dolphin

കൊല്ലം: തങ്കശ്ശേരി പുലിമുട്ടിൽ കഴിഞ്ഞദിവസം ഡോൾഫിൻ വന്നടിഞ്ഞു. ആൻഡമാൻ നിക്കോബാർ ഐലൻഡിനോട് ചേർന്ന് ഉൾക്കടലിൽ കണ്ടുവരാറുള്ള സ്ട്രിപ്പിഡ് ഇനത്തിൽപ്പെട്ട ഡോൾഫിനാണ് കൊല്ലം തീരത്ത് എത്തിയത്. മത്സ്യത്തൊഴിലാളികൾ ഡോൾഫിനെ ഉൾക്കടലിലേക്ക് ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും മിനിറ്റുകൾക്കകം മടങ്ങിയെത്തി.

സ്ഥലത്തെത്തിയ കോസ്റ്റൽ പൊലീസ് വനംവകുപ്പിനെ വിവരമറിയിച്ചു. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയൻ ബി.ആറിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘത്മെത്തി കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ ഡോൾഫിനെ കരയ്‌ക്കെത്തിച്ചു. തുടർന്ന് വനം വകുപ്പിന്റെ ഡോക്ടർ സിബി.വി.ജിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ഡോൾഫിന്റെ ആമാശയത്തിൽ നിന്നും പ്ലാസ്റ്റിക് വല കണ്ടെടുത്തു.

ആമാശത്തിൽ നിന്നും വല നിറഞ്ഞതിനാൽ രണ്ട് ദിവസമായി ആഹാരം കഴിക്കാനാകാതെ അവശനായിരുന്ന ഡോൾഫിൻ വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ‌്‌തു. 2.2 മീറ്റർ നീളവും 70 കിലോ ഭാരവുമുണ്ട്. സാധാരണ ഉൾക്കടലിൽ മാത്രമേ സ്ട്രിപ്പിഡ് ഡോൾഫിനെ കാണാറുള്ളു. തീര അവശനായാകാം കൊല്ലം തീരത്ത് എത്തിയതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു.