജ് പുതിയ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികളുടെയും ചർച്ചകളുടെയും തിരക്കിലാണ്.ആദ്യ സിനിമയിൽ നിന്ന് തികച്ചും വ്യത്യസ്തമായ സിനിമയായിരിക്കും അടുത്തതെന്ന് പറഞ്ഞു കൊണ്ട് അനുരാജ് സംസാരിച്ചു തുടങ്ങി...
കൊവിഡുംലോക്ക് ഡൗണുംചതിച്ചു
2019 മുഴുവൻ ഇഷ്കിന്റെ വിജയത്തിന്റെ കൂടെയായിരുന്നു. 2020 പുതിയ സിനിമയ്ക്ക് കൈകൊടുക്കാമെന്ന പ്ലാനായിരുന്നു എന്നാൽ കൊവിഡും ലോക്ക് ഡൗണും ചതിച്ചു. കഴിഞ്ഞ വർഷം കഥ കേൾക്കുകയായിരുന്നു പ്രധാന ജോലി. ഒ .ടി .ടി യ്ക്ക് വേണ്ടി ഒരു സിനിമ ഒരുക്കണമെന്ന് മോഹം ഉണ്ടായിരുന്നു. എന്നാൽ അതിനു സാധിച്ചില്ല.ഇപ്പോൾ മൂന്ന് തിരക്കഥകൾ തയ്യാറായി ഇരിപ്പുണ്ട്. ഉടനടി തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാവും. ഓണത്തിന് റീലീസ് എന്ന രീതിയിലാണ് പ്ലാൻ ചെയ്യുന്നത്.
പുതിയ സിനിമ ആക്ഷേപ ഹാസ്യരൂപത്തിലാവും
ഇഷ്ക് കഴിഞ്ഞു അടുത്ത സിനിമ എങ്ങനെയായിരിക്കുമെന്ന് പലരും ചോദിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ചർച്ചയിലുണ്ടായിരുന്ന സിനിമയാണ് ഇനി പ്രഖ്യാപിക്കാൻ പോകുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ ആക്ഷേപ ഹാസ്യ രൂപത്തിൽ ഒരുക്കുന്നതാണ് പുതിയ ചിത്രം. ഇന്ന് ചർച്ചാ വിഷയമാകുന്ന പല വിഷയങ്ങളും ആ സിനിമയിലൂടെ പറയും.പുതിയ സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. ആക്ഷേപഹാസ്യ രൂപത്തിലാണ് ചിത്രം ഒരുങ്ങുന്നത്. 2020 ജനുവരിയിലായിരുന്നു ചിത്രത്തിനായി കൈകൊടുക്കുന്നത് . മാർച്ചോടെ ചിത്രം പ്രഖ്യാപ്പിക്കാമെന്ന് തയ്യാറായി ഇരിക്കുമ്പോഴായിരുന്നു കൊവിഡും ലോക്ക് ഡൗണും വരുന്നത്.
ലോക് ഡൗണിൽ വീട്ടിൽ കുടുംബത്തോടൊപ്പം നിന്നു. യാത്രകൾ പോയി.ഇത്രയും കാലം സിനിമയില്ലാതെ ദിവസങ്ങൾ കഴിച്ചുകൂട്ടിയത് വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു. ഈ വലിയ ഗ്യാപ്പ് പുതിയ സിനിമയെ ബാധിക്കും.ഇനി പുതിയൊരു സിനിമ ചെയ്യാൻ തുടങ്ങുമ്പോൾ ആദ്യ സിനിമ എന്ന നിലയിലാവും. എങ്ങനെയായിരിക്കും ആദ്യ ഷോട്ട് പ്ലാൻ ചെയ്യുക എന്ന ആകാംക്ഷയിലാണ് ഞാനിപ്പോൾ.മമ്മൂക്കയുടെ പുള്ളിക്കാരൻ സ്റ്റാറായിൽ ചീഫ് അസോസിറ്റായി ജോലിചെയ്യുമ്പോൾ മമ്മൂക്കയുടെ ആദ്യ ഷോട്ടിന്റെ തലേന്നും ഇതേ ആകാംക്ഷയുണ്ടായിരുന്നു.ഇഷ്കിന്റെ വിജയം വേണ്ടുവോളം ആസ്വദിച്ചതിന് ശേഷമേ അടുത്ത പ്രോജക്ടിലേക്ക് കടക്കുകയുള്ളുവെന്ന നിർബന്ധം ഉണ്ടായിരുന്നു. അത് പ്രഖ്യാപിക്കാനുള്ള സമയമായപ്പോഴേക്കും കൊവിഡും ലോക്ക്ഡൗണും .
കണ്ണൂർ ഇരിട്ടിയിലാണ് വീട്. അമ്മ രാധാമണി. അച്ഛൻ മനോഹരൻ കൈതപ്രം , പത്രപ്രവർത്തകനാണ്. അനിയത്തി അശ്വിനി മനോഹർ.വിവാഹശേഷം ഖത്തറിലാണ്. ഭാര്യ ശ്യാമിലി ,മാധ്യമ പ്രവർത്തകയാണ് .